“അത്തരത്തിലുള്ള ഒരു അപേക്ഷയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ടു വെച്ചിട്ടില്ല. ഇത് ഇന്ത്യയുടെ സ്ഥിരമായ നിലപാടാണ്.”
കശ്മീർ പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടെന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി വിമർശനങ്ങളുമായി പാർലമെന്റിൽ പ്രതിപക്ഷം. ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായ നിലപാടെടുത്ത പെരുമാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സഭകളിലും വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനായി സഭാനടപടികള്‍ നിർത്തി വെക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു.
ഇതേവിഷയത്തിൽ പ്രതിപക്ഷ നേതാക്കളുടെ ഒരു യോഗം കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ചേംബറിൽ ചേരുകയുണ്ടായി. അതെസമയം ട്രംപിനോട് ഇത്തരമൊരാവശ്യം ഇന്ത്യൻ പ്രധാനമന്ത്രി ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രാജ്യസഭയിൽ വിശദീകരണം നൽകി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടിൽ നിന്നും ഇന്ത്യ പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“അത്തരത്തിലുള്ള ഒരു അപേക്ഷയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ടു വെച്ചിട്ടില്ല. ഇത് ഇന്ത്യയുടെ സ്ഥിരമായ നിലപാടാണ്.” -വിദേശകാര്യവക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. പാകിസ്താനുമായുള്ള ഏതിടപാടിനും അതിർത്തി കടന്നുള്ള തീവ്രവാദം അവർ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ഇരുരാജ്യങ്ങളുടെ മുൻകൈയിൽ തന്നെ അവസാനിപ്പിക്കുന്നതിന് ഷില കരാറും ലാഹോർ പ്രഖ്യാപനവും മതിയായവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
We have seen @POTUS‘s remarks to the press that he is ready to mediate, if requested by India & Pakistan, on Kashmir issue. No such request has been made by PM @narendramodi to US President. It has been India’s consistent position…1/2
— Raveesh Kumar (@MEAIndia) July 22, 2019
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യര്‍ഥിച്ചതായും അദ്ദേഹം പറയുകയുണ്ടായി.
അതെസമയം കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കന്‍ മധ്യസ്ഥത പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്നലത്തെ ചർച്ചയിൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകള്‍ പറയുന്നു. കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു ട്രംപിന്റെ പിന്നീടുള്ള പ്രതികരണം.