UPDATES

ഇന്ത്യന്‍ ജനാധിപത്യത്തിലെ മൂന്ന് അമ്മമാര്‍

മൂന്നു മക്കളില്‍ രണ്ടു പേര്‍ തിരികെ വീടുകളിലേക്ക് വന്നത് മൃതശരീരങ്ങളായാണ്, ഒരാളെ ഇന്നും കാണാനില്ല.

ഒരമ്മ, ദളിത് ജീവിതത്തിന്റെ യാതനകളോട് എങ്ങനെ ധൈര്യമായി പൊരുതണമെന്നും സ്വപ്നം കാണണമെന്നും തന്റെ മകനെ പഠിപ്പിച്ചു. മറ്റൊരമ്മ, സാമ്പത്തിക പ്രയാസങ്ങളോ മറ്റ് കാര്യങ്ങളോ വകവയ്ക്കാതെ മകനെ രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ അയച്ചു, ഇനിയൊരമ്മ, മകന്റെ ഏതു ചെറിയ നോട്ടം പോലും ലോകം കീഴടക്കിയതുപോലെയായിരുന്നു.

ഈ മൂന്ന് അമ്മമാരും തങ്ങളുടെ മക്കളെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ കണ്ടവരായിരുന്നു, അവര്‍ മക്കളെ ഈ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒരു മടിയൂം കൂടാതെ അയച്ചു. അവരെ മികച്ച വ്യക്തികളാക്കി വാര്‍ത്തെടുക്കാന്‍.

എന്നാല്‍ രണ്ടു പേര്‍ തിരികെ വീടുകളിലേക്ക് വന്നത് മൃതശരീരങ്ങളായാണ്, ഒരാളെ ഇന്നും കാണാനില്ല.

ഈ മൂന്ന് അമ്മമാരുടേയും -രോഹിത് വെമൂലയുടെ, നജീബിന്റെ, ജിഷ്ണുവിന്റെ- ജീവിതം നമ്മുടെ ഈ കാലഘട്ടത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ്. ഒപ്പം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നമ്മള്‍ വിളിക്കുന്ന ഇന്ത്യയിലെ യാഥാര്‍ത്ഥ്യവും. അത് ബി.ജെ.പിയെക്കുറിച്ചോ സി.പി.എമ്മിനെക്കുറിച്ചോ മാത്രമല്ല, മറിച്ച് നാം സൃഷ്ടിച്ചിട്ടുള്ള ഈ സമൂഹം, ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ഇവയെക്കുറിച്ചൊക്കെയുള്ളതാണ്.

ഒരു കാര്യം നമുക്ക് മനസിലായി: ദു:ഖിതയായ ഒരമ്മ നീതി തേടി പോലീസ് തലവന്റെ ഗേറ്റിനു മുന്നിലെത്തിയാല്‍ അവര്‍ പുറത്തേക്ക് വലിച്ചിഴയ്ക്കപ്പെടും. ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച കാറുകളില്‍ ഇരിക്കുന്നവര്‍ക്ക് മാത്രം പ്രാപ്യമായിട്ടുള്ള സ്ഥലമാണ് അത്.

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും അതിനി, രോഹിത് വെമൂലയുടെ അമ്മയയായാലും നജീബിന്റെ അമ്മയായാലും കാര്യങ്ങള്‍ വ്യത്യസ്തമൊന്നുമല്ല. അവര്‍ കസ്റ്റഡിയിലെടുക്കപ്പെടും, അപമാനിക്കപ്പെടും, നീതി തേടി അവര്‍ സമീപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ തന്നെ അവരുടെ അന്തസിനെ കീറി മുറിക്കും.

വെമൂലയുടെ കാര്യത്തില്‍, അദ്ദേഹം, ഒരു ദളിത് അല്ല എന്നു തെളിയിക്കാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. ദളിത് ആണെങ്കില്‍ പീഡിപ്പിക്കപ്പെടുന്നതിനും ആത്മഹത്യ ചെയ്യുന്നതിനും അര്‍ഹനാണ് എന്നാണോ? അതോ ദളിത് അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ അര്‍ഹനല്ല എന്നാണോ? എന്തായിരുന്നു രോഹിത് വെമൂലയുടെ ദളിത് അസ്തിത്വത്തെ ചോദ്യം ചെയ്തതിലൂടെ നേടിയെടുക്കാന്‍ ശ്രമിച്ചത്?

നജീബിന്റെ കാര്യത്തില്‍, ടൈംസ് ഓഫ് ഇന്ത്യയുടെ ഉദാരമായ സഹായത്തോടെ ചെയ്തത് നജീബ് ഇന്റര്‍നെറ്റില്‍ സ്ഥിരമായി തിരഞ്ഞു കൊണ്ടിരുന്നത് ഇസ്ലാമിക് സ്‌റ്റേറ്റിനെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു എന്ന അഭ്യുഹം പടര്‍ത്തുകയായിരുന്നു. അതിന്റെ ബാക്കിയായി ഉണ്ടായ കാര്യങ്ങള്‍: നജീബ് ഇപ്പോള്‍ സിറിയയിലെ യുദ്ധക്കളങ്ങളില്‍ പോരാടുകയാവും എന്ന പ്രചരണം കൊണ്ട് സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ പേജുകളും ഫേസ് ബുക്ക് പേജുകളും നിറഞ്ഞു. എങ്ങനെയാണ് നജീബിന്റെ കാര്യത്തില്‍ ഇത് സംഭവിച്ചത്? അതായത്, എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്ന ഒരു മുസ്ലീം നാമധാരി എത്തിച്ചേരാനുള്ള ഒരേ ഒരിടം ഭീകരവാദമാണ് എന്നുറപ്പിക്കുക.

ജിഷ്ണുവിന്റെ കാര്യത്തിലോ? അദ്ദേഹത്തിന്റെ അമ്മ നാടകം കളിക്കുന്നു, സര്‍ക്കാരിയേും പാര്‍ട്ടിയേയും തകര്‍ക്കാന്‍ കൂട്ടു നില്‍ക്കുന്നു, മറ്റുള്ളവരുടെ ഉപകരണമായി മാറുന്നു എന്ന് നിര്‍ലജ്ജം പ്രചരിപ്പിച്ചു കൊണ്ടിരിക്കുക. അപ്പോഴും, മകന്‍ മരിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും എങ്ങനെയാണ്, എന്തിനാണ് അതെന്ന് അറിയാനുള്ള അവകാശമെങ്കിലും ചോദിക്കുന്ന അമ്മയാണ് ഒരു വിഭാഗത്തിന്റെ കണ്ണില്‍ കുഴപ്പക്കാരി. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ എന്ന് പോലീസ് കേസെടുത്തിട്ടുള്ളവര്‍ നിയമത്തില്‍ നിന്ന് വഴിമാറി നടക്കുന്നതില്‍ ഇവര്‍ക്കാര്‍ക്കും യാതൊരു ഉത്കണ്ഠയുമില്ല. അതില്‍ പ്രതിഷേധിക്കുന്നവരുടെ യോഗ്യത അളക്കലാണ് തങ്ങളുടെ മുഖം രക്ഷിക്കാന്‍ നല്ലതെന്ന എളുപ്പവഴി. അതുകൊണ്ടാണ് പോലീസിന്റെ നടപടി സ്വാഭാവിക നടപടിക്രമം ആണെന്ന് മുഖ്യമന്ത്രിക്കും പോലീസ് തലവനും ഒരേ ഭാഷ കൈവരുന്നതും പ്രതിഷേധിച്ചവര്‍ കോണ്‍ഗ്രസിനും ആര്‍എസ്എസിനു വേണ്ടി ചെയ്തതാണെന്ന് സംസ്ഥാനത്തെ ഒരു മന്ത്രിക്കും പറയേണ്ടി വരുന്നത്.

കഥകളുടെയെല്ലാം നരേറ്റീവ് ഒരു പോലെയാണ്. അതേത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും തങ്ങളുടെ അധികാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍ നിന്ന് അനുകമ്പ എന്നത് മൂഴുവനായി ഇല്ലാതാക്കുക, അതുവഴി യുവത്വത്തിന്റെ സ്വപ്നങ്ങളെ മുഴുവന്‍ തല്ലിത്തകര്‍ക്കുക എന്നതാണ് സംഭവിക്കുന്നത്. ഒരു വിഭാഗം നീതി നിഷേധത്തിനെതിരെ പൊരുതുകയും പോലീസിന്റെയും രാഷ്ട്രീയ ഗുണ്ടകളുടേയും അതിക്രമത്തിന് ഇരയാവുകയും ചെയ്യുമ്പോള്‍ മറ്റൊരു വിഭാഗം തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ കുഴലൂത്തുകാരായി ഭാവി കരുപ്പിടിപ്പിക്കുന്ന തിരക്കിലാവും.

അത്തരമൊരു രാജ്യത്ത് ഭരണകൂടത്തിന്റെ ഏറ്റവും വലിയ കൈയാളാണ് പോലീസ് എന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍. അതിന്റെ നിയമവിരുദ്ധ മുഖമായ വിജിലാന്റെ ഗ്രൂപ്പുകള്‍, അതിപ്പോള്‍ പശുവിന്റെ പേരിലായാലും ആദര്‍ശത്തിന്റെ പേരിലായാലും, ഒക്കെ ചെയ്യുന്നത് ഒരേ കാര്യമാണ്. ജനങ്ങളെ ഭീതിപ്പെടുത്തുക. അതുവഴിയുണ്ടാകുന്ന അനുസരണയിലൂടെ ചോദ്യം ചെയ്യപ്പെടാത്ത ഭരണകൂടം എന്ന പ്രതീതിയുണ്ടാക്കുക.

അത്തരമൊരു രാജ്യത്തെ ക്യാമ്പസുകള്‍ സര്‍ഗശേഷി വറ്റിപ്പോയ ഒരു രാഷ്ട്രീയ യുദ്ധക്കളമായി മാറും. അവിടെ വാഗ്വാദങ്ങള്‍ക്കോ തര്‍ക്കങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഭിന്നാഭിപ്രായങ്ങള്‍ക്കോ ഇടമുണ്ടാകില്ല. അത്തരം ക്യാമ്പസുകളില്‍ നിങ്ങളുടെ മക്കള്‍ ആദ്യം തിരയുന്നത് ഒരു കക്ഷ്ണം കയറാണ് എന്നതാണ് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം. കാരണം, ഉന്നത വിദ്യാഭ്യാസ മേഖല കൊള്ളക്കൊടുക്കലിനും അടിച്ചമര്‍ത്തലിനും വിഡ്ഢിത്തങ്ങളും കൊണ്ട് നിറയുമ്പോള്‍ ഏറെ സ്വപ്നങ്ങളുള്ള നമ്മുടെ യുവതലമുറയ്ക്ക് പോകാന്‍ ഇടമില്ല. അവര്‍ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കുമൊക്ക മാറിപ്പോകുന്ന തരത്തില്‍ ഭീതിദമായ ഒരു ലോകത്താണ് നമ്മള്‍ ജീവിച്ചിരിക്കുന്നത് എന്നതിന് ഇനി എന്തു തെളിവാണ് വേണ്ടത്?

അത്തരമൊരു ഇന്ത്യയില്‍ രോഹിതോ, ജിഷ്ണുവോ ഒക്കെ തങ്ങളുടെ അസ്തിത്വം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടും. ഏതു ഭക്ഷണം കഴിക്കണം, എന്തു വസ്ത്രം ധരിക്കണം, ആര്‍ക്കൊക്കെ ഒപ്പം അടുത്തിരിക്കാം അല്ലെങ്കില്‍ സദാചാരത്തിന്റെ മാനദണ്ഡങ്ങള്‍… ഇവയൊക്കെയായിരിക്കും അവര്‍ക്ക് ചുറ്റും നടക്കുന്ന ചര്‍ച്ചകള്‍, വാദങ്ങള്‍.

അവരൊരിക്കലും ഉന്നതിയുള്ള മനസുകളെക്കുറിച്ച്, മനുഷ്യന്റെ സ്വപ്നങ്ങളെ കുറിച്ച്, ശാസ്ത്രത്തെക്കുറിച്ച്, മാനവികതയെക്കുറിച്ച്, സാഹിത്യം, സിനിമ ഒന്നും… ഒന്നിനെക്കുറിച്ചുമുള്ള കാര്യങ്ങള്‍ക്ക് തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ സ്‌പേസ് ഇല്ലാതായി പോകുന്നത് അറിഞ്ഞവരാണ്. അതുകൊണ്ടു തന്നെയായിരിക്കാം ക്രിമിനലുകളും വിവരദോഷികളും നിറഞ്ഞിരിക്കുന്ന അത്തരമൊരു സമൂഹത്തില്‍ നിന്ന് അവര്‍ എന്നെന്നേക്കുമായി കടന്നുപോയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍