UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഗരം വിടണമെന്ന് കാശ്മീരി വ്യാപാരികളോട് മസൂറിയിലെ വ്യാപാരി സംഘടന

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലീം യുവാക്കള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് നീക്കം

വ്യാപാരികളുടെ ഒരു പ്രാദേശിക സംഘടന മസൂറിയില്‍ വസ്ത്ര കച്ചവടം നടത്തുന്ന കാശ്മീരികളോട് നഗരം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 28നു അവസാനിക്കുന്ന 11 മാസത്തെ കരാര്‍ പ്രകാരം വാടകക്കെടുത്ത കെട്ടിടം ഒഴിഞ്ഞു പോകാനാണ് മസൂറി ട്രെയ്ഡേഴ്സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാശ്മീരി വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം ഒഴിഞ്ഞുപോകാനുള്ള രേഖാ മൂലമുള്ള നോട്ടീസ് അസോസിയേഷന്‍ കാശ്മീരി വ്യാപാരികള്‍ക്ക് നല്‍കിയിട്ടില്ല. മറ്റ് വഴികളില്ലെന്ന് പറഞ്ഞ അസോസിയേഷന്‍ പ്രസിഡന്‍റ് രജത് അഗര്‍വാള്‍ സാമുദായിക സൌഹാര്‍ദ്ദം തകരും എന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നു സൂചിപ്പിച്ചു. “പ്രദേശത്ത് മറ്റ് വ്യാപാരികള്‍ കശ്മീരി വ്യാപാരികള്‍ ഇവിടെ നിന്നും പോകണമെന്ന് ആഗ്രഹിക്കുന്നു.” രജത് അഗര്‍വാള്‍ പറഞ്ഞു. സഹായം അഭ്യര്‍ത്ഥിച്ചു കാശ്മീരി വ്യാപാരികള്‍ ബിജെപിയുടെ മസൂറി എം എല്‍ എ ഗണേഷ് ജോഷിയെ കണ്ടിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 18 വ്യാപാരികളാണ് കാശ്മീരില്‍ നിന്നും മസൂറിയില്‍ എത്തിയത്. “ചെറിയ നഗരമായ മസൂറിക്ക് 18 പുതിയ വ്യാപാരികള്‍ എന്നത് വലിയ സംഖ്യയായാണ്.” അഗര്‍വാള്‍ പറഞ്ഞു. അതേ സമയം വര്‍ഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്ന കാശ്മീരി വ്യാപാരികളോട് നഗരം വിട്ടുപോകാന്‍ പറഞ്ഞിട്ടില്ലെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 നാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലീം യുവാക്കള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ചു എന്നു ചില പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. ഇതില്‍ കാശ്മീരി യുവാക്കളും ഉണ്ടെന്നായിരുന്നു ആരോപണം.

സംഭവത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വ്യാപാരി സംഘടന യോഗം ചേരുകയും 2018 ഫെബ്രുവരി മാസം കരാര്‍ തീരുന്ന മുറയ്ക്ക് കാശ്മീരി വ്യാപാരികളെ ഒഴിവാക്കാനും തീരുമാനിക്കുകയായിരുന്നു. പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതില്‍ കാശ്മീരി വ്യാപാരികള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു പിന്നീട് പോലീസ് സ്ഥിരീകരിച്ചിരുന്നു.

ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കാശ്മീരി വ്യാപാരികളെ സ്വതന്ത്രമായി തൊഴില്‍ ചെയ്യാന്‍ അനുവദിക്കണം എന്നു ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നു.

എന്നാല്‍ വീണ്ടും വിഷയം പൊങ്ങിവന്നതിനെ തുടര്‍ന്ന് കാശ്മീരി വ്യാപാരികള്‍ സഹായം അഭ്യര്‍ത്ഥിച്ചു സ്ഥലം എം എല്‍ എക്കും ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷനും കത്തയക്കുകയായിരുന്നു. “ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമല്ലേ..? ആണെങ്കില്‍, പിന്നെ എന്തുകൊണ്ടാണ് മസൂറി വിടാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നത്?” കാശ്മീര്‍ കുപ്വാര സ്വദേശിയായ ഫയാസ് അഹമ്മദ് മാലിക് ചോദിക്കുന്നു.

കുപ്വാര ജില്ലയില്‍ നിന്നുള്ള മറ്റൊരു വ്യാപാരിയായ അല്‍ത്താഫ് ഹുസൈന്‍ ഖ്വോജ പറഞ്ഞത് തങ്ങള്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ് എന്നാണ്. “കട ഉടമകള്‍ ഒഴിഞ്ഞു കൊടുക്കാന്‍ ആവാശ്യപ്പെട്ടാല്‍ ഞങ്ങളുടെ മുന്‍പില്‍ മറ്റ് വഴികളില്ല.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍