UPDATES

ത്രിപുരയില്‍ ഭാരത മാതാവിന് കാവി സാരി ഇല്ല; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക തന്ത്രങ്ങളുമായി സംഘപരിവാര്‍

വടക്കുകിഴക്കന്‍ പ്രചാരണത്തില്‍ പ്രാദേശിക മുദ്രകളെയും ബിംബങ്ങളെയും കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ത്രിപുരയില്‍ ബിജെപി ഭാരത മാതാവിന്റെ ചിത്രത്തിലെ കാവി സാരി ഉപേക്ഷിക്കുന്നു. പകരം തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനത്തെ ത്രിപുരി, റയാംഗ്, ചക്കമ, ദേവബ്രമാസ് ഭാഷകള്‍ സംസാരിക്കുന്ന ഗോത്രവിഭാഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളിലാവും സംസ്ഥാനത്ത് ഭാരത മാതാവിന്റെ ചിത്രം ഇനി പ്രത്യക്ഷപ്പെടുക എന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ഗോത്രത്തിന്റെയും പരമ്പരാഗത വേഷങ്ങളാവും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ ബംഗാളിലെ ഹൈന്ദവ സമൂഹത്തെ ആകര്‍ഷിക്കുന്നതിനായി അവിടെ കാവി സാരി ധരിച്ച ഭാരത മാതാവിന്റെ ചിത്രങ്ങള്‍ തന്നെ ഉപയോഗിക്കും.

വടക്കുകിഴക്കന്‍ മേഖലയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മുന്നൂറോളം വരുന്ന ഗോത്രങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ തങ്ങളുടെ ശേഖരം വിപുലപ്പെടുത്താനും ബിജെപി ആലോചിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട ഗോത്രങ്ങളില്‍ ഇന്ത്യയുടെ ഭാഗമാണെന്ന ധാരണ ശക്തിപ്പെടുത്തുകയും ഭാരത മാതാവിന്റെ അവകാശം ഉച്ചരിക്കാന്‍ അവരെയും പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് തന്ത്രത്തിന്റെ പിന്നിലെന്ന് ത്രിപുരയിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവ് പ്രതികരിച്ചു. ദേശീയ ദൈവവും അമ്മ ദേവതയും ത്രിപുരയില്‍ അതിന്റെ ഇപ്പോഴുള്ള രൂപത്തിലാവില്ല പ്രത്യക്ഷപ്പെടുക. ഇവിടെ ദേശീയ പതാക ഏന്തി, ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനായി ബിജെപി ഇതിനകം തന്നെ 20-ന് മേല്‍ പ്രായമുള്ള സ്ത്രീകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതും പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങില്‍ ബിജെപി സ്വീകരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രത്തെ പ്രതിഫലിക്കുന്നതാണ് ഈ മാറ്റങ്ങളൊക്കെത്തന്നെയും. പ്രദേശിക ആഖ്യാനങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ടും പ്രദേശിക സഖ്യങ്ങളെയും താല്‍പര്യങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടുമാണ് 2016ല്‍ അസമിലും ഈ വര്‍ഷം ആദ്യം മണിപ്പൂരിലും പാര്‍ട്ടി വിജയം നേടിയത്. എന്നാല്‍, നാനാത്വത്തിന് പകരം ഏകത്വത്തെ ഊട്ടിയുറപ്പിക്കുന്ന അതിന്റെ സ്വാഭാവിക പ്രേരണകളില്‍ നിന്നും പൂര്‍ണമായി മുക്തരാവാന്‍ അവര്‍ക്ക് സാധിക്കുകയുമില്ലെന്ന് സ്ക്രോള്‍ റിപ്പോര്‍ട്ട് പറയുന്നു.

വടക്കുകിഴക്കന്‍ പ്രചാരണത്തില്‍ പ്രാദേശിക മുദ്രകളെയും ബിംബങ്ങളെയും കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി ഹൈന്ദവ ദേശീയതയുടെ വിശാല ആഖ്യാനത്തിന് ഇണങ്ങുന്നതും തീവ്രദേശാഭിമാന പദ്ധതികളില്‍ ഉള്‍പ്പെടുത്താവുന്നതുമായി നിരവധി പ്രദേശിക ചരിത്ര വ്യക്തികളെ ബിജെപി തിരഞ്ഞെടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും വിട്ടുപോകാനുള്ള പ്രസ്ഥാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാഗലാന്റിലും മണിപ്പൂരിലും സെലിയാന്‍ഗ്രോംഗ് ഗോത്രത്തില്‍ നിന്നുള്ള റാണി ഗൈഡിന്‍ല്യൂവിനെയാണ് ബിജെപി കണ്ടെത്തിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമല്ല, പ്രദേശിക സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ വിശ്വസിച്ചിരുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയും പോരാട്ടം നടത്തിയ വനിതയായി അവരെ ഉയര്‍ത്തിക്കാണിക്കാനായിരുന്നു ശ്രമം.

മണിപ്പൂരിന് മുകളില്‍ വംശീയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍

എന്നാല്‍ നാഗലാന്റില്‍ ഈ വാദം പൊളിഞ്ഞു. സ്വയം നിര്‍ണയത്തിനുള്ള നാഗ പ്രസ്ഥാനമായിരുന്ന നാഗ നാഷണല്‍ കൗണ്‍സിലിനെതിരെയും റാണി പോരാടിയിരുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു. മാത്രമല്ല നാഗ മതത്തില്‍ നിന്നും വ്യത്യസ്തമായ ഹെറാക വിശ്വാസിയായിരുന്നു അവരെന്നും സ്ഥാപിക്കപ്പെട്ടു. നാഗ ദേശീയതയെയും സംസ്ഥാനത്തിന്റെ തദ്ദേശീയ സംസ്‌കാരത്തെയും ബിജെപി തള്ളിക്കളയുകയാണ് എന്ന ധാരണയാണ് പരക്കെ ഉണ്ടായത്.

മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സ്വാതന്ത്ര്യ സമരസേനാനികളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ആന്തമാന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ തികേന്ദ്ര സിംഗ്, അസമില്‍ ഗോപിനാഥ് ബോര്‍ദലോയ്, മേഘാലയയില്‍ യു തിരോത്ത് സിംഗ്, യു കിയാങ് നാന്‍ഗ്ബാഗ് ഒക്കെ ഇതിനുദാഹരണങ്ങളാണ്. ഹിന്ദുത്വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന 16-ാം നൂറ്റാണ്ടിലെ സാമൂഹ്യ-മത പരിഷ്‌കര്‍ത്താവായിരുന്ന ശങ്കര്‍ദേവയെയും അസമില്‍ ബിജെപി ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ പഴയ യുദ്ധങ്ങള്‍ ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങളായിരുന്നു എന്ന് പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. മുഹമ്മദലി ജിന്നയുടെ മുന്നേറ്റങ്ങള്‍ ചെറുത്ത ബോദലോയ് ‘ഹിന്ദുത്വ’ നായകനായി മാറുന്നു. അഹോം രാജാക്കന്മാര്‍ മുഗളന്മാരെ തോല്‍പിച്ച സരായ്ഗാട്ട് യുദ്ധം, മുസ്ലീം അധിനിവേശക്കാര്‍ക്കെതിരായ ഹിന്ദു വിജയമായി ആഘോഷിക്കപ്പെടുന്നു. എന്നാല്‍ യുദ്ധം നയിച്ചിരുന്ന അഹോമായ ലാച്ചിത് ബര്‍പുഖാന്‍ തന്റെ സെക്കന്റ് കമാന്റന്റായി ഒരു മുസ്ലീമിനെയാണ് നിയോഗിച്ചതെന്നതും മുഗള്‍ സേനയെ ഒരു ഹിന്ദുവാണ് നയിച്ചതെന്നുമുള്ള ചരിത്ര വസ്തുതകള്‍ ബോധപൂര്‍വം വിസ്മരിക്കുകയും ചെയ്യുന്നു.

വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ബിജെപി ലക്ഷ്യത്തിന് ബീഫ് തിരിച്ചടിയാകുമോ?

ചരിത്രത്തെ കൗശലപൂര്‍വം വളച്ചൊടിച്ചുകൊണ്ടും സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെയും ആദിവാസികളെ ഹിന്ദു കുടക്കീഴിലേക്ക് കൊണ്ടുവരാന്‍ വളരെക്കാലമായി ബിജെപി ശ്രമിക്കുന്നുണ്ട്. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ എന്ന് അര്‍ത്ഥം ‘ആദിവാസി’ എന്ന വാക്കിന് പകരം വനത്തില്‍ പാര്‍ക്കുന്നവര്‍ എന്ന് അര്‍ത്ഥം വരുന്ന ‘വനവാസികള്‍’ എന്ന പ്രയോഗമാണ് അവര്‍ കുറെക്കാലമായി ഉപയോഗിക്കുന്നത്. ക്രിസ്ത്യാനികളായി മാറുന്നതിന് മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ ആദിവാസി ഗോത്രങ്ങളും ഹിന്ദുക്കളായിരുന്നു എന്നതാണ് സംഘപരിവാര്‍ വാദം.

സംഘ്പരിവാര്‍ സംഘടനകളായ വനവാസി കല്യാണ്‍ ആശ്രം, സേവ ഭാരതി, ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍, വിവേകാനന്ദ കേന്ദ്ര എന്നിവയെല്ലാം മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി പ്രദേശങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അന്യമായ ഈ പ്രദേശങ്ങളില്‍ സ്‌കൂളുകളും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിക്കൊണ്ട് സ്വാധീനം വ്യാപിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുമുണ്ട്. മധ്യപ്രദേശിലും ഗുജറാത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് നേട്ടങ്ങളാക്കി മാറ്റാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഇതേ സംഘപരിവാര്‍ ശൃംഖല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അവരുടെ ഇപ്പോഴത്തെ ശ്രമം.

ഇരുള്‍മൂടും കാലം അടുക്കുകയാണ്- എഡിറ്റോറിയല്‍

അസം ശങ്കര്‍ദേവ് ശിശു കുഞ്ചയ്ക്ക് 1979ല്‍ തന്നെ അവര്‍ തുടക്കം കുറിച്ചിരുന്നു. മിസോറാമിലെ വംശീയഹത്യയില്‍ നിന്നും രക്ഷപ്പെട്ട ബ്രൂക്കള്‍ക്ക് വേണ്ടി സ്ഥാപിച്ച ത്രിപുരയിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ 1998ല്‍ വനവാസി കല്യാണ്‍ ആശ്രം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബ്രൂക്കള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളാണ് എന്ന് പ്രചരിപ്പിച്ചുകൊണ്ട് അവിടെ ചില കുഴപ്പങ്ങളും സംഘടന സൃഷ്ടിച്ചിരുന്നു. മണിപ്പൂര്‍, ത്രിപുര, അസം സംസ്ഥാനങ്ങളില്‍ 12,000 കുട്ടികളെ ആകര്‍ഷിച്ചുകൊണ്ട് 340 ഏകല്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചതായി 2014 സംഘപരിവാര്‍ അവകാശപ്പെട്ടിരുന്നു.

എന്നിരുന്നാലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന് അത്ര എളുപ്പമല്ല. നാഗകള്‍, കുക്കികള്‍, ബോഡോകള്‍ എന്നിവര്‍ക്കെല്ലാം പ്രദേശത്ത് ആഴ്ന്നിറങ്ങുന്ന വിശ്വാസങ്ങളും മാതൃരാജ്യത്തെ കുറിച്ച് സ്വന്തമായ ഐതീഹ്യങ്ങള്‍ ഉള്ളവരുമാണ്. ജാതി അധികാരക്രമം ദളിതരെയും ആദിവാസി സമൂഹങ്ങളെയും പ്രാന്തവല്‍ക്കരിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് കുക്കി എഴുത്തുകാരനായ ജംഗ്‌ഘോലാം ‘എന്റെ ഗ്രാമത്തെ രക്ഷിക്കാന്‍ ദൈവത്തിനാവുമോ’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ചത് ഈ പശ്ചാത്തലത്തിലാണ്. പുറത്ത് നിന്നുള്ള സ്വാധീനം തങ്ങളുടെ തദ്ദേശീയ സംസ്‌കാരത്തെ നശിപ്പിക്കുമോ എന്ന അവരുടെ ഭീതി ഉയരുമ്പോള്‍, ഹിന്ദുത്വ ഒരു ഭീഷണിയുടെ സ്വഭാവത്തിലേക്ക് മാറുന്നു.

ഭാരത് മാതയെന്ന ആശയം യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്തത്: ഇര്‍ഫാന്‍ ഹബീബ്

ഇതിനെ ചെറുക്കുന്നതിനായി ഹിന്ദുത്വ മുദ്രാവാക്യം കുറഞ്ഞ അളവില്‍ മാത്രം പ്രയോഗിക്കുക എന്ന തന്ത്രമാണ് ബിജെപി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. മണിപ്പൂരിലും അസമിലും വികസനമുദ്രാവാക്യം അവരുയര്‍ത്തിയത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. അസമിലെ ചില സംഘങ്ങള്‍ ഉന്നയിക്കുന്ന പട്ടികവര്‍ഗ്ഗ പദവി വാദവുമായും മണിപ്പൂരിലെ മലമ്പ്രദേശ ഗോത്രങ്ങളുടെ അരക്ഷിതത്വവുമായും താദാത്മ്യം പ്രാപിച്ചുകൊണ്ട് ചില പ്രാദേശിക താല്‍പര്യങ്ങളെ പിന്തുണയ്ക്കാനും അവര്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവിടെ പോലും മറ്റ് ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. ഗോത്രവര്‍ഗ്ഗങ്ങളുടെയും പ്രാദേശിക ഘടകങ്ങളുടെയും ഒരു മഴവില്‍ സഖ്യമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടയില്‍ ഗുവാഹത്തിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമന്ത്രി മോദി ആരംഭിച്ചത് ഹൈന്ദവ ദേവതയായ കാമഖ്യയെ സ്തുതിച്ചുകൊണ്ടായിരുന്നു.

അസമില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ ഭീതിയില്‍ നിന്നും നേട്ടം കൊയ്യാനും ബിജെപിക്ക് സാധിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കളും മുസ്ലീങ്ങളുമായ കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് തദ്ദേശവാദികളുടെ ആവശ്യം. എന്നാല്‍ ഹിന്ദുക്കള്‍ അവിടുത്തെ മതപീഢനങ്ങളില്‍ നിന്നും രക്ഷപ്പെട്ടവരാണെന്നും ഗോത്രഭൂമിയിലേക്ക് നുഴഞ്ഞുകയറുന്നത് അവിടെ നിന്നുള്ള മുസ്ലീങ്ങളാണെന്നും ബിജെപി വാദിക്കുന്നു. ഗോത്രവര്‍ഗ്ഗ അനുകൂലവും മുസ്ലീം വിരുദ്ധവുമാണ് തങ്ങളെന്ന് സ്ഥാപിക്കാനായിരുന്നു ഇതിലൂടെ ബിജെപി ശ്രമിച്ചത്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലെ രണ്ട് പ്രധാന ഗോത്രവര്‍ഗ്ഗ പാര്‍ട്ടികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ ബിജെപി ആരംഭിച്ച് കഴിഞ്ഞു. ആദിവാസി താത്പര്യങ്ങളെ മൃദുഹിന്ദുത്വവുമായി കൂട്ടിയിണക്കൊണ്ട് അസമില്‍ നേടിയ വിജയം ത്രിപുരയിലും ആവര്‍ത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വേണം ഭാരത് മാതാവിനെ വേഷം മാറ്റി അവതരിപ്പിച്ചുകൊണ്ടുള്ള തന്ത്രങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍.

ഇന്ത്യയില്‍ നിന്നും ‘ഭാരത് മാത’യെ രക്ഷിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍