UPDATES

ട്രെന്‍ഡിങ്ങ്

സോഷ്യല്‍ മീഡിയ കളിയില്‍ ബിജെപി തോറ്റ് തുടങ്ങിയിരിക്കുന്നു: അമിത് ഷായുടെ പേടി വിരല്‍ ചൂണ്ടുന്നത്

മറ്റ് പാര്‍ട്ടികളും ശക്തമായി കളത്തിലിറങ്ങിയതോടെ ചീട്ട് കീറുമോ എന്ന പേടി ബിജെപിക്ക് തുടങ്ങിയിട്ടുണ്ട്. ഗുജറാത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ സോഷ്യല്‍ മീഡിയ പേടി ബിജെപിയെ ബാധിച്ച് തുടങ്ങിയിരിക്കുന്നു.

അഹമ്മദാബാദിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലെ യുവാക്കളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിച്ച അമിത് നല്‍കിയ ഉപദേശം സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ അന്ധമായി വിശ്വസിക്കരുതെന്നാണ്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. സോഷ്യല്‍മീഡിയയിലെ പ്രചാരണങ്ങളിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ് ഈ പറയുന്നത്. ഇത്രയധികം വ്യാജ പ്രചാരണങ്ങള്‍ ബിജെപിയേയും സംഘപരിവാര്‍ സംഘടനകളേയും പോലെ മറ്റാരും നടത്തിയിട്ടില്ല. ഏതായാലും അമിത് ഷായുടെ ഈ ആശങ്കയും മുന്നറിയിപ്പും കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സോഷ്യല്‍മീഡിയ കളിയില്‍ ബിജെപി തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയിരിക്കുന്നതായി catchnews.com റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ ബിജെപി ആധിപത്യം സ്ഥാപിച്ചിരുന്നു. എതിര്‍പ്പുകളെ നിശബ്ദമാക്കാന്‍ സൈബര്‍ ഗുണ്ടകളേയും ട്രോളര്‍മാരേയും വലിയ തോതില്‍ രംഗത്തിറക്കി. വാട്‌സ് ആപ്പ് നെറ്റ്‌വര്‍ക്കുകള്‍ ശക്തിപ്പെടുത്തി. എന്നാല്‍ ആ കളി ബിജെപിയുടെ കയ്യില്‍ നിന്ന് പോവുകയാണ്. മോദിയുടേയും അമിത് ഷായുടേയും സംസ്ഥാനമായ ഗുജറാത്തില്‍ നിന്ന് തന്നെയാണ് ബിജെപിക്ക് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഭീഷണി വന്നിരിക്കുന്നത്. 1995 മുതല്‍ തുടര്‍ച്ചയായി ഗുജറാത്തില്‍ അധികാരത്തിലുള്ള ബിജെപിക്ക് ഇത്തവണ ഭരണം നിലനിര്‍ത്താന്‍ കഴിയുമോ എന്ന് ഉറപ്പില്ല. ദളിത്, പാട്ടിദാര്‍ പ്രക്ഷോഭങ്ങള്‍ ബിജെപിയെ ഉലയ്ക്കുകയാണ്. വെള്ളപ്പൊക്ക കാലത്തെ മോശം പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ വഷളാക്കിയിരിക്കുന്നു. ഇപ്പോള്‍ വികാസ് ഗാണ്ടോ തായോ ചെ എന്ന പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന സോഷ്യല്‍ മീഡിയ പ്രചാരണമാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതും അമിത് ഷാ വിയര്‍ക്കുന്നതും. സെപ്റ്റംബര്‍ നാലിന് തുടങ്ങിയ ഈ പ്രചാരണം ഗുജറാത്തിലെ സോഷ്യല്‍ മീഡിയ വൃത്തങ്ങളില്‍ കോണ്‍ഗ്രസിന് മേധാവിത്തമുണ്ടാക്കി കൊടുത്തിരിക്കുന്നു. ബിജെപിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ പരിഹസിച്ചുകൊണ്ടുള്ള പ്രചാരണമാണ് കോണ്‍ഗ്രസിന്റേത്. ഇത്ര ശക്തമായ കടന്നാക്രമണം സോഷ്യല്‍ മീഡിയയില്‍ ബിജെപി നേരിടുന്നത് ഗുജറാത്തില്‍ ഇതാദ്യമായാണ്.

തങ്ങളെ അധികാരത്തിലെത്താന്‍ സഹായിച്ച സോഷ്യല്‍ മീഡിയ തന്നെ പുറന്തള്ളാനും ഇടയാക്കുമോ എന്ന പേടി ബിജെപിക്കുണ്ട്. മറ്റ് പാര്‍ട്ടികളേക്കാള്‍ മുമ്പ് തന്നെ സോഷ്യല്‍ മീഡിയയുടെ സാധ്യത തിരിച്ചറിഞ്ഞ ശക്തമായ ഒരു ടീമിനെ ഉണ്ടാക്കാന്‍ കഴിഞ്ഞതായിരുന്നു ബിജെപിയുടെ വിജയം. എന്നാല്‍ മറ്റ് പാര്‍ട്ടികളും ശക്തമായി കളത്തിലിറങ്ങിയതോടെ ചീട്ട് കീറുമോ എന്ന പേടി ബിജെപിക്ക് തുടങ്ങിയിട്ടുണ്ട്. ഗുജറാത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ സോഷ്യല്‍ മീഡിയ പേടി ബിജെപിയെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടപ്പെടുകയാണ്. ബീഫിന്റെയും പശുസംരക്ഷണത്തിന്റേയും പേര് പറഞ്ഞ് സംഘപരിവാറിന്റെ ആള്‍ക്കൂട്ട അക്രമിസംഘങ്ങള്‍ നടത്തുന്ന കൊലപാതകങ്ങള്‍, നോട്ട് നിരോധനം, ജി എസ് ടി, എല്ലാത്തിലും സര്‍ക്കാര്‍ ശക്തമായ വിമര്‍ശനവും പ്രതിഷേധവും നേരിടുന്നു.

ബിജെപിയുടെ ട്രോള്‍ ആര്‍മി ഇപ്പോള്‍ അവരുടെ നില കൂടുതല്‍ മോശമാക്കിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ. ഗൗരിയുടെ കൊലപാതകം സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ക്യാമ്പുകള്‍ ആഘോഷിക്കുകയായിരുന്നു. വര്‍ഗീയ പ്രചാരണവും അധിക്ഷേപ പ്രചാരണങ്ങളും നടത്തിക്കൊണ്ടിരുന്ന പല ട്വിറ്റര്‍ ഹാന്‍ഡിലുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്നവയായിരുന്നു. ബിജെപിക്കും മോദിക്കുമെതിരെ എതിക ‘Block Narendra Modi’ എന്ന പേരിലുള്ള ഹാഷ് ടാഗ് കാമ്പെയിന്‍ വൈറലായിരുന്നു. Alt News, SMHoaxSlayer, BoomLive, തുടങ്ങിയ സൈറ്റുകള്‍ വ്യാജവാര്‍ത്തകളെ തുറന്നുകാട്ടുന്നതില്‍ ഊന്നല്‍ നല്‍കിയിരുന്നു. ബിജെപിയേയും അതിന്റെ സോഷ്യല്‍മീഡിയ സെല്ലുകളേയും പ്രതിപക്ഷം വളഞ്ഞിരിക്കുന്നു. മോദി പ്രതികരിക്കാതിരുന്നപ്പോള്‍ രവിശങ്കര്‍ പ്രസാദ്, പ്രധാനമന്ത്രിയെ ഫോളോ ചെയ്തിരുന്ന ട്രോളര്‍മാരേയും തള്ളിപ്പറഞ്ഞു. സോഷ്യല്‍മീഡില്‍ രാഷ്ട്രീയനേട്ടത്തിനായി വളരെ മോശപ്പെട്ടതും വ്യാജവിവരങ്ങളുള്ളതുമായ പോസ്റ്റുകള്‍ ബിജെപിയും സംഘപരിവാറും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഈ വ്യാജപ്രചരണ സംവിധാനത്തിനാണ് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍