UPDATES

ട്രെന്‍ഡിങ്ങ്

ഇസ്ലാമാബാദിൽ നിന്നും ഇന്ത്യയിലേക്ക് കയറില്ല; സൽമാൻ രാജകുമാരൻ സൗദിയിൽ നിന്ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്നത് വൻ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനം

ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. 28 ബില്യൺ ഡോളറിന്റെ വ്യാപാരം ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുണ്ട്.

ഇന്ത്യാ സന്ദർശനത്തിനു തൊട്ടു മുമ്പായി പാകിസ്താനിലെത്തിയ സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സൽമാൻ പരിപാടികൾക്കു ശേഷം സ്വരാജ്യത്തേക്ക് തിരിച്ചുപോയി. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് വരേണ്ടെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കമെന്നാണ് ഉന്നതതലങ്ങളിൽ നിന്നുള്ള സൂചന. സൗദിയിൽ നിന്നാണ് ഇന്ന് രാജകുമാരൻ ഇന്ത്യയിലെത്തുക. ഇതാദ്യമായാണ് കിരീടാവകാശി ഇന്ത്യ സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന നിരവധി നടപടികൾ ഈ സന്ദർശനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. സൗദിയുടെ ഉന്നതാധികാരികള്‍ക്കൊപ്പം വൻ ബിസിനസ്സ് സംഘവും രാജകുമാരനെ ഇന്ത്യയിലേക്ക് അനുഗമിക്കുന്നുണ്ട്.

കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ നാൽപ്പതോളം ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സൗദി രാജകുമാരന്റെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്ന സന്ദർ‌ശനം നടക്കുന്നത്. മൂന്ന് ഏഷ്യൻ രാജ്യങ്ങളിലേക്കാണ് രാജകുമാരന്റെ സന്ദർശനം നിശ്ചയിക്കപ്പെട്ടിരുന്നത്. ഇതിൽ ആദ്യത്തെ സന്ദർശനം പാകിസ്താനിലേക്കായിരുന്നു. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ചൈനയിലേക്കും എന്ന രീതിയിലായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര ഇപ്പോഴത്തെ സാഹചര്യത്തിൽ അസ്വീകാര്യമാണെന്ന് ഇന്ത്യ രാജകുമാരനെ അറിയിക്കുകയായിരുന്നു.

വൻ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് സൽമാൻ രാജകുമാരൻ ഫെബ്രുവരി 17ന് പാകിസ്താനിലെത്തിയത്. പാകിസ്താന്‍ അതിർത്തിയിലെത്തിയ ഘട്ടം മുതൽ പാക് എയർഫോഴ്സിന്റെ യുദ്ധവിമാനങ്ങളുടെ എസ്കോർട്ടോടു കൂടി രാജകുമാരൻ റാവൽപിണ്ടിയിലെത്തി. വിമാനം റാവൽപിണ്ടി മിലിട്ടറി വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ടെത്തി രാജകുമാരനെ സ്വീകരിച്ചു. പിന്നീട് ഒരു മെഴ്സിഡിസ് ബെൻസ് ലിമോസിനിൽ ഇരുവരും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യാത്ര ചെയ്തു. ലിമോസിന് ഷൗഫറെ ഏർപ്പാടാക്കിയിരുന്നില്ല. ഇമ്രാൻ ഖാൻ തന്നെയാണ് വാഹനമോടിച്ചത്.

പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ആക്രമണത്തിനു തൊട്ടു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യനടപടിയായി പാകിസ്താന് നൽകിവന്നിരുന്ന വ്യാപാരസൗഹൃദ രാഷ്ട്രമെന്ന പദവി ഇന്ത്യ നീക്കം ചെയ്തു.

അതെസമയം പാകിസ്താനിൽ വൻ നിക്ഷേപപരിപാടി പ്രഖ്യാപിച്ചാണ് സൗദി രാജകുമാരൻ സ്വരാജ്യത്തേക്ക് തിരിച്ചത്. 20 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പാകിസ്താനിൽ സൗദി നടത്തുക. ഇന്ത്യ മുമ്പോട്ടു വെച്ച പദ്ധതികളോട് ഇത്രയും ഊഷ്മളമായ സമീപനം സൗദിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ സൗദി നടത്താനുദ്ദേശിക്കുന് നിക്ഷേപങ്ങളുടെ സ്വഭാവം പാകിസ്താനിൽ നടത്തുന്നതിൽ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ത്യയിൽ സൗദി നടത്തുന്ന നിക്ഷേപം ഒരുതരത്തിലുമുള്ള ‘സഹായമല്ലെ’ന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. രണ്ട് പരമാധികാര രാജ്യങ്ങൾ തമ്മിലുള്ള പ്രായോഗികമായ ബന്ധമാണ് ഇന്ത്യയും സൗദിയും തമ്മിലുള്ളത്.

മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയെ സൗദി അറേബ്യ കൊല ചെയ്തതിനു ശേഷം പടിഞ്ഞാറൻ നാടുകളിൽ നിന്നുണ്ടായ ശക്തമായ നയതന്ത്ര തിരിച്ചടികളുടെ കൂടി പശ്ടാത്തലത്തിലാണ് രാജകുമാരന്റെ ഏഷ്യൻ സന്ദർശനം നടക്കുന്നത്. ഏഷ്യൻ രാജ്യങ്ങളുമായി വ്യാപാര-നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്നത് സൗദിയുടെ ഇപ്പോഴത്തെ നയമാണ്.

ഇന്ത്യയുമായും ശക്തമായ ബന്ധം സൗദി ആഗ്രഹിക്കുന്നുണ്ട്. സൗദി നൽകുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് കിങ് അബ്ദുൽ അസീസ്’ ലഭിച്ചിട്ടുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാരം, പ്രതിരോധം, പാരമ്പര്യേതര ഊർജം തുടങ്ങിയ നിരവധി മേഖലകളിൽ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. സൗദി എണ്ണക്കമ്പനിയായ അരാംകോ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച ചർച്ചയും ഇതോടൊപ്പം നടക്കും.രാജ്യത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ കമ്പനി നിക്ഷേപം നടത്താൻ തയ്യാറാണ്. കർഷകരുടെ ഏതിർപ്പുകൾ മൂലം ഈ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാണിപ്പോൾ.

ഭീകരതയെ നേരിടുന്നതടക്കമുള്ള വിഷയങ്ങളിൽ സൗദി രാജ്കുമാരനുമായി ചർച്ചകൾ നടക്കും. ഇന്ത്യ-പാക് പ്രശ്നത്തിൽ ഒരു ഇടനിലക്കാരനില്ലെങ്കിലും എക്കാലത്തും സൗദിയുടെ നിലപാടുകൾ സുപ്രധാനമായിരുന്നിട്ടുണ്ട്. തിങ്കളാഴ്ച പാകിസ്താനുമായി ചേർന്ന് സൗദി പുറപ്പെടുവിച്ച പ്രസ്താവനയും ഇതിനിടെ ചർച്ചയിലെത്തുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ‘പട്ടികപ്പെടുത്തൽ വാഴ്ച’ അവസാനിപ്പിക്കണമെന്നായിരുന്നു ഈ പ്രസ്താവന. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിരാശാജനകമാണ് ഇരുരാജ്യങ്ങളുടെയും ഈ നീക്കം. ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ പെടുത്തണമെന്ന് ഇന്ത്യ ആവശ്യം ശക്തമാക്കിയ ഘട്ടത്തിലാണ് ഈ സംയുക്ത പ്രസ്താവന വരുന്നതെന്നത് ശ്രദ്ധേയമാണ്. പുൽവാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത സംഘടനയാണിത്. മസൂദിനെ ഭീകരാനിയ പ്രഖ്യാപിക്കുന്നതിനോട് ചൈനയ്ക്കും എതിർപ്പുണ്ട്. ഇന്ത്യയുടെ നയതന്ത്രപരമായ പാളിച്ചകളും ഈ ഘട്ടത്തിൽ ചർച്ചയാകുന്നുണ്ട്.

ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. 28 ബില്യൺ ഡോളറിന്റെ വ്യാപാരം ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുണ്ട്. ഇന്ത്യയുടെ ഊർജാവശ്യങ്ങള്‍ക്ക് സൗദിയുടെ സഹായം നിർണായകമാണ്. രാജ്യത്തേക്ക് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 20 ശതമാനവും സൗദിയിൽ നിന്നാണ് എത്തുന്നത്. സൗദിയിൽ ഇന്ത്യൻ കോർപ്പറേറ്റുകളുടെ ബിസിനസ്സ് സംരംഭങ്ങളും ധാരാളമാണ്. രാജ്യത്തു നിന്നുള്ള വിദഗ്ധത്തൊഴിലാളികൾ സൗദിയുടെ വളർച്ചയിൽ നിർണായക ഘടകവുമാണ്.

ചൈനയിലേക്കാണ് ഇന്ത്യയിൽ നിന്നും സൽമാൻ രാജകുമാരൻ പിന്നീട് പോവുക. പുരാതനമായ പട്ടുപാതയെ പരിഷ്കരിച്ചെടുക്കാനുള്ള ചൈനയുടെ പദ്ധതിയാണ് ഇത്തവണ ചർച്ചയുടെ കേന്ദ്രമാകുക. ഇതിൽ സൗദിക്ക് വലിയ താൽപര്യങ്ങളുണ്ട്.

ഇന്ത്യയിലേക്കുള്ള സൽമാൻ രാജകുമാരന്റെ വരവിനെ എതിർക്കുന്നവരും രാജ്യത്തുണ്ട്. സൗദി വഹാബി തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നവരാണെന്ന ആരോപണമുയർത്തി ചില മതസംഘടനകളാണ് എതിർപ്പുന്നയിക്കുന്നത്. യുദ്ധക്കുറ്റവാളിയാണ് സൗദി എന്നും ഇന്ത്യ അവരെ സ്വീകരിക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. യെമനിലെ മനുഷ്യക്കുരുതിയും ജമാൽ ഖഷോഗിയെ കൊന്നതുമെല്ലാം ഇവർ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍