UPDATES

ഇന്ത്യ

മൂന്ന് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചെന്നൈയില്‍; സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കമെന്ന് അഭ്യൂഹം

സഖ്യകക്ഷി എംഎല്‍എമാരെ വോട്ടെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നതായി കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.

മൂന്ന് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചെന്നൈയിലെത്തിയത് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിമത നീക്കങ്ങളുടെ ഭാഗമെന്ന് അഭ്യൂഹമുള്ളതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് എംഎല്‍എമാര്‍ ചെന്നൈയിലെത്തിയത്. ഹൊസൂര്‍ എംഎല്‍എ എംടിബി നാഗരാജ്, ചിക്കബെല്ലാപൂര്‍ എംഎല്‍എ കെ സുധാകര്‍, മുല്‍ബാഗല്‍ എംഎല്‍എ എച്ച് നാഗേഷ് (കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രന്‍) എന്നിവരാണ് ഈ മൂന്ന് പേര്‍. ഇവര്‍ ഇന്ന് മുംബൈയിലെത്തുമെന്നാണ് അഭ്യൂഹം. കര്‍ണാടകയിലെ 10 ഭരണപക്ഷ എംഎല്‍എമാര്‍ മുംബൈയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ തങ്ങുന്നതായും എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ലെന്നും ഡെക്കാണ്‍ ഹെറാള്‍ഡ് പറയുന്നു.

മന്ത്രി സ്ഥാനം കിട്ടാത്തതില്‍ പല കോണ്‍ഗ്രസ് എംഎല്‍എമാരും അതൃപ്തരാണ്. ഇത് വിമത നീക്കത്തിലേയ്ക്ക് നയിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി നീക്കം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ബിജെപിയുടെ ഉദ്ദേശം നടക്കാന്‍ പോകുന്നില്ലെന്നും കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

അതേസമയം തങ്ങള്‍ മൂന്ന് പേരും ക്ഷേത്രദര്‍ശനത്തിനാണ് ചെന്നൈയിലെത്തിയതെന്നും പാര്‍ട്ടിയോട് വ്യക്തമായ കൂറുള്ള തങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു ഉദ്ദേശവുമില്ലെന്നും എംഎല്‍എമാരിലൊരാളായ സുധാകര്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു. ഹീരേകേരൂര്‍ എംഎല്‍എ ബിസി പാട്ടീല്‍ അടക്കമുള്ളവര്‍ നേതൃത്വവുമായി സംഘര്‍ഷത്തിലാണ്. താന്‍ മുംബൈയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പാട്ടീല്‍ തള്ളിക്കളഞ്ഞു. ആരാണ് ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നറിയില്ലെന്നും മണ്ഡലത്തില്‍ തന്നെയുണ്ടെന്നും പാട്ടീല്‍ പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വവുമായി സംഘര്‍ഷത്തിലുള്ള ബെല്ലാരി ജില്ലയിലെ എംഎല്‍എമാര്‍ ബംഗളൂരുവില്‍ യോഗം ചേര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു.

അതേസമയം മൂന്ന് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ 25ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളും ജയിക്കുക എന്നത് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പ്രധാനമാണ്. എംഎല്‍മാരുടെ ഇലക്ടറല്‍ കോളേജ് ആണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളെ (എംഎല്‍സി) തിരഞ്ഞെടുക്കുന്നത്. ഒരു സീറ്റ് ജയിക്കാന്‍ വേണ്ടത് 112 വോട്ട്. നിലവില്‍ നിയമസഭയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനുള്ളത് 117 സീറ്റുകള്‍. 104 സീറ്റുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി. സഖ്യകക്ഷി എംഎല്‍എമാരെ വോട്ടെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നതായി കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യമാണെന്നും ബിജെപിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ പ്രതികരിച്ചു. സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറയ്ക്കാനാണ് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും യെദിയൂരപ്പ അഭിപ്രായപ്പെട്ടു.

കഴുകന്‍മാര്‍ റാകി പറക്കുന്ന ബംഗളൂരുവിലെ ഇൗഗിള്‍ടണ്‍ റിസോര്‍ട്ട്

പുതിയ ‘ചാണക്യ’ന് മുന്‍പില്‍ അമിത് ഷായ്ക്കിത് രണ്ടാം തോല്‍വി; കര്‍ണ്ണാടക ഇനി ഡി കെ റിപ്പബ്ലിക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍