UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യു വധത്തിൽ കൈവെട്ട് കേസ് പ്രതിക്കും പങ്ക്; സ്ത്രീകളെ ചോദ്യം ചെയ്യരുതെന്ന ഹരജി തള്ളി

അന്വേഷണം തടസ്സപ്പെടുത്താൻ എസ്ഡിപിഐ ശ്രമിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു.

അഭിമന്യു വധത്തിൽ കൈവെട്ട് കേസിൽ പ്രതിയായിരുന്ന മനാഫിന് പങ്കുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. കൈവെട്ട് കേസിൽ പതിമൂന്നാം പ്രതിയാണ് മനാഫ്. ഇയാൾ അഭിമന്യൂവിനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പ്രധാന പ്രതിയാണ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീർ ആണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

മനാഫും ഷമീറും ഒളിവിലാണുള്ളത്. അന്വേഷണം തടസ്സപ്പെടുത്താൻ എസ്ഡിപിഐ ശ്രമിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു.

ചോദ്യപേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന് വ്യാഖ്യാനിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ് മനാഫ്. കൈവെട്ട് കേസിൽ വിധി പറഞ്ഞ ദിവസം കോടതിയിലെത്തിയ എസ്ഡിപിഐ പ്രവർത്തകരെ അന്നത്തെ വീഡിയോ ദൃശ്യങ്ങൾ വഴി തിരിച്ചറിയാനുള്ള ശ്രമം നടത്താന്‍ പൊലീസ് ഒരുങ്ങുകയാണ്. കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന കെഎ. നജീബ്, എംകെ. നാസര്‍ എന്നിവരെ സന്ദർശിക്കാനെത്തുന്നവരെ നിരീക്ഷിക്കാനും പൊലീസ് തയ്യാറെടുത്തിട്ടുണ്ട്. ഇതിനായി പത്ര-ദൃശ്യമാധ്യമങ്ങളുടെയും എൻഐഎയുടെയും സഹായം പൊലീസ് തേടും.

അതെസമയം, അഭിമന്യു വധക്കേസിൽ സ്ത്രീകളെ ചോദ്യം ചെയ്യാൻ പൊലീസിനെ അനുവദിക്കരുതെന്ന എസ്ഡിപിഐയുടെ ഹരജി കോടതി തള്ളി. അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകരുടെ ഭാര്യമാർ ഉൾപ്പെടെയുള്ളവരുടെ ബന്ധുക്കളാണ് വേട്ടയാടൽ ആരോപിച്ച് കോടതിയെ സമീപിച്ചത്.

ഭാര്യമാരുടെ ഫോണിൽ നിന്നാണ് കേസിലെ പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയത്. ഇക്കാരണത്താൽ ഭാര്യമാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടതായി വരുമെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍