UPDATES

ട്രെന്‍ഡിങ്ങ്

മുത്തലാഖ് ബിൽ ലോകസഭയിൽ പാസ്സായി; ചർച്ചയിൽ ശബരിമല വിഷയവും ഉയർത്തപ്പെട്ടു; പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി

മൂന്ന് വാദമുഖങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. ഭർത്താവിന് മൂന്നു വർഷത്തെ തടവ് നൽകണമെന്ന ബില്ലിലെ വ്യവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം പറഞ്ഞു…

മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലിം പുരുഷൻ മുസ്ലിം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന ആചാരം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ലോകസഭ പാസ്സാക്കി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് ബിൽ പാസ്സായത്. കോൺഗ്രസ്സ്, എഐഎഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കുന്നതിനെതിരെ നിലപാടെടുത്തായിരുന്നു വാക്കൗട്ട്. ബില്ല് പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു പാർലമെന്ററി കമ്മറ്റി ആവശ്യമാണെന്ന നിലപാടും ഈ പാർട്ടികൾ മുമ്പോട്ടു വെച്ചു. എന്നാൽ പ്രതിപക്ഷം ബില്ലിനെ രാഷ്ട്രീയക്കണ്ണുകളോടെയാണ് കാണുന്നതെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. മാനുഷികതയുടെ കണ്ണുകളോടെ ബില്ലിനെ കാണണമെന്ന് അദ്ദേഹം ഉപദേശിച്ചു. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ സർക്കാരിന്റെ വാദങ്ങളെ മിക്ക പ്രതിപക്ഷ പാർ‌ട്ടികളും തള്ളുകയാണുണ്ടായത്. എഐഎഡിഎംകെ, കോൺഗ്രസ്സ്, ബിജു ജനതാദൾ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സമാജ്‍വാദി പാര്‍ട്ടി തുടങ്ങിയ പാർട്ടികൾ എതിർ വാദമുഖങ്ങളുമായി എത്തി. പാർലമെന്റിന്റെ രണ്ട് സഭകളുടെയും ഒരു പാർലമെന്ററി കമ്മറ്റിയുടെ പരിഗണനയ്ക്ക് ബിൽ വിടണമെന്ന് ഇവരെല്ലാം വാദിച്ചു.

മൂന്ന് വാദമുഖങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. ഭർത്താവിന് മൂന്നു വർഷത്തെ തടവ് നൽകണമെന്ന ബില്ലിലെ വ്യവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം പറഞ്ഞു. രാജ്യത്തെ മറ്റൊരു മതത്തിലും ഭാര്യയെ ഉപേക്ഷിക്കുന്നതിന് ഇത്രയും കടുത്ത ശിക്ഷയില്ലെന്നത് പാർട്ടികൾ ചൂണ്ടിക്കാട്ടി. ഭർത്താവ് ജയിലിലായാൽ ആരാണ് ഭാര്യക്ക് ചെലവ് നൽകുക എന്നതിലും വ്യക്തതയില്ലെന്ന് പ്രതിപക്ഷം വാദിക്കുന്നു. ഒരു കുടുംബത്തെ തകർക്കാനല്ലാതെ ഒരുമിപ്പിക്കാൻ ഇത്തരം കടുത്ത നടപടികൾക്ക് സാധിക്കുമോയെന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു.

2017ലാണ് മുസ്ലിം ബിൽ വിമൻ ബിൽ ലോകസഭയിൽ പാസ്സാക്കിയതിനു ശേഷം രാജ്യസഭയുടെ പരിഗണനയ്ക്ക് വിട്ടത്. ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനായില്ല. ബില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിഷയനിര്‍ണയസമിതിക്ക് വിടണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് സർക്കാർ തയ്യാറായില്ല. കുറ്റം ചെയ്തയാൾക്കുള്ള ജയിൽ ശിക്ഷയുടെ കാലാവധിയിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറായില്ല. തുടർന്ന് സർക്കാർ ഓർഡിനൻസ് പുറത്തിറക്കുകയായിരുന്നു. ഈ ഓർഡിനൻസിന് പകരമായി കൊണ്ടുവന്ന ബില്ലാണ് ഇന്ന് പാസ്സായിരിക്കുന്നത്.

ശബരിമല വിഷയത്തിൽ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി മുത്തലാഖ് എന്ന ആചാരത്തെ ഏതിർക്കുന്നതിലെ ഇരട്ടത്താപ്പ് സഭയിൽ ചർച്ചക്കിടെ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ ബില്ല് മതത്തിനെതിരല്ലെന്നും ശബരിമല വിഷയവും മുത്തലാഖും ഒന്നല്ലെന്നും ബിജെപി വാദിച്ചു. അസദുദീന്‍ ഒവൈസിയാണ് ഇരട്ടത്താപ്പ് ആരോപിച്ചത്. ശബരിമല വിഷയത്തെയും മുത്തലാഖിനെയും ഒരുപോലെ കാണരുതെന്നായിരുന്നു മീനാക്ഷി ലേഖിയുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍