UPDATES

ട്രെന്‍ഡിങ്ങ്

ഇവര്‍ക്ക് ജാതിസമവാക്യങ്ങളെ മാറ്റാനാകും; ഈ മൂന്ന് യുവാക്കള്‍ ഗുജറാത്തിന്റെ വിധി നിര്‍ണയിക്കും

പാട്ടിദാര്‍ സമുദായവുമായും ഒബിസി വിഭാഗങ്ങളുമായും ഞങ്ങള്‍ക്ക് നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ത്ല്‍ക്കാലം ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജെപിയെ ഗുജറാത്തില്‍ വിറപ്പിച്ചുകൊണ്ടിരിക്കുന്നത് മൂന്ന് യുവ നേതാക്കളാണ് – പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ക്ഷത്രിയ (ഒബിസി) നേതാവ് അല്‍പേഷ് ഥാക്കര്‍ എന്നിവര്‍. ഇവര്‍ മൂന്ന് പേരെ എങ്ങനെ നേരിടാം, ഇവരുടെ സ്വാധീനം എങ്ങനെ കുറക്കാം എന്ന കാര്യത്തില്‍ ബിജെപിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി (പിഎഎഎസ്) കണ്‍വീനറാണ് ഹാര്‍ദിക് പട്ടേല്‍, രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ കണ്‍വീനറാണ് ജിഗ്നേഷ് മേവാനി, അല്‍പേഷ് ഥാക്കര്‍ ക്ഷത്രിയ ഥാക്കര്‍ സേന കണ്‍വീനര്‍. ഇതില്‍ ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയുടെ തങ്ങളുടെ ബിജെപിവിരുദ്ധ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അല്‍പേഷ് ഥാക്കര്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ടെങ്കിലും ബിജെപി വിരുദ്ധത പൂര്‍ണമായും വ്യക്തമാക്കിയിട്ടില്ല. ഒബിസി വോട്ട് ഗുജറാത്തില്‍ നിര്‍ണായകമാണ്. മൊത്തം ജനസംഖ്യയുടെ 51 ശതമാനം ഒബിസിക്കാരാണ്. ആകെയുള്ള 182 നിയമസഭാ സീറ്റുകളില്‍ 110ലും ഇത് കാര്യമായ സ്വാധീനമുണ്ടാക്കും.

പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം ലഭിക്കുംവരെ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നാണ് ഹാര്‍ദിക് പട്ടേല്‍ പറയുന്നത്. അതേസമയം പാട്ടിദാര്‍ ആന്ദോളന്‍ സമിതി പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസുമായി അടുപ്പം കാണിക്കുന്നുണ്ട്. ബിജെപിക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്യുന്നു. പാട്ടിദാര്‍ നേതാക്കന്മാര്‍ക്കെതിരെ സമരത്തിന്റെ ഭാഗമായെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായെങ്കില്‍ സംവരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പട്ടേല്‍മാര്‍.

ജിഗ്നേഷ് മേവാനിക്ക് കുറച്ചുകൂടി വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ബിജെപി ആര്‍എസ്എസിന്റെ കക്ഷിരാഷ്ട്രീയ വിഭാഗമാണെന്ന് ജിഗ്നേഷ് മേവാനി ചൂണ്ടിക്കാട്ടുന്നു. ഒരു ജനാധിപത്യ, സോഷ്യലിസ്റ്റ്, മതനിരപേക്ഷ റിപ്പബ്ലിക്ക് എന്ന് ഭരണഘടന വിഭാവനം ചെയ്യുന്നതിനെ അട്ടിമറിക്കാനുള്ള ഏതൊരു ശ്രമത്തേയും എതിര്‍ക്കുമെന്ന് മേവാനി വ്യക്തമാക്കുന്നു. ദളിത് – മുസ്ലീം ഐക്യം ശക്തമായി തുടരും. സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലെങ്കിലും ഇത് ശക്തമായി പ്രതിഫലിക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

ഭൂരാഹിത്യം – മേവാനി നമ്മോട് പറയുന്നത്

ഗുജറാത്തില്‍ ദളിത് പ്രാതിനിധ്യം മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനമേ ഉള്ളൂ എന്നതുകൊണ്ട് പ്രാധാന്യം കുറച്ച് കാണരുതെന്നും മേവാനി പറഞ്ഞു. പാട്ടിദാര്‍ സമുദായവുമായി ഒബിസി വിഭാഗങ്ങളുമായും ഞങ്ങള്‍ക്ക് നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ത്ല്‍ക്കാലം ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി.

അതേസമയം പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം നല്‍കുന്നതില്‍ നിലവിലെ ഒബിസി വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ദളിതര്‍ക്കെതിരായ കടുത്ത വിവേചനങ്ങളുടേയും അതിക്രമങ്ങളുടേയും പേരില്‍ മറ്റെല്ലാ സമുദായങ്ങളുമായും ദളിത് വിഭാഗങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെടുക്കുന്ന നിലപാടടക്കം ഭാവി കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമാക്കാന്‍ ക്ഷത്രിയ ഥാക്കര്‍ സേനയുടേയും ഒബിസി, എസ് സി, എസ് ടി എകത മഞ്ചിന്റേയും കണ്‍വീനറായ അല്‍പേഷ് ഥാക്കര്‍ തയ്യാറല്ല. ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് അല്‍പേഷ് ഥാക്കര്‍. 2016 ജനുവരിയില്‍ ഒരു സംസ്ഥാന വ്യാപക ലഹരി വിമുക്ത പ്രചാരണം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ അനധികൃതമായി മദ്യം കടത്തുന്ന കേന്ദ്രങ്ങളും ചൂതാട്ട കേന്ദ്രങ്ങളും വ്യാപകമായി റെയ്ഡ് ചെയ്യപ്പെട്ടു.

ഒക്ടോബര്‍ 23ന് ഗാന്ധിനഗറില്‍ സംഘടിപ്പിക്കുന്ന ജനദേശ് സമ്മേളനില്‍ ഭാവി രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുമെന്നാണ് അല്‍പേഷ് ഥാക്കര്‍ പറയുന്നത്. പാട്ടിദാര്‍, ദളിത് വിഭാഗങ്ങളുമായി പല കാര്യങ്ങളിലും അഭിപ്രായഭിന്നതകളുണ്ടെങ്കിലും ഗുജറാത്തികള്‍ എന്ന നിലയില്‍ സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും എന്നാണ് അല്‍പേഷ് ഥാക്കറും വ്യക്തമാക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ്; മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ വിധി നിര്‍ണ്ണയിക്കും, അമിത് ഷായുടെയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍