UPDATES

ട്രെന്‍ഡിങ്ങ്

ജിയോയ്ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ സഹായവുമായി വീണ്ടും ട്രായ്; ലക്ഷ്യം ടെലികോം മേഖലയിലെ കുത്തക

ഇന്റര്‍കണക്ട് ചാര്‍ജ്ജ് ആറു പൈസയായി കുറയ്ക്കാനുള്ള ട്രായി തീരുമാനത്തിലൂടെ പ്രതിവര്‍ഷം 5000 കോടിയുടെ അധികവരുമാനമാണ് ജിയോയ്ക്ക് ഉണ്ടാവുന്നത്‌

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ തീരുമാനം നിലവിലുള്ള മറ്റ് ടെലികോം കമ്പനികളുടെ ചിലവില്‍ റിലയന്‍സ് ജിയോയുടെ വളര്‍ച്ച വേഗത്തിലാക്കാനെന്ന് ആരോപണം. എന്നാല്‍ മുകേഷ് അംബാനി ഗ്രൂപ്പ് അഴിച്ചുവിട്ടിരിക്കുന്ന 4ജി വിപ്ലവത്തെ സഹായിക്കുന്നതിനായി എടുത്ത മറ്റ് ഔദ്യോഗിക തീരുമാനങ്ങള്‍ പോലെ പുതിയ തീരുമാനവും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

ഒക്ടോബര്‍ ഒന്നു മുതല്‍ മൊബൈല്‍ വിളികള്‍ക്കുള്ള ഇന്റര്‍കണക്ട് ചാര്‍ജ്ജ് (ഐയുസി) 14 പൈസയില്‍ നിന്നും ആറു പൈസയായി കുറയ്ക്കാനായിരുന്നു ചൊവ്വാഴ്ച ട്രായുടെ തീരുമാനം. വിളികളുടെ എണ്ണത്തിലുള്ള ഏറ്റക്കുറച്ചില്‍ മൂലം ടെലികോം രംഗത്ത് താരതമ്യേന പുതിയ എന്‍ട്രിയായ റിലയന്‍സ് ജിയോയുടെ മേല്‍ എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ പാരമ്പരാഗത കമ്പനികള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ സമര്‍ത്ഥമായി ഇല്ലാതാക്കുന്നതാണ് പുതിയ നടപടി എന്നാണ് ആരോപണം.

കഴിഞ്ഞ സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം, സൗജന്യ വിളികള്‍ എന്ന വാഗ്ദാനം നല്‍കി 128 ദശലക്ഷത്തിന്റെ ഉപഭോക്തൃ അടിത്തറ നിര്‍മ്മിച്ചെടുത്ത റിലയന്‍സ് ജിയോ, ഐയുസി നിരക്ക് പൂജ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് പ്രതിമിനിട്ടിന് മുപ്പത് പൈസയായി വര്‍ദ്ധിപ്പിക്കണമെന്നാണ് മറ്റ് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. മറ്റൊരു കമ്പനിയുടെ ഫോണില്‍ നിന്നുള്ള വിളി എത്തുന്ന ഇതര കമ്പനികള്‍ക്ക് നല്‍കേണ്ട ചാര്‍ജ്ജാണ് ഐയുസി. 2020 ജനുവരി ഒന്നോടെ ഐയുസി ചാര്‍ജ്ജ് പൂജ്യമാകുമെന്നാണ് ട്രായ് പറയുന്നത്. ടെലികോം മേഖലയെ പൂര്‍ണമായും മാറ്റി മറിക്കുന്ന ഒരു നീക്കമാവും ഇത്. പുതിയ തീരുമാനം ജിയോ ഒഴികെയുള്ള ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ സിംഹഭാഗവും കവര്‍ന്നെടുക്കുമെന്നതിനാല്‍ തന്നെ അവര്‍ ട്രായിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ള മൂന്ന് ടെലികോം കമ്പനികള്‍ ഐയുസി വരുമാനത്തിലൂടെ മാത്രം ഒരു ലക്ഷം കോടിയില്‍ അധികം സമ്പാദിച്ചിട്ടുണ്ടെന്നും 2011ല്‍ രൂപപ്പെടുത്തിയ നിയന്ത്രണ മാര്‍ഗ്ഗരേഖ പ്രകാരം ഐയുസി പൂജ്യമാക്കുന്നതില്‍ ട്രായ് പരാജയപ്പെട്ടത് മൂലമാണ് ഇതെന്നും റിലയന്‍സ് ആരോപിച്ചിരുന്നു. നിലവിലുള്ള വലിയ കമ്പനികളായ ഭാരതി എയര്‍ടെല്ലിനും ഐഡിയയ്ക്കും ഔട്ട്‌ഗോയിംഗ് കോളുകളെക്കാള്‍ ഇന്‍കമിംഗ് കോളുകളാണ് കൂടുതല്‍ എന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എയര്‍ടെല്‍, വൊഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാവുമ്പോള്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും എയര്‍സെല്ലിനും ഭാഗിക നേട്ടമായിരിക്കും ഇതുണ്ടാക്കുക. എന്നാല്‍ ഏറ്റവും വലിയ നേട്ടമുണ്ടാവുക റിലയന്‍സ് ജിയോയ്ക്ക് തന്നെയാണ്.

ഐയുസി ആറു പൈസ ആക്കുന്നതിലൂടെ ജിയോയുടെ ഒരു വര്‍ഷത്തെ സമ്പാദ്യം 5,000 കോടി രൂപയാകുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആര്‍കോം, എയര്‍സെല്‍ കമ്പനികള്‍ക്ക് 250 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ കമ്പനികളുടെ മൊത്തത്തിലുള്ള നഷ്ടം 1,000 കോടി രൂപ വരും എന്നും കണക്കാക്കപ്പെടുന്നു. നിലവില്‍ ഒരു രാജ്യത്തും പൂജ്യം ഇന്റര്‍കണക്ട് ചാര്‍ജ്ജ് നിലവിലില്ല എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.

നാട്ടുകാരുടെ കാശ് വാങ്ങി പെട്ടിയില്‍ വച്ചിട്ടാണ് ജിയോ മുതലാളി കച്ചവടത്തിനിറങ്ങിയത്; അല്ലാതെ സ്വന്തം പോക്കറ്റിലെ കാശല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍