UPDATES

ദിലീപിനെ മദനിയാക്കുന്നതിന് മുമ്പ്; രാജ്യത്തെ മൂന്നില്‍ രണ്ട് തടവുകാരും വിചാരണ തടവുകാര്‍

വിചാരണ തടവുകാരില്‍ 55 ശതമാനം പേരും ദളിതരോ മുസ്ലീങ്ങളോ ആദിവാസികളോ ആണ്

സഹാനുഭൂതി ഒരു കുറ്റമല്ല എന്ന് സെബാസ്റ്റ്യന്‍ പോളിന് മാത്രമല്ല തോന്നുന്നത്. എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള അവകാശങ്ങളുണ്ട്. അവരെല്ലാം സഹാനുഭൂതി അര്‍ഹിക്കുന്നവരാണ്. പക്ഷെ ചില പ്രത്യേക പ്രമുഖ വ്യക്തികളോട് മാത്രം തോന്നുന്ന ഈ സഹാനുഭൂതിയെ കാപട്യം എന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ല. മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെ പ്രതികൂലമായി ബാധിക്കുംവിധം പ്രവര്‍ത്തിക്കുന്നവര്‍ക്ക്, അതായത് കുറ്റവാളികള്‍ക്കും കുറ്റാരോപിതര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉള്ളപ്പോള്‍ തന്നെ മറ്റ് മനുഷ്യരെ അപേക്ഷിച്ച് ചില സ്വാതന്ത്ര്യനിഷേധങ്ങള്‍ അനുഭവിക്കേണ്ടി വരും. അങ്ങനെയല്ലാതെ സമൂഹത്തിന് മുന്നോട്ട് പോകാനാവില്ല. എല്ലാവര്‍ക്കും അനിയന്ത്രിത സ്വാതന്ത്ര്യം ലഭിക്കുക എന്നാല്‍ അത് സമ്പൂര്‍ണ അരക്ഷിതാവസ്ഥയിലേയ്ക്ക് നയിക്കും. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനും മറ്റെല്ലാം തടവുകാര്‍ക്കുമുള്ള അവകാശങ്ങളുണ്ട്. അതിനപ്പുറം ഒരു പ്രത്യേകതയും ഇല്ല താനും.

വിചാരണയില്ലാതെ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുന്ന അബ്ദുള്‍ നാസര്‍ മദനി അടക്കമുള്ളവര്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ സംബന്ധിച്ച് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നുണ്ട്. മദനി അടക്കം സെബാസ്റ്റ്യന്‍ പോള്‍ പരാമര്‍ശിക്കുന്ന ഏതെങ്കിലുമൊരു വ്യക്തിയുമായി ദിലീപിനെ എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും എന്ന ചോദ്യമുണ്ട്. 60 ദിവസമാണ് ദിലീപ് ജയിലില്‍ കഴിഞ്ഞത്. പ്രോസിക്യൂഷന്റെ വാദം കോടതിക്ക് വിശ്വാസയോഗ്യമായി തോന്നിയതിനാന്‍ ജാമ്യം തുടര്‍ച്ചയായി നിഷേധിക്കപ്പെട്ടു. ജാമ്യം വീണ്ടും ബുധനാഴ്ച പരിഗണിക്കാനിരിക്കെ ദിലീപിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മലയാള സിനിമാ പ്രവര്‍ത്തകരുടെ ഘോഷയാത്ര നടന്നു. സുഹൃത്തിനെയും സഹപ്രവര്‍ത്തകനേയും കാണാന്‍ ജയിലില്‍ പോകുന്നത് തെറ്റൊന്നുമല്ല. പക്ഷെ ദിലീപ് അനുകൂല സഹതാപ തരംഗം ഉണ്ടാക്കാനെന്ന വണ്ണമുള്ള ഈ കൂട്ട സന്ദര്‍ശനവും പിന്തുണ അറിയിച്ചുകൊണ്ടുള്ള നടന്മാരുടെ പ്രസ്താവനകളും ദുരുദ്ദേശപരമായി തന്നെ കാണേണ്ടി വരും. ആക്രമിക്കപ്പെട്ട നടിയോട് ഇവര്‍ക്ക് യാതൊരു സഹാനുഭൂതിയും ഉണ്ടായിരുന്നില്ല.

വിചാരണ തടവുകാരെക്കുറിച്ച് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞ സാഹചര്യത്തില്‍ മലയാളികളായ മദനി മുതല്‍ മുരളി (മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി) വരെ ഉള്ളവരെ കുറിച്ചും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിചാരണ തടവുകാരായി കടുത്ത മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരെക്കുറിച്ചും ഓര്‍ക്കേണ്ടതുണ്ട്. കാരണം അവരെ അപമാനിക്കുകയാണല്ലോ സെബാസ്റ്റ്യന്‍ പോള്‍ ചെയ്തത്.

ആരാണ് ഇത്തരത്തില്‍ വിചാരണ കൂടാതെ ജീവിതത്തിന്റെ നല്ലൊരു പങ്കും ജയിലില്‍ നരകയാതന അനുഭവിക്കുന്നവര്‍? അവരൊന്നും ദിലീപിനെ പോലൊരു പ്രമുഖ നടനാവാന്‍ സാധ്യതയില്ല. അഭിനയത്തിന് പുറമെ നിര്‍മ്മാണം, വിതരണം, തീയറ്റര്‍ ഉടമസ്ഥത ഇതിലെല്ലാം കൈവച്ച് ഒരു സിനിമ ഇന്‍ഡസ്ട്രിയെ ആകെ കുറേക്കാലം നിയന്ത്രിക്കുന്നവരല്ല അവരൊന്നും. സാമ്പത്തികമായും സാമൂഹ്യമായും ജാതിപരമായും യാതൊരു പ്രിവിലേജും ഈ സമൂഹത്തില്‍ കിട്ടാത്ത മനുഷ്യരാണവര്‍. അവന്‍ ഇത് ചെയ്യുമെന്ന് കരുതുന്നില്ല, അവനെ എനിക്കറിയാം എന്ന് പറഞ്ഞ് ഒരാളും അവര്‍ക്ക് പിന്തുണയുമായി എത്തിയിട്ടില്ല. അവരില്‍ കൂടുതലും ദളിതരോ മുസ്ലീങ്ങളോ ആദിവാസികളോ ആണ്. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവര്‍. കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വിചാരണ നേരിടുന്നവരായാലും വിചാരണ കിട്ടാതെ തടവില്‍ കിടക്കേണ്ടി വരുന്നവരായാലും ശിക്ഷിക്കപ്പെടുന്നവരായാലും അങ്ങനെ തന്നെയാണ്.

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) 2015ലെ പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മൂന്നില്‍ രണ്ട് തടവുകാരും വിചാരണ തടവുകാരാണ്. മൊത്തം തടവുകാരില്‍ 67 ശതമാനം വിചാരണ തടവുകാര്‍. 2.82 ലക്ഷത്തിലധികം വിചാരണ തടവുകാരാണ് രാജ്യത്തുള്ളത്. ഇവരില്‍ ദീര്‍ഘകാലമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്ന നിരവധി പേരുണ്ട് – മദനിയടക്കം.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ 2017 ജൂലായില്‍ പുറത്തിറക്കിയ Justice Under Trial: A Study of Pre-trial Detention in India എന്ന റിപ്പോര്‍ട്ട് എന്‍സിആര്‍ബിയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് തന്നെ രാജ്യത്തെ വിചാരണ തടവുകാര്‍ നേരിടുന്ന കടുത്ത നീതിനിഷേധവും ദുരിതവും അനുഭവിക്കുന്ന കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ 500 ജില്ലകളില്‍ നിന്നും വിവിധ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും 3000-ത്തോളം വിവരാവകാശ അപേക്ഷകള്‍ വഴിയടക്കം ശേഖരിച്ച വിവരങ്ങളാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം.

വിചാരണ തടവുകാരില്‍ 55 ശതമാനം പേരും ദളിതരോ മുസ്ലീങ്ങളോ ആദിവാസികളോ ആണ്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 39 ശതമാനമാണ് ഈ വിഭാഗങ്ങളെല്ലാം ചേര്‍ന്ന് വരുന്നത്. 29 ശതമാനം പേരും നിരക്ഷരരാണ്. 42 ശതമാനം പേര്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിചാരണ തടവുകാരെ കൃത്യമായി കോടതിയില്‍ ഹാജരാക്കാറ് പോലുമില്ല. 2014 സെപ്റ്റംബര്‍ മുതല്‍ 2015 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തില്‍ വിചാരണ തടവുകാരെ കോടതിയില്‍ ഹാജരാക്കാത്ത 82,334 സംഭവങ്ങളാണുണ്ടായത്. പൊലീസ് എസ്‌കോര്‍ട്ടോടെ കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ പിന്നെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കുക എന്നതാണ് വഴി. ഇതും ഉപയോഗിക്കുന്നില്ല പല കേസുകളിലും എന്നാണ് റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ വീഡിയോകോണ്‍ഫറന്‍സിംഗ് വേണ്ടിയിരുന്നിടത്ത് അത് നടത്താത്ത 27,691 സംഭവങ്ങളുണ്ടെന്നാണ് വിവരാവകാശ രേഖ പ്രകാരം ആംനസ്റ്റി ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന വിവരം.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്സ് – 2015

ആംനസ്റ്റി ഇന്റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ട്:

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍