UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഏത് രാഷ്ട്രീയ പാർട്ടിയെക്കാളും ശക്തനാണ് എന്നിലെ രാജാവ്”: ത്രിപുര കോൺഗ്രസ് പ്രസിഡണ്ട് പാർട്ടി വിട്ടു

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പാർട്ടിയുമായി പ്രദ്യോത് അകന്നിരുന്നു.

ത്രിപുര കോൺഗ്രസ് പ്രസിഡണ്ട് പ്രദ്യോത് കിഷോർ മാണിക്യ ദേബ്‌ബർമ പാർട്ടിയിൽ നിന്നും രാജി വെച്ചു. ക്രിമിനലുകളുടെയും കള്ളന്മാരുടെയും വാക്കുകൾ കേട്ടിരിക്കേണ്ടി വരില്ലെന്നോർത്ത് താൻ ആശ്വസിക്കുകയാണെന്ന് ഫേസ്ബുക്കിൽ ഇദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് പറഞ്ഞു. ഒരാഴ്ച മുമ്പ് ഇദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

“ഏറെക്കാലത്തിനു ശേഷം ഇന്ന് ഞാൻ ആശ്വാസത്തോടെ ഉണർന്നെണീറ്റു. ക്രിമിനലുകളുടെയും നുണയന്മാരുടെയും വാക്കുകൾക്ക് കാതു കൊടുക്കേണ്ടതില്ലാത്ത ഒരു ദിവസം തുടങ്ങുന്നു. ഏത് സഹപ്രവർത്തകനാണ് എന്നെ പിന്നിൽ നിന്ന് കുത്തുക എന്ന് ഭയപ്പെടേണ്ടതില്ലാത്ത ഒരു ദിവസം. അഴിമതിക്കാര്‍ക്ക് പദവികൾ നൽകാൻ ഹൈക്കമാൻഡിൽ നിന്നുള്ള വിളികൾ ഇനി കേൾക്കേണ്ടി വരില്ല,” പ്രദ്യോത് കുറിച്ചു.

ഏത് രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനത്തെക്കാളും ശക്തനാണ് തന്നിലെ രാജാവെന്ന് പ്രദ്യോത് പറഞ്ഞു. ഇന്ന് തനിക്ക് സംസ്ഥാനത്തെ സത്യസന്ധമായ മനസ്സോടെ സേവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ മാണിക്യ രാജവംശത്തിലെ അംഗമാണ് പ്രദ്യോത്.

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പാർട്ടിയുമായി പ്രദ്യോത് അകന്നിരുന്നു. ഈ വിഷയത്തിൽ‌ ബിജെപിയുടെ അതേ നിലപാടാണ് പ്രദ്യോതിനുള്ളത്. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ത്രിപുരയിൽ ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.

ഈ ഹരജി പിൻവലിക്കാൻ പാർട്ടി നേത‍ൃത്വം സമ്മർദ്ദം ചെലുത്തിയെങ്കിലും കാര്യമുണ്ടായില്ല. പിൻവലിക്കേണ്ടി വന്നാൽ താൻ രാജി വെച്ച് പുറത്തു പോകുമെന്നായിരുന്നു നിലപാട്.

അതെസമയം, താൻ പാർട്ടിയിൽ നിന്നും രാജി വെക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മറ്റൊരു പാർട്ടിയിലും അംഗമായിട്ടില്ലെന്നും പ്രദ്യോദ് വിശദീകരിച്ചു. ഇദ്ദേഹം ബിജെപിയിലേക്ക് പോകാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍