UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനസംഘ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ചരമദിനം ആചരിച്ച് മമത സർക്കാർ; എതിര്‍പ്പുമായി ബിജെപി

തൃണമൂലിന്റെ നീക്കത്തിനെതിരെ ബിജെപി ജനറൽ സെക്രട്ടറിയും ബംഗാളിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്ര പ്രതിനിധിയുമായ കൈലാഷ് വിജയവർഗിയ രംഗത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ആർഎസ്എസ് സൈദ്ധാന്തികനും ബിജെപിയുടെ ആദ്യ സംഘടനാരൂപമായ ഭാരതീയ ജനസംഘിന്റെ സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖർജിയുടെ ചരമദിനം ആചരിച്ച് തൃണമൂൽ കോൺഗ്രസ്സ്. ഇന്ന് (ജൂൺ 23) സർക്കാർ തലത്തിൽ തന്നെ ദിനാചരണം സംഘടിപ്പിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനർജി ചെയ്തത്. പശ്ചിമബംഗാളിൽ തൃണമൂലിനെ മറികടന്ന് ബിജെപി വളരുന്നുവെന്ന ഭീതിയിലാണ് മമത.

ഹിന്ദുത്വ പ്രത്യയശാസ്ത്രം വേരിൽത്തന്നെ പിടികൂടിയിരിക്കുന്നതായും അതിനെ അത്രപെട്ടെന്ന് നീക്കം ചെയ്യാനാകില്ലെന്നും മമത തിരിച്ചറിഞ്ഞതായാണ് ചില ഉദ്യോഗസ്ഥർ വിലയിരുത്തുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ബംഗാളി സ്വത്വത്തെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരാനുള്ള തങ്ങളുടെ ശ്രമം ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതല്ലെന്ന തിരിച്ചറിവാണിത്. ഇക്കാരണത്താലാണ് ശ്യാമപ്രസാദ് മുഖർജി ആദ്യം ബംഗാളിയാണെന്നും, പിന്നീട് മാത്രമേ ആഘോഷിക്കപ്പെടുന്ന മറ്റെന്തും ആകുന്നുള്ളൂ എന്നും സ്ഥാപിക്കാൻ മമത ശ്രമിക്കുന്നത്.

സർക്കാർ ഔദ്യോഗികമായി സംഘടിപ്പിച്ച പരിപാടിയിൽ ഊർജ്ജമന്ത്രി ശോഭൻ ദേബ് ചതോപാധ്യായയാണ് പങ്കെടുത്ത് പുഷ്പാർച്ചന നടത്തിയത്. ഇദ്ദേഹമാണ് റാഷ്ബേഹരി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഈ മണ്ഡലത്തെ ശ്യാമപ്രസാദ് മുഖർജി നേരത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ആർഎസ്എസ്സിന്റെ ആദ്യകാലത്തെ ഉന്നത നേതാക്കൾക്കെല്ലാം ബംഗാളുമായി അടുത്ത ബന്ധം നിലനിന്നിരുന്നു. ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്ഗേവാർ കൽക്കത്തയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. എംഎസ് ഗോവാൾക്കർ രാമകൃഷ്ണമഠവുമായി ബന്ധം പുലർത്തിയിരുന്നു.

അതെസമയം തൃണമൂലിന്റെ നീക്കത്തിനെതിരെ ബിജെപി ജനറൽ സെക്രട്ടറിയും ബംഗാളിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്ര പ്രതിനിധിയുമായ കൈലാഷ് വിജയവർഗിയ രംഗത്തു വന്നിട്ടുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന അക്രമരാഷ്ട്രീയത്തെ നേരിടാൻ തൃണമൂൽ കോൺഗ്രസ്സ് ശ്യാമപ്രസാദ് മുഖർജിയുടെ പാത പിന്തുടരുകയാണ് വേണ്ടതെന്നും ചരമദിനം ആചരിച്ചതു കൊണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ചരമദിനം ആചരിക്കലും അയാളുടെ ആശയഗതികൾ പിന്തുടരലും രണ്ടും രണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

മമതയുടെ പ്രതികാരരാഷ്ട്രീയത്തിന് ഇരയായി ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് വിജയവർഗിയ ആരോപിച്ചു. മമതയുടെ രാഷ്ട്രീയം രാജ്യത്തെ വിഭജിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍