UPDATES

ട്രെന്‍ഡിങ്ങ്

എന്തുകൊണ്ട് ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ തെറ്റാകുന്നു? ശാന്തിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്ന 10 കേസുകള്‍

10 കേസുകള്‍ കീഴ്‌വഴക്കം ലംഘിച്ച് തനിക്ക് താല്‍പര്യമുള്ള ബഞ്ചിന് നല്‍കിയ ചീഫ് ജസ്റ്റിസിന്റെ നടപടിയാണ് ശാന്തിഭൂഷണന്‍ ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പുറപ്പെടുവിച്ച വിധി വിവാദമാവുകയും വലിയ വിമര്‍ശനങ്ങള്‍ വിധിക്കെതിരെ ഉയരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ശാന്തിഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് നോട്ടീസ് വന്നിരിക്കുന്നു. 64 എംപിമാരാണ് രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ഒപ്പ് വച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനും നിയമ വിദഗ്ധനും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായിരുന്ന ശാന്തി ഭൂഷണ്‍ ചീഫ് ജസ്റ്റിസിന്റെ കേസ് അലോക്കേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി നല്‍കിയ ഹര്‍ജി, നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട ബഞ്ച് ഏപ്രില്‍ 27ന് ശാന്തിഭൂഷന്റെ ഹര്‍ജി പരിഗണിക്കും.

ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയ്‌സ്വാളും അടക്കമുള്ളവര്‍ രംഗത്തെത്തി. തന്റെ 30 വര്‍ഷത്തെ സുപ്രീം കോടതി പ്രവര്‍ത്തനത്തിനിടയ്ക്ക് ഇതുപോലൊരു മോശം അവസ്ഥ സുപ്രീം കോടതിയില്‍ ഉണ്ടായിട്ടില്ലെന്ന് കാമിനി ജയസ്വാള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് കോഴ കേസിലെ ആരോപണവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നു എന്നത് അപകടകരമായ സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കേസുകള്‍ ബഞ്ചുകള്‍ക്ക് അലോക്കേറ്റ് ചെയ്യാനും സുപ്രീം കോടതിയുടെ നിയന്ത്രണത്തിനുമുള്ള മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ പരമാധികാരം ചീഫ് ജസ്റ്റിസ് ദുര്‍വിനിയോഗം ചെയ്യുകയാണ്. സര്‍ക്കാരിന് സുപ്രീം കോടതിയെ നിയന്ത്രിക്കാനാകുമെന്ന അവസ്ഥ ജനാധിപത്യത്തിന് വലിയ ഭീഷണിയുണ്ടാക്കിയിരിക്കുന്നു – പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ഗൗരവ സ്വഭാവമുള്ള കേസുകള്‍ സുപ്രീം കോടതി കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി, മുതിര്‍ന്ന ജഡ്ജിമാരുടെ ബഞ്ചിന് നല്‍കാതെ ജൂനിയര്‍ ജഡ്ജിമാരുടെ ബഞ്ചിന് നല്‍കുന്നത് ചൂണ്ടിക്കാട്ടിയും സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായ നിലയ്ക്കല്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് ജനുവരി 12ന് നാല് ജ്ഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പരസ്യവിമര്‍ശനം നടത്തിയത്. 10 കേസുകള്‍ കീഴ്‌വഴക്കം ലംഘിച്ച് തനിക്ക് താല്‍പര്യമുള്ള ബഞ്ചിന് നല്‍കിയ ചീഫ് ജസ്റ്റിസിന്റെ നടപടിയാണ് ശാന്തിഭൂഷണന്‍ ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പുറപ്പെടുവിച്ച വിധി വിവാദമാവുകയും വലിയ വിമര്‍ശനങ്ങള്‍ വിധിക്കെതിരെ ഉയരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ശാന്തിഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശാന്തി ഭൂഷന്‍റെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളാണ് കാരവാന്‍ മാഗസിന്‍ പരിശോധിക്കുന്നത്.

ശാന്തി ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്ന 10 കേസുകള്‍:

1. മെഡിക്കല്‍ കോളേജ് കോഴ കേസ്

ലക്‌നൗവിലെ പ്രസാദ് മെഡിക്കല്‍ ട്രസ്റ്റ് കോളേജുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 2017 ഒക്ടോബറില്‍ Campaign for Judicial Accountability and Reforms
എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുള്ള അന്വേഷണമാണ് ഇവര്‍ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നു. നവംബര്‍ എട്ടിന് സിജെഎആറിന്റെ ഹര്‍ജി ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ സിംഗിള്‍ ബഞ്ച് പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അടക്കം സുപ്രീം കോടതിയിലെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് കേസ് വിട്ടു.

എന്നാല്‍ ഉച്ചഉഭക്ഷണ സമയത്ത് സിജെഎര്‍ അഭിഭാഷകന് കിട്ടിയ അറിയിപ്പ് കേസ് മറ്റൊരു ബഞ്ചിലേയ്ക്ക് മാറ്റിയിരിക്കുന്നു എന്നാണ്. നവംബര്‍ ഒമ്പതിന് രാവിലെ കേസ് ജസ്റ്റിസ് എകെ സിക്രിയുടെ ബഞ്ച് പരിഗണിച്ചു. അതേദിവസം ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസും അദ്ദേഹം തിരഞ്ഞെടുത്ത ജൂനിയര്‍ ജഡ്ജിമാരുമുള്ള ബഞ്ച് പരിഗണിച്ചു. കേസ് പുതിയ ബഞ്ചിന് വിട്ടു. ജസ്റ്റിസ് ആര്‍കെ അഗര്‍വാളിന്റെ ബഞ്ച് ഡിസംബര്‍ ഒന്നിന് കേസ് റദ്ദാക്കുകയും ഹര്‍ജിക്കാരായ സിജെഎആറിന് 25 ലക്ഷം രൂപ പിഴയിടുകയും ചെയ്തു.

2. സിബിഐ സ്‌പെഷല്‍ ഡയറക്ടറുടെ നിയമനവുമായ ബന്ധപ്പെട്ട കേസ്

ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാകേഷ് സക്‌സേനയെ സിബിഐ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് 2017 നവംബര്‍ 13ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ പിന്മാറി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച് ആണ് കേസ് പരിഗണിച്ചിരുന്നത്. ഏതായാലും നവംബര്‍ 17ലേയ്ക്ക് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് കേസ് ലിസ്റ്റ് ചെയ്തു. നവീന്‍ സിന്‍ഹ ഇല്ലാത്ത ബഞ്ച് വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കി.

എന്നാല്‍ നവംബര്‍ 14ന് ഈ കേസ് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാളിന്റേയും എഎം സാപ്രെയുടേയും ബഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഹാന്‍ഡ് ബുക്കില്‍ പറയുന്ന ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയായിരുന്നു ഇത് എന്ന് ശാന്തി ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

3. 3. ടുജി കേസിലെ ഹര്‍ജി

2017 നവംബര്‍ ആറിനാണ് ഈ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഒഴിവാക്കി. നവംബര്‍ 13ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുന്നില്‍ കേസ് വന്നു. എന്നാല്‍ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കറും ഡിവൈ ചന്ദ്രചൂഡും ബഞ്ചില്‍ നിന്ന് സ്വയം ഒഴിഞ്ഞു. മറ്റ് മുതിര്‍ന്ന ജഡ്ജിമാരുണ്ടായിട്ട് പോലും കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ചിനാണ് ചീഫ് ജസ്റ്റിസ് വിട്ടത്.

4. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍

സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ജനുവരി 11ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ജനുവരി 12ന് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക് ഈ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തു. ഈ നടപടിയില്‍ ശക്തമായ എതിര്‍പ്പും വിമര്‍ശനവും രേഖപ്പെടുത്തി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടു. ഇതിന് ശേഷം ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനവുമായി വാര്‍ത്താസമ്മേളനം നടത്തി. ലോയ കേസ് തന്നെയാണ് പ്രധാന വിഷയമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചു. ജനുവരി 16ന് ആദ്യം ലിസ്റ്റ് ചെയ്ത കേസ് ജനുവരി 19ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പരിഗണിച്ചു. ഉചിതമായ ബഞ്ചിന്റെ പരിഗണനയ്ക്ക് കേസ് വിടും എന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജനുവരി 22ന് ഒന്നാം നമ്പര്‍ കോടതിയില്‍ കേസ് പരിഗണിച്ചു.

5. കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി ജനുവരി 29ന് അരുണ്‍ മിശ്രയുടെ ബഞ്ചിലാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജിയുടെ നിലനില്‍പ്പ് സംബന്ധിച്ച വാദങ്ങള്‍ക്കായി കേസ് പരിഗണിക്കുന്നത് മാറ്റി. എന്നാല്‍ ഹര്‍ജിയുടെ നിലനില്‍പ്പ് സംബന്ധിച്ച പ്രശ്‌നം നിലനില്‍ക്കെ തന്നെ അടുത്ത ഹിയറിംഗില്‍ ജസ്റ്റിസ് മിശ്രയുടെ ബഞ്ച്് ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു.

6. ജയ് അമിത് ഷായുടെ സ്വത്ത്, വിചിത്രമായ ബിസിനസ് വളര്‍ച്ച സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസ്

റോസ്റ്റര്‍ പ്രകാരം മറ്റ് കോടതികളുണ്ടായിരിക്കെ ഈ കേസും ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതിയിലെത്തി.

7. ആധാര്‍ കേസുകള്‍

ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ആദ്യം പരിഗണിച്ചത് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ്. ചെലമേശ്വറിന്റെ ബഞ്ച് ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ചീഫ് ജസ്റ്റിസായിരുന്ന ജെഎസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് 2017 ജൂലായ് 18ലേയ്ക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ചീഫ് ജസ്റ്റിസ് ഖെഹാറിന് പുറമെ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ഡിവൈ ചന്ദ്രചൂഡ്, എസ്എ ബോബ്‌ഡെ, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത. പിന്നീട് സ്വകാര്യത മൗലികാവകാശമാണോ എന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

സ്വകാര്യത ഭരണഘടനാപരമായ മൗലികാവകാശമാണ് എന്നായിരുന്നു ഓഗസ്റ്റില്‍ ഖെഹാറും ചെലമേശ്വറും ബോബ്‌ഡെയും അബ്ദുള്‍ നസീറും അടങ്ങിയ ബഞ്ചിന്റെ വിധി. ഈ വിധിക്ക് ശേഷം ഖെഹാര്‍ വിരമിക്കുകയും ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആവുകയും ചെയ്തു. തുടര്‍ന്ന് ആധാര്‍ കേസ് പരിഗണിക്കുന്ന ബ്ഞ്ച് പുനസംഘടിപ്പിക്കുകയും ജസ്റ്റിസ് ചെലമേശ്വര്‍, ജ.ബോബ്‌ഡെ, ജ.അബ്ദുള്‍ നസീര്‍ എന്നിവരെ ഒഴിവാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍കര്‍, എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരാണ് നിലവില്‍ ഈ ബഞ്ചിലുള്ളത്.

8. ബിജെപി വക്താവ് സംബിത് പത്രയെ ഒഎന്‍ജിസി (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗാസ് കോര്‍പ്പറേഷന്‍) ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായി നിയമിച്ചതിന് എതിരായ ഹര്‍ജി

2018 ജനുവരി എട്ടിന് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാളും എഎം സാപ്രെയും അടങ്ങുന്ന ബഞ്ചിന് മുന്നിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഒരു ജഡ്ജി പിന്മാറി എന്ന് പറഞ്ഞ് പിന്നീട് എകെ സിക്രിയുടേയും അശോക് ഭൂഷന്റേയും ബഞ്ചിലേയ്ക്ക് മാറ്റി.

9. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച മെമ്മോറാണ്ടം ഓഫ് പ്രൊസീജിയറില്‍ അന്തിമ തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടണമെന്ന ഹര്‍ജി

പുതുക്കിയ മെമ്മൊറാണ്ടം ഓഫ് പ്രൊസീജിയര്‍ ഇല്ലാതെ സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിന് എതിരായി അഭിഭാഷകനായ ആര്‍പി ലുത്ര നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ യുയു ലളിതിന്റേയും എകെ ഗോയലിന്റേയും ബഞ്ച് 2017 ഒക്ടോബര്‍ 27ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. നവംബര്‍ 14നാണ് അടുത്ത ഹിയറിംഗ് വച്ചിരുന്നത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി നവംബര്‍ എട്ടിന് ചീഫ് ജസ്റ്റിസും എകെ സിക്രിയും അമിതാവ റോയിയും അടങ്ങുന്ന ബഞ്ച് കേസ് പരിഗണിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിശദീകരണ ആവശ്യപ്പെട്ടുള്ള ഉത്തരവ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പിന്‍വലിച്ചു.

10. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരത്തിനുള്ള അവകാശവുമായ ബന്ധപ്പെട്ട കേസ്

ഏറ്റെടുക്കുന്ന ഭൂമിക്കുന്ന നഷ്ടപരിഹാര തുക അത് നല്‍കുന്നത് വരെ, അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് വരെ അത് നല്‍കിയതായി കണക്കാക്കാനാകില്ലെന്ന് മൂന്നംഗ സുപ്രീം കോടതി ബഞ്ച് 2014ല്‍ വ്യക്തമാക്കി. നഷ്ടപരിഹാര തുക നല്‍കാത്ത പക്ഷം ഭൂമി ഏറ്റെടുക്കല്‍ അസാധുവാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ 2014ലെ വിധി തെറ്റാണ് എന്നായിരുന്നു 2018 ഫെബ്രുവരിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മറ്റൊരു മൂന്നംഗ ബഞ്ചിന്റെ വിധി. ജസ്റ്റിസ് മദന്‍ ബി ലോകൂറിന്‍റെ മറ്റൊരു മൂന്നംഗ ബഞ്ചും ഈ സമയം ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നുണ്ടായിരുന്നു. ഫെബ്രുവരി 21ന് മദന്‍ ബി ലോകൂറിന്‍റെ ബഞ്ച് അടുത്ത ഹിയറിംഗ് മാര്‍ച്ച്് എഴിന് എന്ന് ലിസ്റ്റ് ചെയ്തു.

സമാനമായ കേസുകള്‍ കേള്‍ക്കുന്ന മറ്റ് ബഞ്ചുകള്‍, ഒരു മൂന്നംഗ ബഞ്ച് തീര്‍പ്പ് കല്‍പ്പിച്ച അതേ വിഷയം മറ്റൊരു മൂന്നംഗ ബഞ്ച് പുനപരിശോധിക്കുന്നത് ഉചിതമാണോ എന്നത് സംബന്ധിച്ച് കൂടുതല്‍ വലിയ ബഞ്ച് പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കും വരെ വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കണമെന്നാണ് ജസ്റ്റിസ് ലോകൂര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം സമാനമായ രണ്ട് കേസുകള്‍ ഒരേ സമയം രണ്ട് ജഡ്ജിമാരുടെ ബഞ്ചുകള്‍ പരിഗണിച്ചു – ജസ്റ്റിസ് അരുണ്‍ മിശ്രയുടേയും ജസ്റ്റിസ് എകെ ഗോയലിന്റേയും. ഇരുവരും ഉള്‍പ്പെട്ട ബഞ്ചാണ് 2014 വിധി തെറ്റാണ് എന്ന് പ്രഖ്യാപിച്ചത്. ഇരുവരുടേയും ബഞ്ചുകള്‍ തങ്ങള്‍ക്ക് മുന്നിലുള്ള കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഈ കേസുകള്‍ മാര്‍ച്ച് ആറിലേയ്ക്ക് ലിസ്റ്റ് ചെയ്തു. മാര്‍ച്ച് എഴിനാണ് മദന്‍ ബി ലോകൂറിന്റെ ബഞ്ച് കേസ് ലിസ്റ്റ് ചെയ്തിരുന്നത് എന്നോര്‍ക്കണം. തന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് ദീപക് മിശ്ര കേസ് മാറ്റി.

ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെടും എന്നത് തീര്‍ച്ചയാണ്; പക്ഷേ, എന്തായിരിക്കും നമ്മുടെ ജനാധിപത്യത്തിന്റെ വിധി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍