UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷായുടെ സ്വത്തില്‍ 300% വര്‍ധനവ്, സ്മൃതി ഇറാനിക്ക് ബിരുദമില്ല: രണ്ടുവാര്‍ത്തയും ടൈംസ് മുക്കി

മാധ്യമസ്ഥാപനങ്ങള്‍ക്കു മേല്‍ വര്‍ധിച്ചു വരുന്ന ഭരണകൂട ഇടപെടലിന്റെ ഭാഗമാണ് ഇതെന്നും വിമര്‍ശനം

മാധ്യമ സ്ഥാപനങ്ങളിലെ സംഘപരിവാര്‍ ഭരണം തുടരുന്നതിന്റെ പുതിയ തെളിവുകള്‍ പുറത്തുവരുന്നു. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആസ്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുന്നൂറ് ശതമാനം കണ്ട് വര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷന്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്ത മണിക്കൂറുകള്‍ക്കിടയില്‍ അവരുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ ഇതിന്റെ കാരണം വിശദീകരിക്കാനോ വാര്‍ത്ത പിന്‍വലിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ പത്രത്തിന്റെ എഡിറ്റര്‍മാരാരും തയ്യാറായിട്ടില്ല.

2012-ല്‍ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരുന്ന ആസ്തികളില്‍ നിന്നും 2017ല്‍ എത്തുമ്പോള്‍ അമിത് ഷായുടെ സ്വത്തില്‍ മൂന്നൂറ് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികയോടൊപ്പം അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തയാണ് ടൈംസ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ടെക്‌സ്റ്റൈല്‍സ്, വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ഇതുവരെ ബിരുദം നേടിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ കാര്യവും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു.

സ്മൃതി ഇറാനിയുടെ ബിരുദം സംബന്ധിച്ച് മുമ്പും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വര്‍ത്ത മുക്കിയ വിവരം പുറത്തുകൊണ്ടുവന്ന thewire.in ചൂണ്ടിക്കാണിക്കുന്നുണ്ട്. 2014ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും 1994ല്‍ ബികോം ബിരുദം നേടിയെന്നാണ് അവര്‍ വിദ്യാഭ്യാസ യോഗ്യത കോളത്തില്‍ രേഖപ്പെടുത്തിയിരുന്നത്. 2011ല്‍ രാജ്യസഭയിലേക്ക് മത്സരിക്കുമ്പോഴും ഈ വിവരമാണ് അവര്‍ നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 2004ല്‍ ന്യൂഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിഎ ബിരുദം നേടിയെന്നായിരുന്നു അവര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന ഇറാനി നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് താന്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ്.

അമിത് ഷായുടെ സ്വത്തിന്റെയും സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുടെയും വിവരങ്ങള്‍ അടങ്ങുന്ന വാര്‍ത്ത ടൈംസിന്റെ സഹോദരസ്ഥാപനങ്ങളായ നവഭാരത് ടൈംസ്, എക്കണോമിക് ടൈംസ് എന്നീ പത്രങ്ങളിലും നല്‍കിയിരുന്നെങ്കിലും അവയെല്ലാം പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാര്‍ത്ത പിന്‍വലിച്ചത് സംബന്ധിച്ച് ഒരു വിവരവും അറിയില്ലെന്നാണ് thewire.in ബന്ധപ്പെട്ടപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റര്‍മാര്‍ പറഞ്ഞത്. ടൈംസിന്റെ ഉടമകളായ ബെനറ്റ് ആന്റ് കോള്‍മാന്റെ ഉന്നതര്‍ക്ക് അയച്ച മെയിലിനും മറുപടി ലഭ്യമായില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ അമിത് ഷായുടെ ആസ്തികളില്‍ 300 ശതമാനമാണ് വര്‍ധനവ്‌. 2012-ല്‍ സ്ഥാവര, ജംഗമ വസ്തുക്കളടക്കമുള്ള സ്വത്ത്‌ 8.54 കോടി രൂപയാണെങ്കില്‍ ഇപ്പോഴത് 34.31 കോടി രൂപയാണ്. ടൈംസ് വാര്‍ത്ത പിന്‍വലിച്ചത് പുറത്തുനിന്നുള്ള സമ്മര്‍ദങ്ങളുടെ ഫലമായാണ് എന്നാണ് സൂചന. ഡിഎന്‍എ പത്രത്തില്‍ ജൂലൈ 29ന് പ്രസിദ്ധീകരിച്ച സമാനമായ വാര്‍ത്തയും അവരുടെ വെബ്‌സൈറ്റില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. എന്നാല്‍ ഡിഎന്‍എയുടെ ഇ-പേപ്പറില്‍ ഈ വാര്‍ത്ത ഇപ്പോഴും ലഭ്യമാണ്. ഇതാദ്യമായല്ല ടൈംസ് ഓഫ് ഇന്ത്യ അവരുടെ വായനക്കാരെ അറിയിക്കാതെ വാര്‍ത്തകള്‍ പിന്‍വലിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ വളരെ പിറകിലാണ് എന്ന വാര്‍ത്ത മേയില്‍ ടൈംസിന്റെയും എക്കണോമിക് ടൈംസിന്റെയും ഓണ്‍ലൈന്‍ എഡിഷനുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു.

ശനിയാഴ്ച അമിത് ഷായുടെ സ്വത്തിനെ സംബന്ധിച്ച് ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച വാര്‍ത്ത എഎപി നേതാവ് അശുതോഷ് ട്വീറ്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത ഇപ്പോഴും മൊബൈല്‍ ഫോണുകളില്‍ ഗൂഗിള്‍ വഴി ലഭ്യമാണെങ്കിലും ഔട്ട്‌ലുക്കിന്റെ ഔദ്യോഗിക സൈറ്റില്‍ പേജ് എറര്‍ ആണ് കാണിക്കുന്നത്. ഔട്ട്‌ലുക്കും വാര്‍ത്ത പിന്‍വലിച്ചതാണോ എന്ന് വ്യക്തമല്ല. അമിത് ഷായുടെ സത്യവാങ്മൂലം ഇതുവരെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് സാധാരണ ഇത് ഔദ്യോഗികമായി അപ്ലോഡ് ചെയ്യുന്നത്.

സ്മൃതി ഇറാനിയുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു അഴിമതി പരാതിയും പിന്നീട് അവര്‍ മുക്കി. എംപിമാരുടെ വികസനഫണ്ടുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ തിരിമറിയുമായി ബന്ധപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയെ കുറിച്ചുള്ള വാര്‍ത്ത ജൂലൈ 27നാണ് പ്രസിദ്ധീകരിച്ചത്. ഈ വാര്‍ത്ത ടൈംസിന്റെ ഓണ്‍ലൈനില്‍ ഇപ്പോഴും ഉണ്ടെങ്കിലും അവരുടെ സാമൂഹ്യമാധ്യമ പ്രചാരങ്ങളില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് കഴിഞ്ഞ ആഴ്ച ഒരു ലേഖനം മുക്കിയത് വിവാദമായിരുന്നു. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പരാജയങ്ങള്‍ അക്കമിട്ട് നിരത്തുന്ന പ്രമുഖ കോളമിസ്റ്റ് സുശീല്‍ ആരോണിന്റെ ലേഖനമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പിന്‍വലിച്ചത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ലേഖനം അവര്‍ പുനഃസ്ഥാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍