UPDATES

ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 14%; ഇന്ത്യ പാകിസ്താനും അഫ്ഗാനിസ്ഥാനും പിന്നില്‍

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കാനഡയിലുമെല്ലാം ഇതിനകം തന്നെ മൂന്നിലൊന്ന് പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

പതിനേഴാം ലോകസഭയിലേക്ക് എത്തുക 78 വനിതാ അംഗങ്ങളാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വനിതാ അംഗങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. മുന്‍ സഭയില്‍ 11 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യമെങ്കില്‍ ഇത്തവണയത് 14 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആദ്യത്തെ ലോകസഭയില്‍ 5 ശതമാനമായിരുന്നു സ്ത്രീ പ്രാതിനിധ്യം. 1952ല്‍ 24 സ്ത്രീകളാണ് സഭയിലുണ്ടായിരുന്നുത്. അവിടെ നിന്നും 14 ശതമാനത്തിലേക്ക് ഉയര്‍ന്നതിനെ വളര്‍ച്ചയായി കാണാമെങ്കിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ പാര്‍ലമെന്റുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ സ്ഥിതി ഏറെ ദയനീയമാണ്.

ദക്ഷിണേഷ്യയുടെ മാത്രം സ്ഥിതി പരിശോധിച്ചാലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഗണ്യമായ തോതില്‍ കുറവാണെന്നു കാണാം. ദക്ഷിണേഷ്യയുടെ മൊത്തം സ്ത്രീപ്രാതിനിധ്യ തോത് 18 ശതമാനമാണ്. ഇന്ത്യയുടേതിനെക്കാള്‍ 4 ശതമാനം കൂടുതല്‍.

പതിനേഴാം ലോകസഭയിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് പറഞ്ഞയയ്ക്കുന്നത് 11 സ്ത്രീപ്രതിനിധികളെയാണ്. ഇത്തവണ ഏറ്റവും കൂടുതല്‍ സ്ത്രീ പ്രതിനിധികളെ ലോകസഭയിലേക്ക് മത്സരിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. തങ്ങളുടെ ആകെ സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം പേരും സ്ത്രീകളായിരുന്നു. 17 സ്ത്രീ സ്ഥാനാര്‍ത്ഥികളില്‍ 9 പേര്‍ വിജയിച്ചു.

ഒഡീഷയാണ് സ്ത്രീ പ്രതിനിധികള്‍ കൂടുതലുള്ള മറ്റൊരു സംസ്ഥാനം. ഇവിടെ നിന്ന് ഏഴ് സ്ത്രീകള്‍ പാര്‍ലമെന്റിലേക്കെത്തും. ബിജു ജനതാദള്‍ ഏഴ് സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികലെ നിര്‍ത്തിയതില്‍ 5 പേര്‍ വിജയിച്ചു. ബിജെപി രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിച്ചിട്ടുണ്ട്.

ഏറ്റവും അസന്തുലിതമായ സ്ത്രീ-പുരുഷ അനുപാതമുള്ള ഹരിയാനയില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ച് പാര്‍ലമെന്റിലെത്തുന്നത്. സംസ്ഥാനത്തു നിന്നും ലേകസഭയിലേക്കെത്തുന്ന ആറാമത്തെ വനിതയാണ് ഇവരെന്നതും ശ്രദ്ധേയമായ കാര്യമാണ്.

സ്ത്രീ-പുരുഷ സൂചികകളില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്ക്കുന്ന കേരളത്തിലെ സ്ഥിതി പക്ഷെ ദയനീയമാണ്. സീറ്റുകള്‍ യുഡിഎഫ് ഏതാണ്ടൊരു തൂത്തുവാരല്‍ നടത്തിയപ്പോഴും വനിതാ പ്രാതിനിധ്യം വളരെ കുറവാണ്. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള രമ്യ ഹരിദാസ് മാത്രമാണ് വിജയിച്ച ഏക വനിതാ സ്ഥാനാര്‍ത്ഥി. വിവിധ പാര്‍ട്ടികള്‍ മത്സരിപ്പിച്ച സ്ത്രീകളുടെ എണ്ണവും ഏറെ കുറവാണ്.

യുപിഎ സര്‍ക്കാരുകളുടെ കാലത്തും പിന്നീടു വന്ന എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും പാല്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യ ബില്‍ പാസ്സാക്കിയെടുക്കാന്‍ സാധിച്ചിരുന്നില്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കാനഡയിലുമെല്ലാം ഇതിനകം തന്നെ മൂന്നിലൊന്ന് പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്. റുവാണ്ടയില്‍ 61 ശതമാനമാണ് പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം. ക്യൂബയിലും ബൊളീവിയയിലും ഇത് 53 ശതമാനമാണ്. മെക്സിക്കോയില്‍ പാര്‍ലമെന്റില്‍ 48 ശതമാനവും സ്ത്രീകളാണ്. ഇന്ത്യ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ അയല്‍രാജ്യങ്ങളെക്കാള്‍ പിന്നിലാണ് സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍