UPDATES

#NotInMyName പ്രതിഷേധത്തിനു പാകിസ്ഥാന്‍ ബന്ധം; ടൈംസ് നൗ ചാനലിന്റെ മറ്റൊരു നുണപ്രചാരണം കൂടി പൊളിഞ്ഞു

ഒരു പ്രതിഷേധം എന്ന നിലയില്‍ ടൈംസ് നൗ, സീ ന്യൂസ്, റിപ്പബ്ലിക്ക് എന്നീ ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി ‘എന്റെ പേരില്‍ വേണ്ട’ പരിപാടിയുടെ സംഘാടകരില്‍ ഒരാളായ സാബ ദിവാന്‍

കപടദേശസ്‌നേഹവും കറകളഞ്ഞ മോദി ഭക്തിയും പ്രകടിപ്പിക്കുന്നതിനായി വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ ടൈംസ് നൗ ചാനല്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണ പരമ്പരയില്‍ മറ്റൊന്നു കൂടി പൊളിഞ്ഞു. ഏഴ് വര്‍ഷം മുമ്പ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രം വച്ചുകൊണ്ട് കാസര്‍ഗോഡിനെ കേരളത്തിലെ ഗാസ എന്ന് വിശേഷിപ്പിച്ച് ചര്‍ച്ച സംഘടിപ്പിച്ച ചാനലിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് രാഹുല്‍ ശിവശങ്കര്‍ തന്നെയാണ് മറ്റൊരു മാധ്യമ ക്രിമിനല്‍വത്ക്കരണത്തിന്റെ ഉദാഹരണവുമായി കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പശുവിന്റെ പേരിലും മറ്റും രാജ്യത്ത് ജനക്കൂട്ടം സാധാരണ മനുഷ്യരെ തല്ലിക്കൊല്ലുന്നതിനെതിരെ രാജ്യത്തെമ്പാടും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത് നടത്തിയ #NotInMyName പരിപാടിയാണ് ഇത്തവണ ടൈംസ് നൗവിന്റെ വിദ്വേഷ പ്രചാരണത്തിന് ഇരയായിരിക്കുന്നത്.

‘എന്റെ പേരില്‍ വേണ്ട’ പരിപാടിയുടെ സംഘാടകര്‍ പാകിസ്ഥാനിലുള്ള ചിലരുമായി ബന്ധപ്പെടുകയും കറാച്ചിയില്‍ പരിപാടി നടത്താന്‍ ആലോചിക്കുകയും ചെയ്യുന്നുവെന്നാണ് ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ രാഹുല്‍ ശിവശങ്കര്‍ ആക്രോശിച്ചത്. ഇന്ത്യയെ പാകിസ്ഥാന്‍ മണ്ണില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും ഈ മാധ്യമവിശാരദന്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരേ പാകിസ്ഥാനിലെ കറാച്ചിയില്‍ ജൂലൈ ഒന്നിന് NotOnPakSoil എന്ന പേരില്‍ പരിപാടി നടത്താന്‍ ആലോചിക്കുന്നുവെന്നാണ് രാഹുല്‍ തട്ടിവിട്ടത്.

ഒരു ഫേസ്ബുക്ക് പേജ് കാണിച്ചുകൊണ്ടാണ് രാഹുല്‍ ശിവശങ്കര്‍ വ്യാജപ്രചാരണം ആരംഭിച്ചത്. ‘കറാച്ചിക്കാരേ, നമുക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് അതിന് ഇരയായവര്‍ക്ക് നമുക്ക് പിന്തുണ നല്‍കാന്‍ സാധിക്കുമോ?’ എന്ന് ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ചാനലില്‍ കാണിച്ചത്. ഇത് ഇന്ത്യയെ പാകിസ്ഥാന്‍ മണ്ണില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് രാഹുല്‍ തീര്‍ച്ചപ്പെടുത്തി. #NotinMyName പരിപാടിയുടെ സംഘാടകരില്‍ ഒരാളായ അഥീബ (പേര് യഥാര്‍ത്ഥമല്ല) എന്ന യുവതിയുടെ ഫേസ്ബുക്ക് പേജാണെന്നും മനുഷ്യത്വത്തിന് അതിര്‍ത്തികള്‍ ഇല്ലെന്ന് അവര്‍ തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നതായും രാഹുല്‍ ചര്‍ച്ചയ്ക്ക് ആമുഖമായി പറഞ്ഞു. ഇന്ത്യയില്‍ എമ്പാടും ലോകത്തിന്റെ ചില ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധത്തോടൊപ്പം കറാച്ചിയിലും ഇതിനെതിരെ പ്രതിഷേധം നടത്തണമെന്നും യുവതി ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തുവെന്നാണ് ജൂണ്‍ 27ന് പ്രക്ഷേപണം ചെയ്ത പരിപാടിയില്‍ രാഹുല്‍ അവകാശപ്പെട്ടത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടിയുടെ വീഡിയോയും ട്വീറ്റും പതിവുപോല ടൈംസ് നൗ പിന്‍വലിച്ചു. എന്നാല്‍ ആള്‍ട്ട് ന്യൂസ് ഇതിന്റെ കള്ളി വെളിച്ചത്താക്കുകയും ഒരു സര്‍ക്കാരിനെ താങ്ങുന്നതിന് വേണ്ടി ഒരു മാധ്യമത്തിനും അതിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും എത്രമേല്‍ തരംതാഴാം എന്ന് കാണിച്ചു തരികയും ചെയ്യുന്നു. കറാച്ചി പരിപാടിയുടെ ഫേസ്ബുക്ക് പേജ് ആള്‍ട്ട് ന്യൂസ് പരിശോധിക്കുകയായിരുന്നു. രാഹുല്‍ ശിവശങ്കര്‍ ഉദ്ധരിച്ച കറാച്ചിക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വാചകങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ ഉള്ളതാണ്. ഇന്ത്യയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചവര്‍ക്കാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. കറാച്ചിക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശം ഇട്ടിരിക്കുന്നത് കറാച്ചിയില്‍ നിന്നുള്ള ഒരു വ്യക്തിയാണ്. അവരുടെ ഉദ്ദേശം മറ്റൊന്നും.

ആ ഫേസ്ബുക്ക് കുറിപ്പില്‍ തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ: ‘പാകിസ്ഥാന്‍ പോലുള്ള ഒരു രാജ്യത്ത് ജനക്കൂട്ട അക്രമണങ്ങള്‍ ഒരു പുതിയ സംഭവമല്ല. മസാല്‍ ഖാന്റെ കാര്യത്തിലെന്ന പോലെ മതനിന്ദ നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ട് അഹമ്മദികള്‍ക്കെതിരെ അമുസ്ലീങ്ങള്‍ക്കെതിരെയും ഇത്തരം ആക്രമണങ്ങള്‍ സര്‍വസാധാരണമാണ്. അതിനാല്‍, ജൂലൈ ഒന്നിന് കറാച്ചി പ്രസ് ക്ലബിന് പുറത്തുവച്ച് വച്ച് പാകിസ്ഥാനിലെ ജനക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഇത് നമ്മുടെ പേരിലല്ല (Not In Our Name) എന്ന് നമുക്ക് ഉറക്കെ പറയാം.’ അതായത് പാകിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയാണ് അവര്‍ പ്രതികരിക്കുന്നതെന്ന് വ്യക്തം. അതിന് ഇന്ത്യയെ അപമാനിക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നും അതിലും വ്യക്തം. പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തകയും കലാകാരിയും ചലച്ചിത്രകാരിയുമായ ബീന സര്‍വാര്‍ പരിപാടിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഇട്ടിരിക്കുന്ന പോസ്റ്റ് ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ജുനൈദിന്റെ കൊലയില്‍ മാത്രമല്ല പാകിസ്ഥാനില്‍ മസാല്‍ ഖാനെ കൊന്നതിനെതിരെയും പ്രതിഷേധിക്കണമെന്ന് അവര്‍ ഷെയര്‍ ചെയ്ത ഒരു കുറിപ്പില്‍ വ്യക്തമാക്കുന്നു.

തങ്ങള്‍ക്ക് താല്‍പര്യമുള്ള വിവരങ്ങള്‍ മാത്രം എടുത്തുകൊണ്ട് കപട ദേശഭക്തി വ്യാപിപ്പിക്കാനാണ് ടൈംസ് നൗവും റിപ്പബ്ലിക് ചാനലും ഒക്കെ ശ്രമിക്കുന്നത്. പാകിസ്ഥാനില്‍ അഹമ്മദികള്‍ക്കെതിരെയും ക്രിസ്ത്യാനികള്‍ക്കെതിരെയും ഹിന്ദുക്കള്‍ക്കെതിരെയും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കാനാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന ഫേസ്ബുക്ക് കുറിപ്പിലെ പ്രധാന ഭാഗം രാഹുല്‍ ശിവശങ്കര്‍ തന്റെ ദുഷ്ടലാക്കിന് വേണ്ടി ബോധപൂര്‍വം മറച്ചുവെക്കുകയായിരുന്നു. കറാച്ചിയുമായുള്ള ബന്ധം ഞങ്ങള്‍ പുറത്തുകൊണ്ടുവന്നു എന്നാണ് മാധ്യമപ്രവര്‍ത്തകന്റെ കുപ്പായമിട്ടുകൊണ്ട് അയാള്‍ ചാനലില്‍ ആക്രോശിച്ചത്.

"</p

അഥീബ എന്ന വ്യക്തി ഒരു പാകിസ്ഥാനി വിദ്യാര്‍ത്ഥിയാണ്. ടൈംസ് നൗവിന് തന്നെ നല്‍കിയ ഒരഭിമുഖത്തില്‍ പാകിസ്ഥാനില്‍ ഇത്തരം മനുഷ്യാവകാശധ്വംസനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ടെന്നും അതിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും അഥീബ വ്യക്തമാക്കിയിട്ടുണ്ട്. ഈ വീഡിയോയും ടൈംസ് നൗ ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു എന്ന് ടൈംസ് നൗ ആരോപിക്കുന്ന ഇന്ത്യയില്‍ ‘എന്റെ പേരില്‍ വേണ്ട’ പരിപാടിയുടെ സംഘാടകരില്‍ ഒരാളായ രാഹുല്‍ റോയിയെയും ആള്‍ട്ട് ന്യൂസ് ബന്ധപ്പെട്ടു. അഥീബ ഫേസ്ബുക്കില്‍ തന്നെ ബന്ധപ്പെടുകയും തന്റെ പോസ്റ്റ് ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി റോയി പറഞ്ഞു. പ്രതിഷേധങ്ങള്‍ സംബന്ധിച്ച പോസ്റ്റുകള്‍ താന്‍ സാധാരണ ഷെയര്‍ ചെയ്യാറുള്ളതാണെന്നും അഥീബയുടെ പോസ്റ്റും താന്‍ ഷെയര്‍ ചെയ്തുവെന്നും രാഹുല്‍ റോയി വിശദീകരിച്ചുു.

ഒരു പ്രതിഷേധം എന്ന നിലയില്‍ ടൈംസ് നൗ, സീ ന്യൂസ്, റിപ്പബ്ലിക്ക് എന്നീ ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി ‘എന്റെ പേരില്‍ വേണ്ട’ പരിപാടിയുടെ സംഘാടകരില്‍ ഒരാളായ സാബ ദിവാന്‍ അറിയിച്ചു. വിദ്വേഷം ഉണ്ടാക്കാനും കലാപം അഴിച്ചുവിടാനുമാണ് ഈ ചാനലുകള്‍ ശ്രമിക്കുന്നതെന്നും അതിനാലാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും സാബ പറഞ്ഞു. ഏതായാലും ടൈംസ് നൗവിന്റെയും മറ്റും വ്യാജ കഥാനിര്‍മ്മാണം ഇനിയും തുടരുമെന്ന് വേണം കരുതാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍