UPDATES

പോംപിയോയുടെ ഇന്ത്യാ സന്ദർശനം: വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യക്ക് അനുകൂല മനസ്ഥിതിയെന്ന് ജയ്ശങ്കർ

ഈ മാസമൊടുവിൽ ജപ്പാനിൽ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയാണ് പോംപോയോയുടെ വരവ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർ‌ക്കങ്ങൾ പറഞ്ഞു തീർക്കാൻ സജ്ജമായ മനസ്ഥിതിയോടെയാണ് ഇന്ത്യ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ സ്വീകരിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, ഇരുവർക്കും ചേർന്നു നിൽക്കാനാകുന്ന ഒരു പൊതുവിടം കണ്ടെത്താനുള്ള ശ്രമം പോംപിയോയുമായുള്ള കൂടിക്കാഴ്ചയിൽ താൻ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രിയിലാണ് പോംപിയോ ഇന്ത്യയിലെത്തിച്ചേരുക.

ഈ മാസമൊടുവിൽ ജപ്പാനിൽ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയാണ് പോംപോയോയുടെ വരവ്. വ്യാപാര തർക്കങ്ങൾ പരിഹരിക്കാനുള്ള അടിത്തറയൊരുക്കാൻ പോംപിയോ ശ്രമിക്കുമെന്നാണ് പ്രതീക്ഷ. യുഎസ്സിന്റെ വ്യാപാര മുൻഗണനാ പട്ടികയിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയതിലൂടെ രണ്ടായിരത്തോളം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് കൂട്ടിയിരുന്നു. ഇതുകൂടാതെയും നിരവധി ഉൽപ്പന്നങ്ങളുടെ തീരുവ യുഎസ് വർധിപ്പിക്കുയുണ്ടായി. ഇതിനെല്ലാം മറുപടിയായി ഇന്ത്യയും യുഎസ്സിൽ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതിക്ക് രാജ്യത്ത് തീരുവ വർധിപ്പിച്ചു. ഇതോടെ വ്യാപാര തർക്കം മൂർധന്യത്തിലെത്തി.

ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽ നിന്നും ശേഖരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന നിബന്ധന രാജ്യം വെച്ചതും യുഎസ്സിന്റെ എതിർപ്പിന് കാരണമായിട്ടുണ്ട്. ഇന്ത്യയിൽ നിന്നുമുള്ള എച്ച്1 ബി വിസയില്‍ യുഎസ്സിലേക്കുള്ള വിദഗ്ധത്തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനുള്ള മറുപടിയായിരുന്നു ഇത്.

Explainer: ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു മുമ്പ് മൈക്ക് പോംപിയോ ഇന്ത്യയിലെത്തുന്നത് എന്തിന്?

പോംപിയോയുടെ ഈ സന്ദർശനത്തിൽ വാവെയുമായുള്ള ഇന്ത്യയുടെ സഹകരണവും ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനീസ് കമ്പനിയായ വാവെയെ രാജ്യത്തെ 5ജി സംവിധാനം നടപ്പിലാക്കാനുള്ള സാങ്കേതിക സഹകരണത്തിൽ ഉൾപ്പെടുത്തരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾ വാവേക്ക് കൈമാറരുതെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 27 ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിലാണ് യുഎസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബുധനാഴ്ച പോംപിയോ ഒരു നയതന്ത്ര പ്രസ്താവന കൂടി മാധ്യമങ്ങൾക്ക് നൽകിയതിനു ശേഷമായിരിക്കും രാജ്യത്തേക്ക് തിരിച്ചു പോവുക.

ജൂൺ 25 മുതൽ 27 വരെ പോംപിയോ ഇന്ത്യയിലുണ്ടാകും. ഇതിനിടെ യുഎസ് വ്യവസായ സെക്രട്ടറി റോബർട്ട് ലൈറ്റ്ഹൈസറുമായി ഇന്ത്യൻ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഒരു കൂടിക്കാഴ്ച നടത്തുമെന്നും കേൾക്കുന്നുണ്ട്. വ്യാപാര മുൻഗണന പിൻവലിച്ച യുഎസ്സിന്റെ നടപടിയിന്മേൽ ഒരു മാറ്റത്തിനായി ഇന്ത്യ ശ്രമിക്കില്ലെന്നാണ് പീയൂഷ് ഗോയൽ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍