UPDATES

ട്രെന്‍ഡിങ്ങ്

“കാശ്മീര്‍ എല്ലാ മന്ത്രാലയത്തിന്റെയും പ്രോജക്ട്” -പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരോട്

മന്ത്രിതല യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് വിവരണം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത് കശ്മീരിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കിയ നീക്കത്തെ എല്ലാ മന്ത്രാലയങ്ങളുടെ തങ്ങളുടെ പ്രോജക്ടായി കാണണമെന്നും എല്ലാവരും തങ്ങളുടേതായ രീതിയില്‍ ജനസമ്പര്‍ക്കമുണ്ടാക്കാന്‍ ഇടപെടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കാശ്മീരിലെ വിദ്യാര്‍ത്ഥികളുമായി ഉദ്യോഗസ്ഥര്‍ മുഖാന്തിരം ഓരോ മന്ത്രിമാരും ഇടപഴകണം. ജനങ്ങളുമായി ആഴത്തിലുള്ള ഇടപെടല്‍ ആവശ്യമാണ്. നിലവിലെ മാറ്റങ്ങള്‍ സംസ്ഥാനത്ത് എങ്ങനെ വികസനം കൊണ്ടുവരുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാകണം ഇടപെടലുകളെന്നും മോദി മന്ത്രിമാരോട് ഒരു യോഗത്തില്‍ പറഞ്ഞു.

മന്ത്രിമാര്‍ തങ്ങളുടെ അധികാര പരിധിയിലില്ലാത്ത കാര്യങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കരുതെന്നും മോദി മന്ത്രിമാരോട് പറഞ്ഞു. ഒരുപാട് വിഷയങ്ങള്‍ ഒരുമിച്ച് ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിതല യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് വിവരണം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. കശ്മീരിലെ നിലവിലെ സ്ഥിതിഗതികളാണ് ഷാ തന്റെ പ്രസന്റേഷനില്‍ അവതരിപ്പിച്ചത്.

ജമ്മു കാശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് ഗവര്‍ണര്‍ സത്യാപാല്‍ മാലിക്ക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. “ജനങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടിയാണ് കാശ്മീര്‍ താഴ്‌വരയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസുകളിലേയ്ക്കും മറ്റും വലിയ തോതില്‍ തൊഴില്‍ റിക്രൂട്ട് ചെയ്തിരുന്നു. ഇത് രണ്ട് – മൂന്ന് മാസത്തിനകം ഉണ്ടാകും. ഒരൊറ്റ സിവിലിയന്‍ പോലും ഇതുവരെ മരിച്ചിട്ടില്ല. സമാധാനം ഉറപ്പാക്കാന്‍ കഴിഞ്ഞു. താഴ്‌വരയില്‍ അധികം വൈകാതെ സാധാരണ നില പുനസ്ഥാപിക്കപ്പെടും,” സത്യപാല്‍ മാലിക് വിശദീകരിച്ചു.

കാശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പെല്ലറ്റ് തോക്കുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും സത്യപാല്‍ മാലിക്ക് സമ്മതിക്കുകയുണ്ടായി. പരിക്കുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുത്തിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

അരയ്ക്ക് താഴെ മാത്രമാണ് പെല്ലറ്റ് കൊണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റത് എന്നാണ് ഗവര്‍ണറുടെ വാദം. എന്നാല്‍ ഇത് തള്ളിക്കളയുന്ന റിപ്പോര്‍ട്ടുകളാണ് കാശ്മീരില്‍ നിന്ന് വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍