UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷാ ആവശ്യപ്പെട്ടാലുമില്ലെങ്കിലും അടിമക്കണ്ണായിരിക്കും; ഇത് പന്നീർസെല്‍വത്തിന്‍ പഴക്കം

വിട്ടുവീഴ്ചകൾ മാത്രം ചെയ്തു ശീലിച്ച പന്നീർസെൽവത്തിന്റെ ഏറ്റവും പുതിയ വിട്ടുവീഴ്ച മാത്രമാണ് അമിത് ഷായ്ക്ക് അഭിനന്ദനമറിയിച്ചുള്ള കത്ത്

‘നല്ലവരൈ പോല ചില കള്ളരും ഇരുപ്പാങ്കെ, നമ്പി വരും പാതയിലേ കൊള്ളയും അടിപ്പാങ്കെ’

ജലദൗർലഭ്യം മൂലം കാർഷികവൃത്തി നടക്കാതിരുന്ന പാലൈത്തിണകളിൽ കൊള്ളയും അതിന്റെ ഭാഗമായ മറ്റു കുറ്റകൃത്യങ്ങളും അരങ്ങേറിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ചരിത്രത്തിൽ പൊതുവിൽ മധ്യകാലം എന്ന പേരിൽ വിവക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ നിയമവ്യവസ്ഥയോട് എപ്പോഴും വഴിവെട്ട് നടത്തിയിരുന്ന മറവരെ കീഴ്പ്പെടുത്താൻ പാഞ്ചാലംകുറിച്ചിയിലെ രാജാവായിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മൻ നേരിട്ടിറങ്ങിയതിന്റെ ഐതിഹ്യങ്ങൾ ഇപ്പോഴും തമിഴകത്ത് പ്രസിദ്ധമാണ്. ഇക്കാലത്ത് കൊള്ളയടിച്ച സമ്പത്തു കൊണ്ട് സമാന്തര സാമ്രാജ്യങ്ങൾ മറവർ തീർത്തു. ചില നാടുകൾ ഭരിച്ചിരുന്നതും ഇക്കൂട്ടരായിരുന്നു. സമ്പന്നരായിരുന്നു എന്നതിനാൽ തന്നെ പിൽക്കാലത്ത് ബ്രിട്ടീഷ് അധികാരകേന്ദ്രങ്ങളിലും ഇവരെത്തിപ്പെട്ടു. ബ്രിട്ടീഷ് അധികാരികളുടെ പലതരം അധിനിവേശ തന്ത്രങ്ങളുടെ ഭാഗമായി മറവരെ സൈന്യത്തിലേക്കും റിക്രൂട്ട് ചെയ്തു. കാണെക്കാണെ കൊള്ളയും കൊലയുമെല്ലാം ഉപേക്ഷിച്ച് മുഖ്യധാരാ സമൂഹത്തിലേക്കിറങ്ങാൻ മറവർക്ക് സാധിച്ചു. ഇന്ന് തമിഴകത്തെ ഏറ്റവും പ്രബലരായ രാഷ്ട്രീയ ശക്തികളിലൊന്നാണ് മറവർ.

ജാതിരാഷ്ട്രീയം ഏറെ ശക്തമായ തമിഴകത്ത് മറവരുടെ സ്വാധീനത്തെ തള്ളിക്കളയുക സാധ്യമല്ല. മറവരും കള്ളരും അഗമുടിയാർ എന്നിവരുൾപ്പെടുന്ന തേവർ വിഭാഗത്തിന്റെ ഭരണമാണ് തമിഴ്നാട്ടിൽ ഏറെക്കാലമായി നടന്നുവരുന്നത്. ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോഴും തേവർ ഭരണമാണ് സംസ്ഥാനത്തെമ്പാടും നടന്നിരുന്നത്. ഡിഎംകെയെ അപേക്ഷിച്ച് കുറെക്കൂടി മേൽജാതികളുടെ ആധിപത്യം എഐഎഡിഎംകെയിൽ കൂടും. ഇതിനകത്താണ് ഒ പന്നീർസെൽവം എന്ന തെൻമാവട്ടക്കാരന്‍ തന്റെ സുരക്ഷിതമായ രാഷ്ട്രീയലാവണം കണ്ടെത്തിയത്. മറവർ ജാതിക്കാരനാണ് പന്നീർസെൽവം.

തേനി ജില്ലയിലെ പെരിയകുളം പ്രദേശത്ത് പണമെറിഞ്ഞു കളിച്ച് വളർന്നയാളാണ് പന്നീർസെൽവം. തന്റെ മണ്ഡലത്തിൽ നടക്കുന്ന ജനനത്തിനു മരണത്തിനും ക്ഷണം കിട്ടിയാൽ പന്നീർസെൽവമോ അദ്ദേഹത്തിന്റെ പ്രതിനിധിയോ എത്തിയിരിക്കും. പതിനായിരം രൂപ കലവറിലിട്ട് നൽകും. തേനിയിലെ ജനങ്ങൾക്കിടയിൽ ഇങ്ങനെ വളർത്തിയെടുത്ത ബന്ധം ശക്തമായിത്തന്നെ ഇന്നും ഒപിഎസ്സിന് ഉലയാതെ കാക്കാനാകുന്നുണ്ട്. ഇതിനെല്ലാം അടിത്തറയായത് പന്നീർസെൽവത്തിന്റെ ജാതി തന്നെയാണ്.

‘എത്തനൈ എത്തനൈ ജാതിയിരുക്ക്ത് എണ്ണി മുടിക്കലൈയേ…’

രാഷ്ട്രീയത്തിൽ ഒരിക്കൽപ്പോലും സ്വന്തമായൊരു പ്രത്യയശാസ്ത്ര നിലപാട് പന്നീർസെൽവം സ്വീകരിച്ചതിന് തെളിവുകളില്ല. 1973ൽ ഡിംഎംകെ വിട്ട് എഐഎഡിഎംകെയിൽ ചേർന്നതിനു പിന്നിൽ തേനിയിലെ സാധാരണജനത്തിനിടയിൽ എംജി രാമചന്ദ്രനുണ്ടായിരുന്ന വലിയ പിന്തുണ മാത്രമാണ് കാരണമായിരിക്കുക. കൂടാതെ ഡിഎംകെയിൽ അതൃപ്തരായ മധ്യജാതികളിൽ പെട്ടവര്‍ പൊതുവിൽ എഐഎഡിഎംകെയോട് കാണിച്ച അനുഭാവവും കാരണമായിരിക്കാം. (നിലവിൽ എഐഎഡിഎംകെയുടെ അമ്പതിലധികം ജില്ലാ സെക്രട്ടറിമാരും തേവർ സമുദായങ്ങളിൽ പെട്ടവരാണ്.)

ദ്രാവിഡ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വലിയ വിശ്വാസമോ ധാരണയോ ഇല്ലാതിരുന്നിട്ടും പന്നീർസെൽവത്തിന് വളർച്ചയുണ്ടായതിനു പിന്നിൽ ജയലളിതയുടെ അധീശകാലത്ത് പാർട്ടിക്കകത്ത് വളർന്ന ഏകാധിപത്യമാണ്. അടിമകളിൽ കണ്ണായിരുന്ന പന്നീർസെൽവത്തെ ജയലളിത വിശ്വസ്തരിലൊരാളാക്കി മാറ്റി. ജയലളിതയുടെ അധീശകാലത്തു തന്നെയാണ് പാർട്ടിക്കകത്ത് ദ്രാവിഡ രാഷ്ട്രീയത്തെ മറികടന്നുള്ള ജാതിരാഷ്ട്രീയം ശക്തി പ്രാപിക്കുന്നത്. ശശികലയും എടപ്പാടിയും പന്നീർസെൽവവുമെല്ലാം പാർട്ടിക്കകത്തെ പുതിയ മൂല്യവ്യവസ്ഥയായ ജാതി രാഷ്ട്രീയത്തെയാണ് എന്നും പ്രതിനിധീകരിച്ചത്. (ശശികലയുടെ ഭർത്താവായ നടരാജനെപ്പറ്റി മറിച്ചൊരഭിപ്രായം നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് ശശികലയെന്ന ഐതിഹ്യം ഉണ്ടായിരുന്നതിനാൽ അറ്റകൈക്ക് ശശികലയെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് തമിഴകത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ കാലത്ത് ദ്രാവിഡ രാഷ്ട്രീയക്കാർ പറയാറുണ്ടായിരുന്നു.)

തേവർ ലോബിയിങ്ങിന്റെ സാന്നിധ്യമില്ലാതെ പന്നീർസെൽവം എന്ന പേരിന് യാതൊരു പ്രസക്തിയും തമിഴകത്തില്ല. എടപ്പാടി പളനിസ്വാമിയുടെ കീഴിൽ മിണ്ടാതെ കഴിയുന്ന പന്നീർസെൽ‌വത്തെ സൃഷ്ടിച്ചെടുത്തത് രാഷ്ട്രീയമായി അയാൾക്കുള്ള കാമ്പില്ലായ്മ തന്നെയാണ്. ഒരു ഘട്ടത്തിൽ തമിഴകം മുഴുവൻ തനിക്കു പിന്നിൽ‌ അണിനിരന്നത് തിരിച്ചറിയാൻ പോലും പന്നീർ‌സെൽ‌വത്തിന് കഴിഞ്ഞിരുന്നില്ല. ശശികലയുടെ മന്നാർഗുഡി ടീമിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് തിരിച്ചിറങ്ങിയ ഘട്ടത്തിലാണ് തനിക്ക് ഇത്രയും സ്വീകാര്യത വന്നുപെട്ട വിവരം അയാളറിയുന്നത്. അന്നയാൾ സൃഷ്ടിച്ച രാഷ്ട്രീയ കലാപം തുടർന്നു കൊണ്ടു പോകാനുള്ള വിവേകവും കാണിക്കുകയുണ്ടായില്ല. ഇന്ന് ടിടിവി ദിനകരന് ലഭിക്കുന്ന സ്വീകാര്യത അതിലും കൂടിയ അളവിൽ ലഭിക്കേണ്ടിയിരുന്നത് പന്നീർസെൽവത്തിനാണ്. ഉറച്ച നിലപാടെടുക്കുന്നതിനു മാത്രം ലഭിക്കുന്ന പിന്തുണയാണ് ടിടിവിക്ക് ഇന്നുള്ളത്.

ലോബിയിങ്ങിനപ്പുറത്തുള്ള രാഷ്ട്രീയത്തിന്റെ വിശാലമായ ലോകം അയാളിൽ ഭീതിയുണ്ടാക്കുന്നുണ്ട് എന്നത് സുവ്യക്തമാണ്. രാഷ്ട്രീയത്തിൽ എല്ലാം താൽക്കാലിക സംഭവങ്ങളാണെന്ന ഉറച്ച വിശ്വാസവും പന്നീർസെൽവത്തിനുണ്ട്. വിട്ടുവീഴ്ചകൾ മാത്രം ചെയ്തു ശീലിച്ച പന്നീർസെൽവത്തിന്റെ ഏറ്റവും പുതിയ വിട്ടുവീഴ്ച മാത്രമാണ് അമിത് ഷായ്ക്ക് അഭിനന്ദനമറിയിച്ചുള്ള കത്ത്.

‘എത്തനൈ കാലം താൻ ഏമാത്തുവാർ ഇന്ത നാട്ടിലേ…’

ജയലളിതയുടെ അടിമക്കണ്ണായി പതിറ്റാണ്ടുകളോളം ജീവിച്ചു പരിചയിച്ച പന്നീർസെൽവത്തിന് മറ്റൊരു രാഷ്ട്രീയമറിയില്ല. ശശികലയ്ക്കും അടിമക്കണ്ണായിരുന്നു പന്നീർസെൽവം. ഇപ്പോൾ, ഉപമുഖ്യമന്ത്രിസ്ഥാനം നേടാൻ സഹായിച്ച മോദിയുടെയും അമിത്ഷായുടെയും അടിമക്കണ്ണാണ് അദ്ദേഹം. ബിജെപിക്ക് നൽകുന്ന പിന്തുണകൊണ്ട് ജനങ്ങൾക്കിടയിൽ നിന്ന് യാതൊരു അനുഭാവവും കിട്ടാനില്ലെന്ന് അദ്ദേഹത്തിനറിയാം. ജനങ്ങളുടെ അനുഭാവത്തിൻകീഴിൽ ജീവിച്ചുള്ള പരിചയം പക്ഷെ പന്നീർസെൽവത്തിനില്ല. അടിമക്കണ്ണായി ജീവിക്കുമ്പോൾ ലഭിക്കുന്ന ഏതു പരിഹാസവും അയാൾക്ക് പൂച്ചെണ്ടുകളാണ്. അത് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അടുത്ത തെരഞ്ഞെടുപ്പിൽ തന്റെ സ്വന്തം മണ്ഡലം ചതിക്കില്ലെന്ന് പന്നീർസെൽവത്തിന് ആത്മവിശ്വാസമുണ്ട്. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ എവിടെ, എങ്ങനെ ജീവിക്കുമെന്നതിലാണ് ആശങ്ക. ‘ആള്ക്കാള് നാട്ടാമൈ’ എന്ന അവസ്ഥയാണ് പാർട്ടിയിൽ. അടിമക്കണ്ണായിരിക്കാൻ തനിക്കുള്ള വൈദഗ്ധ്യം അവിടെയും ഉപകാരപ്പെടുമെന്ന് ആത്മവിശ്വാസം കൊള്ളാൻ പന്നീർസെൽവത്തെ അനുവദിക്കാതിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍