UPDATES

ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ തൃണമൂൽ തൂത്തുവാരിയതിനു പിന്നിൽ ഈശ്വരചന്ദ്ര വിദ്യാസാഗർ

ബംഗാളി ദേശീയതാ വികാരം ആളിക്കത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടെന്ന് സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ മയ്ദുൽ ഇസ്ലാം പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആൾ‌ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് നേടിയത് 22 സീറ്റുകളാണ്. 18 സീറ്റുകളിൽ ബിജെപി ജയിച്ചു. രണ്ട് സീറ്റ് കോൺഗ്രസ്സിനും ലഭിച്ചു. പശ്ചിമ ബംഗാളിൽ ഏഴാംഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ഒമ്പതെണ്ണവും തൂത്തുവാരിയതോടെയാണ് ബിജെപിയെക്കാൾ നാല് സീറ്റ് കൂടുതൽ നേടാൻ തൃണമൂലിന് വഴിയൊരുക്കിയത്. വോട്ടെടുപ്പിന്റെ മുൻ ഘട്ടങ്ങളിൽ ബിജെപി അനുകൂലമായി നിലനിന്നിരുന്ന വികാരം അവസാന ഘട്ടത്തിൽ മാറിമറിയാൻ കാരണമായത് മെയ് 14ന് നടന്ന സംഭവമാണ്.

മെയ് 14നായിരുന്നു അമിത് ഷായുടെ തെരഞ്ഞെടുപ്പു റാലി. കൊൽക്കത്ത നഗരത്തെ ത്രസിപ്പിക്കുന്നതായിരുന്നു അന്നത്തെ ആൾക്കൂട്ടം. തൃണമൂലിനെയും, സംസ്ഥാനത്തിനു പുറത്തുള്ള ബിജെപി വിരുദ്ധ കക്ഷികളെയും വിറപ്പിക്കുന്നതായിരുന്നു റാലിയിലെ ജനപങ്കാളിത്തം. എന്നാൽ ഈ ജനപങ്കാളിത്തത്തെ വോട്ടർമാരെ സ്വാധീനിക്കുന്ന ഒന്നാക്കി മാറ്റാൻ ബിജെപിക്ക് സാധിച്ചില്ല. അന്നേദിവസം ബിജെപി പ്രവർത്തകർ റാലിക്കിടെ ഒരു കോളജിലേക്ക് അതിക്രമിച്ചു കയറി ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തിരുന്നു. ഇത് തങ്ങൾക്ക് അനുകൂലമായി ചാഞ്ഞു നിന്നിരുന്ന വോട്ടുകളെ പിൽവലിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകരും നേതാക്കളും പറയുന്നത്. ഇതേ കാര്യം തൃണമൂൽ പ്രവർത്തകരും അംഗീകരിക്കുന്നുണ്ട്. തങ്ങൾക്ക് അനുകൂലമായ ഒരു വൈകാരിക പരിസരം രൂപപ്പെട്ടു വരാൻ ഈ സംഭവം കാരണമായെന്ന് തൃണമൂൽ പ്രവർത്തകർ പറയുന്നു.

വിദ്യാസാഗർ പ്രതിമ തകർത്തത് ബിജെപി പ്രവർത്തകരല്ലെന്ന് അമിത് ഷാ വാർത്താസമ്മേളനം വിളിച്ച് അവകാശപ്പെടുകയുണ്ടായി. തകർക്കപ്പെട്ട പ്രതിമയ്ക്കു പകരം വലിപ്പം കൂടിയ ഒരു പ്രതിമ തങ്ങൾ നിർമിച്ചു നൽകുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. എന്നാൽ, പുറത്തു നിന്നുള്ളവരുടെ പണം വാങ്ങി വിദ്യാസാഗറിന്റെ പ്രതിമ നിർമിക്കേണ്ട ഗതികേട് കൊല്‍ക്കത്തക്കില്ലെന്നായിരുന്നു മമത ബാനർജിയുടെ മറുപടി.

മെയ് 19ന് നടന്ന അവസാനഘട്ട വോട്ടെടുപ്പിൽ ദംദം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും 1 ലക്ഷത്തിനും 3 ലക്ഷത്തിനുമിടയിൽ മാർജിനോടെയാണ് ത‍ൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ജയിച്ചുകയറിയത്. ‌

“ബംഗാളികളുടെ വൈകാരികതയെ വ്രണപ്പെടുത്തിയ സംഭവമായിരുന്നു വിദ്യാസാഗർ പ്രതിമ തകര്‍ക്കൽ. അവസാനനിമിഷത്തിൽ ബംഗാളികൾ നേരെ തിരിഞ്ഞു. ബംഗാളിന്റെ അഭിമാനപ്രശ്നത്തിനായി പിന്നീട് അവരുടെ വോട്ട്,” -ഗോൽബഗാനിൽ നിന്നുള്ള ഒരു ബിജെപി പ്രവർത്തകൻ പറയുന്നു.

ബംഗ്ലാദേശിൽ നിന്നും അഭയാര്‍ത്ഥിയായി വളരെക്കാലം മുമ്പ് ബംഗാളിലെത്തിയ 75കാരനായ രാജേന്ദ്രബോസും ഇതുതന്നെയാണ് പറയുന്നത്. താൻ ബിജെപിക്ക് തന്നെയാണ് വോട്ട് ചെയ്തതെങ്കിലും അവസാനനിമിഷത്തിൽ എല്ലാവരുടെയും വികാരം ബിജെപിക്ക് എതിരായി മാറിയിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമ തകർക്കൽ സംഭവം നടന്നിരുന്നില്ലെങ്കിലും കൂടുതൽ പേർ‌ ബിജെപിക്ക് വോട്ട് ചെയ്തേനെയെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗം നേതാവായ ‘ടിഎംസി ഛത്ര പരിഷദ്’ ജില്ലാ പ്രസിഡണ്ടായ രൂപാലി ദേയ്‌യും സമാനമായ അഭിപ്രായമുള്ളയാളാണ്. വിദ്യാസാഗർ പ്രതിമ തകർത്തതിനു പിന്നാലെ വലിയ ജനപിന്തുണ തൃണമൂലിനുണ്ടായി. ഈ സംഭവത്തിനു ശേഷം ലേക് ടൗണിൽ തങ്ങൾ ഒരു പ്രകടനം സംഘടിപ്പിച്ചപ്പോൾ നഗരത്തിലെ പ്രൊഫഷണൽസ് അടക്കമുള്ളവരുടെ പിന്തുണ ലഭിക്കുകയുണ്ടായി. സ്വാധീനിക്കാന്‍ പറ്റാത്ത വോട്ടുകളാണ് പ്രൊഫഷണല്‍സിന്റേത്. അവർ പ്രകടനത്തിന് വന്നതിനു കാരണം തങ്ങളുടെ മിടുക്കു കൊണ്ടല്ലെന്നും വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് അവരെ വേദനിപ്പിച്ചതു കൊണ്ടാണെന്നും രൂപാലി വിശദീകരിക്കുന്നു.

ബംഗാളി ദേശീയതാ വികാരം ആളിക്കത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടെന്ന് സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ മയ്ദുൽ ഇസ്ലാം പറയുന്നു. ഇതാണ് അവസാനനിമിഷം തൃണമൂലിന് ഗുണം ചെയ്തത്.

അതെസമയം ബിജെപിയുടെ പശ്ചിമബംഗാൾ വക്താവായ ശമിക് ഭട്ടാചാര്യ പറയുന്ന കാര്യം മറ്റൊന്നാണ്. ബംഗാളിൽ രണ്ടുതരം വോട്ടുകളാണുള്ളത്. ഒന്ന് മമത അനുകൂല വോട്ട്. രണ്ട് മമത വിരുദ്ധ വോട്ട്. അത്തരമൊരു സ്ഥലത്തു വന്ന് ‘ജയ് ശ്രീരാം’ എന്ന് വിളിച്ചതു കൊണ്ട് കാര്യമില്ല. ബാരാബസാറിലെ ജനങ്ങൾ ചിന്തിക്കുന്നതു പോലെയാണ് ബംഗാളികൾ ചിന്തിക്കുന്നതെന്ന് കരുതരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊൽക്കത്തയിൽ ഹിന്ദി സംസാരിക്കുന്നവർ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് ബാരാബസാർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍