UPDATES

ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ സോഷ്യല്‍ മീഡിയ വിലക്കുകള്‍ എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്

മോദിയുടെ ബഹിഷ്‌കരണത്തിനു ശേഷം ടൈംസ് ഗ്രൂപ്പ് തങ്ങള്‍ക്കൊരു നട്ടെല്ലുള്ളതായി പോലും തോന്നിപ്പിക്കാത്ത രീതിയിലാണ് പിന്നീടുണ്ടായിട്ടുള്ള മാറ്റങ്ങള്‍ – എഡിറ്റോറിയല്‍

A good newspaper, I suppose, is a nation talking to itself ― Arthur Miller; എന്നാല്‍ ഇന്ത്യയിലെ വമ്പന്‍ മാധ്യമ സ്ഥാപനങ്ങള്‍ പരിഗണിക്കുന്ന ഏക കാര്യം തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങള്‍ മാത്രമാണ്. ഏതു വിധത്തിലും ലാഭമുണ്ടാക്കുക, അധികാരി വര്‍ഗത്തെ ഒരു വിധത്തിലും പിണക്കാതിരിക്കുക, വാര്‍ത്തകള്‍ അത്ര അത്യാവശ്യമെങ്കില്‍ മാത്രം ചെയ്യുക. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ ചുണ്ടിക്കാണിക്കാന്‍ സാധിക്കും.

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിഷ്‌കരിച്ചത് ഈയടുത്താണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് തങ്ങളുടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയിരിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ നയം മുകളില്‍ പറഞ്ഞ കാര്യത്തിന്റെ ഒരു ഭാഗമാണ്.

ടൈംസിനു വേണ്ടി ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ വായടയ്ക്കണം എന്നു തന്നെയാണ് ടൈംസ് ഗ്രൂപ്പ് പുറത്തിറക്കിയിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടി പറഞ്ഞിരിക്കുന്നത്. സാമൂഹിക വിഷയങ്ങളെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ ഒന്നും അവര്‍ യാതൊരു വിധത്തിലുള്ള അഭിപ്രായവും പ്രകടിപ്പിക്കേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ ടൈംസ് ഗ്രൂപ്പിന്റെ ഔദ്യോഗിക ട്വീറ്റുകള്‍ എന്താണോ അത് റീട്വീറ്റ് ചെയ്താല്‍ മാത്രം മതി എന്നാണ് നിര്‍ദേശം.

അതുമാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ സ്വന്തം സ്‌റ്റോറിയോ സഹപ്രവര്‍ത്തകരുടെ സ്‌റ്റോറിയോ ടൈംസ് ഗ്രൂപ്പ്, ടൈംസ് നെറ്റ്‌വര്‍ക്ക് ട്വീറ്റ് ചെയ്തിട്ടില്ല എങ്കില്‍ തങ്ങളൂടെ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്ന് റീട്വീറ്റ് ചെയ്യാന്‍ പാടില്ല. ഗ്രൂപ്പില്‍ നിന്നുള്ള ട്വീറ്റുകള്‍ മാത്രമേ സ്വന്തം സ്‌റ്റോറികള്‍ പ്രൊമോട്ട് ചെയ്യാനും ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

രാഷ്ട്രീയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് തടഞ്ഞു കൊണ്ടുള്ളതാണ് ഉത്തരവ്. അതായത്, കമ്പനി പ്രകടിപ്പിക്കുന്ന അഭിപ്രായം മാത്രമേ ഇത്തരം വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിക്കാന്‍ പാടുള്ളൂ.

ഉത്തരവിന്റെ പശ്ചാത്തലം
ആഗോള തലത്തില്‍ തന്നെ മാധ്യമ സ്ഥാപനങ്ങളൊന്നും തന്നെ സോഷ്യല്‍ മീഡിയ സംബന്ധിച്ച് ഒരു നയം രൂപപ്പെടുത്തിയിട്ടില്ല. പലര്‍ക്കും ഇതില്‍ തെറ്റു സംഭവിച്ചിട്ടുമുണ്ട്. എന്നാല്‍ 2014-ല്‍ ടൈംസ് ഗ്രൂപ്പ് ഇത്തരത്തിലൊരു സോഷ്യല്‍ മീഡിയ നയം കൊണ്ടു വന്നിരുന്നു. അതായത്, തങ്ങളുടെ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ട്വിറ്റര്‍, ഫേസ് ബുക്ക് അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡ് കമ്പനിക്ക് കൈമാറണമെന്നതായിരുന്നു അത്. ഇതുവഴി കമ്പനിക്കും ഇതില്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യാമെന്നുമായിരുന്നു ന്യായം.

എന്നാല്‍ ടൈംസ് ഗ്രൂപ്പിന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പുകളുമായി നോക്കിയാല്‍ സോഷ്യല്‍ മീഡിയ വിഷയത്തില്‍ ഈ ഉത്തരവ് വലിയ സംഭവമല്ല.

ടൈംസ് ഗ്രൂപ്പിന്റെ ഭാഗമായുള്ള ഇകണോമിക് ടൈംസ് ദിനപത്രം കഴിഞ്ഞ മാര്‍ച്ച് 27-നു സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണം ആകേണ്ടിയിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മാത്രമല്ല, മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍, ആന്ധ്ര മുഖ്യമന്ത്രി, കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന പല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയുടെ അവസാന സമയം ഇതില്‍ നിന്നു പിന്മാറുകയായിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍, അപ്രതീക്ഷിത സംഭവവികാസങ്ങള്‍ എന്നൊക്കെയല്ലാതെ ഈ ബഹിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാരോ ടൈംസ് ഗ്രൂപ്പോ ഇതുവരെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പുറത്തുവന്ന വിവരങ്ങള്‍ മറ്റൊന്നായിരുന്നു: ബി.ജെ.പിയുടെ ഭാഗത്തു നിന്നുള്ള ശക്തമായ വിരട്ടല്‍ തന്നെയായിരുന്നു ഇതിനു പിന്നില്‍.

ഒരു മാധ്യമ വെബ്‌സൈറ്റ് പുറത്തുവിട്ടതനുസരിച്ച് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ടൈംസ് ഗ്രൂപ്പിനോടുള്ള അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു ഈ നടപടിയിലൂടെ എന്നാണ്. നോട്ട് നിരോധനം സംബന്ധിച്ച് ടൈംസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിനീത് ജയിനിന്റെ ട്വീറ്റ് മുതല്‍ മോദി സര്‍ക്കാരിനെതിരെ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന കാര്‍ട്ടൂണും മോദിയെ കളിയാക്കിക്കൊണ്ടുള്ള റേഡിയോ മിര്‍ച്ചിയിലെ പരിപാടിയും ഇതില്‍ ഉള്‍പ്പെടും.

ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റിലെ വിവരങ്ങളനുസരിച്ച്, മോദി പരിപാടിക്കെത്തില്ല എന്നറിഞ്ഞതോടെ വിനീത് ജയിന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ പോയിരുന്നു എന്നാണ്. ഈ കൂടിക്കാഴ്ചയില്‍ വച്ച് അമിത് ഷാ ടൈംസ് ഗ്രൂപ്പിന്റെ പല നടപടികളോടും അസന്തുഷ്ടി പ്രകടിപ്പിച്ചുവെന്നും സന്യാസിമാര്‍ ഇന്ത്യ ഭരിക്കാന്‍ തുടങ്ങുന്നതു സംബന്ധിച്ച് ഇകണോമിക് ടൈംസ് പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍, റേഡിയോ മിര്‍ച്ചിയുടെ കോമഡി പരിപാടിയായ ‘മിത്രാം’, ഒപ്പം, ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ടൈംസ് ഗ്രൂപ്പ് കൈക്കൊണ്ട പക്ഷപാതിത്വവുമൊക്കെ ഷായുടെ ഇഷ്ടക്കേടിന് വിധേയമായി എന്നാണ് വിവരം.

ഗ്രേറ്റര്‍ നോയ്ഡയില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ ടൈംസ് ഗ്രൂപ്പിന്റെ ബെന്നറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ 45 ഏക്കര്‍ സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിക്ക് അനുകൂലമായി ഗ്രൂപ്പ് നിന്നുവെന്നും അമിത് ഷാ കൂടിക്കാഴ്ചയ്ക്കിടെ വിനീത് ജയിനിനോട് വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും മോദിയുടെ ബഹിഷ്‌കരണത്തിനു ശേഷം ടൈംസ് ഗ്രൂപ്പ് തങ്ങള്‍ക്കൊരു നട്ടെല്ലുള്ളതായി പോലും തോന്നിപ്പിക്കാത്ത രീതിയിലാണ് പിന്നീടുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എന്നാണ് വിവിധ നടപടികള്‍ തെളിയിക്കുന്നത്.

ഗ്രൂപ്പിന്റെ രണ്ടു ദിനപത്രങ്ങളും, ടൈംസ് ഓഫ് ഇന്ത്യയും ഇകണോമിക് ടൈംസും മോദിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും അങ്ങേയറ്റം അനുകൂലമായ രീതിയിലാണ് കവറേജ് നല്‍കിക്കൊണ്ടിരിക്കുന്നത്. അവരുടെ ഏറ്റവും പ്രധാന ജേര്‍ണലിസ്റ്റുകളിലൊരാളായ രോഹിണി സിംഗിന് വളരെ സജീവമായി നിലനിര്‍ത്തിയിരുന്ന തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിയും വന്നു. പ്രധാനമന്ത്രിയെ കളിയാക്കിക്കൊണ്ടുള്ള തങ്ങളുടെ പ്രശസ്ത ഷോയായ മിത്രോം റേഡിയോ മിര്‍ച്ചി അവസാനിപ്പിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍