UPDATES

ട്രെന്‍ഡിങ്ങ്

രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രി ഗെലോട്ടിനെതിരെ, രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

രണ്ട് മന്ത്രിമാര്‍ രാഹുല്‍ പറഞ്ഞതിനെ പിന്തുണച്ചും ഗെലോട്ടിനെതിരെയും രംഗത്തെത്തി. സഹകരണ മന്ത്രി ഉദയ് ലാല്‍, ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി രമേഷ് ചന്ദ് മീണ എന്നിവരാണ് ഗെലോട്ടിനെതിരെ വിമര്‍ശനവുമായി വന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റില്‍ ഒന്ന് പോലും ജയിക്കാനാകാത്ത രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രണ്ട് മന്ത്രിമാര്‍ തിരിഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ അശോക് ഗെലോട്ടിനും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനും പി ചിദംബരത്തിനുമെതിരെ പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മൂവരും മക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നിര്‍ബന്ധിം പിടിച്ചെന്നും അതില്‍ മാത്രമാണ് താല്‍പര്യം കാണിച്ചത് എന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മന്ത്രിമാര്‍ രാഹുല്‍ പറഞ്ഞതിനെ പിന്തുണച്ചും ഗെലോട്ടിനെതിരെയും രംഗത്തെത്തിയത്. സഹകരണ മന്ത്രി ഉദയ് ലാല്‍, ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി രമേഷ് ചന്ദ് മീണ എന്നിവരാണ് ഗെലോട്ടിനെതിരെ വിമര്‍ശനവുമായി വന്നത്.

ഉദയ് ലാല്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത് മുഖ്യമന്ത്രിക്ക് കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചാരണം നടത്താന്‍ കഴിയുമായിരുന്നു എന്നാണ്. പരാജയം ചെറുതായി കാണരുത് എന്ന് രമേഷ് ചന്ദ് മീണ പറഞ്ഞു. നേതാക്കള്‍ മക്കളുടെ കാര്യത്തില്‍ മാത്രമാണ് താല്‍പര്യം കാണിച്ചത് എന്നും മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങിയില്ല എന്നും റാഫേല്‍ പോലുള്ള വിഷയങ്ങള്‍ താന്‍ ഉന്നയിച്ചപ്പോള്‍ ഇതിന് പിന്തുണ നല്‍കിയില്ല എന്നും തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തവേ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ALSO READ: മക്കളെ സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസ്സ് നേതാക്കൾ സമ്മർദ്ദം ചെലുത്തി: പ്രവര്‍ത്തക സമിതി യോഗത്തിൽ രാഹുൽ

രാജസ്ഥാനില്‍ 2014ന്റെ ആവര്‍ത്തനമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായത്. കോണ്‍ഗ്രസിന് ഒന്നും കിട്ടിയില്ല. ബിജെപി 24 സീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) ഒരു സീറ്റിലും ജയിച്ചു. അശോക് ഗെലോട്ട് ഒരാഴ്ച മകന്റെ പ്രചാരണത്തിന് വേണ്ടി ജോധ്പൂരില്‍ കേന്ദ്രീകരിച്ചു എന്നും മറ്റ് മണ്ഡലങ്ങളില്‍ പോയില്ല എന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് 2.7 ലക്ഷത്തില്‍ പരം വോട്ടിനാണ് തോറ്റത്.

കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞത് പൂര്‍ണമായും ശരിയാണ്. രാഹുല്‍ജി പറഞ്ഞ കാര്യത്തില്‍ പരിശോധന വേണം. ഇത്ര വലിയ പരാജയത്തിന്റെ കാരണം പരിശോധിക്കപ്പെടണം. ഇത് നിസാരമായി കാണരുത്. ഭാവിയില്‍ ഇത്തരം പരാജയങ്ങള്‍ ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നും രമേഷ് ചന്ദ് മീണ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. അശോക് ഗെലോട്ടിന്റേയും കമല്‍നാഥിന്റേയും ചിദംബരത്തിന്റേയും പ്രവൃത്തികള്‍ പരിശോധിക്കപ്പെടണം എന്നും മീണ പറഞ്ഞു.

രാഹുല്‍ജി പാര്‍ട്ടിയുടെ തോല്‍വിയില്‍ അസ്വസ്ഥനായി രാജി സന്നദ്ധത അറിയിക്കുമ്പോള്‍ മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തോല്‍വിയില്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട് എന്ന് ഉദയ്‌ലാല്‍ അഞ്ജാന പറഞ്ഞു. ഗെലോട്ട് രാജി വയ്ക്കണം എന്ന് പറയാന്‍ താന്‍ ആളല്ല എന്നും അതേസമയം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കപ്പെടണം എന്നും അഞ്ജാന പറഞ്ഞു. രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഒട്ടും ശരിയായ രീതിയിലായിരുന്നില്ല. ഗെലോട്ടിന്റെ മകന്റെ പ്രശ്‌നവും ഒരു ഘടകമാണ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാഞ്ഞതില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ദേശീയ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് സച്ചിനെ ഉപമുഖ്യമന്ത്രിയാക്കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ആര്‍എല്‍പിയുമായി ബിജെപി സഖ്യമുണ്ടാക്കുന്നത് ഒഴിവാക്കി, അവരെ കോണ്‍ഗ്രസ് സഖ്യത്തിലേയ്ക്ക് കൊണ്ടുവരാന്‍ ഗെലോട്ട് ശ്രമിക്കേണ്ടതായിരുന്നു. നാഗോരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജ്യോതി മിര്‍ധയെ ആര്‍എല്‍പി അധ്യക്ഷന്‍ ഹനുമാന്‍ ബേനിവാള്‍ പരാജയപ്പെടുത്തിയിരുന്നു. ഗെലോട്ടും സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാലും എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയുമെല്ലാം അവിടെയുണ്ടായിരുന്നു. അവരാണ് തീരുമാനങ്ങളെടുത്തത്. സീറ്റ് വിതരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ഈ നേതാക്കളുമായി സംസാരിച്ചിരുന്നു. ബിജെപിക്ക് ആര്‍എല്‍പിയുമായി സഖ്യമുണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിഞ്ഞില്ല – ഉദയ്‌ലാല്‍ അഞ്ജാന ചോദിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ രാജി വയ്ക്കുകയാണ് എന്ന് കൃഷിമന്ത്രി ലാല്‍ ചന്ദ് കടാരിയ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഗവര്‍ണര്‍ക്ക് രാജി നല്‍കിയിട്ടുണ്ട് എന്നാണ് കടാരിയ പറയുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസോ ഗവര്‍ണറോ രാജിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടാരിയ ഇതുവരെ മാധ്യമങ്ങളോട് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍