UPDATES

സയന്‍സ്/ടെക്നോളജി

കോടതി ഉത്തരവ്‌: ടിക്‌ടോക് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു

കേസിൽ ഇനിയും തുടർവാദങ്ങൾ നടക്കും. ഏപ്രിൽ 24നാണ് അടുത്ത വാദം കേൾക്കൽ.

ലോകപ്രശസ്തമായ വീഡിയോ ആപ്ലിക്കേഷൻ ടിക്‌ടോക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പ്ലേസ്റ്റോറിന്റെ ഈ നടപടി. ഈ ആപ്ലിക്കേഷന്റെ ഡൗൺലോഡ് നിരോധിക്കാനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതോടെ ടിക്ടോക്കിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നിലെ പ്രവർത്തനം അനിശ്ചിതത്വത്തിലായി.

ടിക്ടോക് ആപ്ലിക്കേഷൻ പോർണോഗ്രഫി പ്രോത്സാഹിപ്പിച്ചെന്നും കുട്ടികളെ ലൈംഗിക ചൂഷണത്തിലേക്ക് വഴിനടത്തിയെന്നുമുള്ള ആരോപണമാണ് കോടതി പരിശോധിച്ചത്. ഇതിന്മേൽ മദ്രാസ് ഹൈക്കോടതി കമ്പനിയുടെ വിശദീകരണം ആരായുകയും ചെയ്തിരുന്നു. ടിക്ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്.

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ടെങ്കിലും ആപ്പിൾ പ്ലാറ്റ്ഫോമിൽ ലഭ്യമാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആപ്പ് നീക്കം ചെയ്യാത്തതു സംബന്ധിച്ച് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതെസമയം രാജ്യത്തെ നിയമവ്യവസ്ഥയെ മാനിക്കുമെന്ന് ഗൂഗിൾ പ്ലേസ്റ്റോർ വ്യക്തമാക്കി.

ഇന്ത്യയിൽ മാത്രം 240 ദശലക്ഷം ഡൗൺലോഡുള്ള ആപ്ലിക്കേഷനാണ് ടിക്ടോക്. അപകടകരമായ ചലഞ്ചുകളും മറ്റും നിറഞ്ഞ ഈ ആപ്ലിക്കേഷൻ തുടക്കം മുതൽക്കേ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് ടെക്നോളജിയാണ് ഈ ആപ്പിന്റെ ഉടമ.

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബൈറ്റ്ഡാൻസ് സുപ്രീംകോടതിയെ സമീീപിച്ചിരുന്നു. എന്നാൽ കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുകയാണ് സുപ്രീംകോടതി ചെയ്തത്. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യ നിയമങ്ങൾക്ക് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്നായിരുന്നു ബൈറ്റ്ഡാൻസിന്റെ നിലപാട്.

കേസിൽ ഇനിയും തുടർവാദങ്ങൾ നടക്കും. ഏപ്രിൽ 24നാണ് അടുത്ത വാദം കേൾക്കൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍