UPDATES

ട്രെന്‍ഡിങ്ങ്

മോദി കാലത്തെ ഇന്ത്യയെക്കുറിച്ച് രാഷ്ട്രപതി നല്‍കുന്ന മുന്നറിയിപ്പുകള്‍

വെങ്കയ്യ നായിഡുവിന്റേത് മോദി പ്രകീര്‍ത്തനം; സാര്‍വദേശീയ സാഹോദര്യത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള സന്ദേശം നല്‍കുന്ന ഇന്ത്യന്‍ സിനിമയെ അഭിനന്ദിച്ച് കൊണ്ട് രാഷ്ട്രപതി

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലെ രണ്ട് പ്രസംഗങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേത്. മറ്റേത് വാര്‍ത്താവിതരണ – പ്രക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിന്റേത്. രാഷ്ട്രപതിയുടെ പ്രസംഗം വെങ്കയ്യ നായിഡുവിന്റെ പ്രസംഗത്തിന് ശേഷമായിരുന്നു. സാര്‍വദേശീയ സാഹോദര്യത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള സന്ദേശം നല്‍കുന്ന ഇന്ത്യന്‍ സിനിമയെ അഭിനന്ദിച്ച് കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.

വെങ്കയ്യ നാഡിയുവിന്റെ പ്രസംഗം ഏതാണ്ട് ഇങ്ങനെയായിരുന്നു. ‘ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ കെ വിശ്വനാഥിന്റെ സിനിമകള്‍ ബാഹ്യ സൗന്ദര്യമല്ല, ആന്തരിക സൗന്ദര്യം പ്രതിഫലിപ്പിക്കുന്നവയാണ്. അവ നമ്മുടെ പാരമ്പര്യവുമായി ചേര്‍ന്നു നില്‍ക്കുന്നു. അതുകൊണ്ട് സിനിമ നിര്‍മിക്കുന്നവര്‍ എല്ലാവരും നമ്മുടെ വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ പകര്‍ന്നു നല്‍കിയ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ട് സിനിമകള്‍ നിര്‍മ്മിക്കണം. സിനിമകള്‍ ഭാരതീയത പ്രതിഫലിപ്പിക്കണം എന്നു പറയുന്ന നായിഡുവും സാംസ്‌കാരിക ബഹുസ്വരത എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. വണ്‍ നേഷന്‍, വണ്‍ പീപ്പീള്‍, വണ്‍ ലീഡര്‍ എന്ന നിലയിലേക്കാണ് വെങ്കയ്യയുടെ പ്രസംഗത്തിന്റെ പോക്ക്.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം മുന്നോട്ടു പോവുകയാണ്. മോദി എന്നാല്‍ നരേന്ദ്ര മോദി എന്നല്ല. MODI എന്നാല്‍ മേക്കിംഗ് ഓഫ് ഡവലപ്ഡ് ഇന്ത്യ എന്നാണ്. ഡവലപ്മെന്റ് എന്നാല്‍ എല്ലാത്തിന്റേയും ഡവലപ്മെന്റാണ്. ഡവലപ്മെന്റ് ഓഫ് ക്രിയേറ്റീവിറ്റി, ഡവല്മെന്റ് ഓഫ് സോഷ്യല്‍ വാല്യൂസ്, റെസ്പെക്റ്റിംഗ് ഈച്ച് അദര്‍…ലിവിംഗ് ടുഗെദര്‍ ഹാര്‍മണി…” എന്നും നായിഡു അവിടെ പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ കുറിച്ച് പറയാനും വെങ്കയ്യ സമയം കണ്ടെത്തി. പ്രധാനമന്ത്രി മെയ്ക്ക് ഇന്‍ ഇന്ത്യക്ക് ആഹ്വാനം ചെയ്തിരിക്കുന്നു. അത് സിനിമകളില്‍ പ്രതിഫലിക്കുന്നുണ്ട്. സ്റ്റണ്ട് അവാര്‍ഡ് അടക്കം രണ്ട് അവാഡുകള്‍ പുതുതായി ഏര്‍പ്പെടുത്തി എന്നൊക്കെയാണ് വെങ്കയ്യ പറയുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ വളരെ മോശമായ രീതിയല്‍ ഒരു പ്രസംഗം എങ്ങനെ നടത്താം എന്നതിന് ഉദാഹരണമായിരുന്നു എഴുതി തയ്യാറാക്കി വായിച്ച വെങ്കയ്യ നായിഡുവിന്റെ പ്രസംഗം.

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

വൈവിധ്യങ്ങള്‍ നിറഞ്ഞ നാടാണ് നമ്മുടേത്. അതുപോലെ തന്നെ നമ്മുടെ സിനിമയും. അതിന് ചില കാര്യങ്ങള്‍ ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്നുണ്ട്. സാര്‍വദേശീയ സാഹോദര്യം, സഹിഷ്ണുത, സഹകരണം, സഹവര്‍ത്തിത്വം തുടങ്ങിയവ. നമുക്ക് തര്‍ക്കങ്ങളാവാം. പക്ഷേ അത് അസഹിഷ്ണുത ആവരുത്. അസഹിഷ്ണുവായ വ്യക്തിക്ക് ഇന്ത്യന്‍ സമൂഹത്തിലും ഇന്ത്യന്‍ സംസ്‌കാരത്തിലും സ്ഥാനമില്ല. ഈയൊരു അടിസഥാന കാര്യം ആരും മറന്നു പോകരുത്. ഈയൊരു കാര്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ സിനിമ മേഖലയ്ക്ക് ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സന്തോഷമുണ്ട്. ചെറിയൊരു ഇന്ത്യ തന്നെയാണ് ഇന്നിവിടെ വിജ്ഞാന്‍ ഭവനില്‍ കൂടിയിരിക്കുന്നതെന്നും പുരസ്‌കാര ജേതാക്കള്‍ അടക്കം സന്നിഹിതരായവരെ ഉദ്ദേശിച്ച് രാഷ്ട്രപതി പറഞ്ഞു.

പ്രണബ് മുഖര്‍ജി ഇത് ആദ്യമായല്ല അസഹിഷ്ണുതയെ കുറിച്ച് തന്റെ പ്രസംഗത്തില്‍ പറയുന്നത്. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത് അപകടകരമായ വിധത്തില്‍ വര്‍ഗീയ അസഹിഷ്ണുതയും അതിന്റെ ഭാഗമായുള്ള അക്രമങ്ങളും വ്യാപകമായി എന്നതാണ്. ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണത്. ദാദ്രിയില്‍ ബിഫീന്റെ പേരിലുള്ള കൊലപാതകം മുതല്‍ നിരവധി സംഭവങ്ങള്‍. ദാദ്രി സംഭവം നമ്മളില്‍ പലരേയും ഞെട്ടിച്ചിരിക്കാമെങ്കിലും ഇത്തരം സംഭവങ്ങള്‍ സാധാരണ വാര്‍ത്തയാകുന്ന, അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അസാധരണത്വം ഇല്ലാതാകുന്ന അപകടകരമായ സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞിട്ടുണ്ട്.

സ്വതന്ത്ര ചിന്തയും ബഹുസ്വരതയും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും ആക്രമിക്കപ്പെടുന്നു. സയന്‍സ് കോണ്‍ഗ്രസില്‍ ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് പ്രസംഗിക്കുന്ന പ്രധാനമന്ത്രിയുടെ അതേ മനോനില തന്നെയാണ് സിനിമ പുരസ്കാര ചടങ്ങില്‍ പ്രസംഗിച്ച മന്ത്രിയുടെതും. വേദങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും പഠിക്കാനാണ് സിനിമാക്കാര്‍ക്ക് മന്ത്രിയുടെ ഉപദേശം. സിനിമകള്‍ എന്തെല്ലാം കാണിക്കണം എന്ന് ഞങ്ങള്‍ പറയും. അത് കാണിച്ചാല്‍ മതി എന്ന ധാര്‍ഷ്ട്യവും ദു:സൂചനകളും വരികള്‍ക്കിടയില്‍ വായിക്കാം. ഡെവലപ്പ്മെന്‍റ് ഓഫ് സോഷ്യല്‍ ക്രിയേറ്റിവിറ്റി എന്നൊക്കെ പറയുമ്പോള്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സിനിമയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ഈ സ്ഥാപനത്തെ മോദി സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി എങ്ങനെയൊക്കെയാണ് നശിപ്പിക്കുന്നത് എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമ എന്ന കലാരൂപത്തിന്‍റെ പ്രതിരോധ സാധ്യതകളെ, പ്രഹര ശേഷിയെ ഇത്തരം നേതാക്കള്‍ ഭയപ്പെടുന്നുണ്ട് എന്നത് വ്യക്തമാണ്.

മതനിരപേക്ഷ സാംസ്‌കാരിക പൈതൃകം, അതുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍, ബഹുസ്വരത, സ്വതന്ത്ര ചിന്ത, സ്വതന്ത്ര കലാവിഷ്‌കാരങ്ങള്‍, സ്വതന്ത്രമായ സാഹിത്യരചനകള്‍, ഇത്തരം മൂല്യങ്ങളെ നിലനിര്‍ത്തുന്നതില്‍ പങ്ക് വഹിക്കുന്ന പൊതു സ്ഥാപനങ്ങള്‍ – ഇവയെല്ലാം തകര്‍ക്കാനുള്ള ബോധപൂര്‍വമായ അജണ്ടകള്‍ക്കും ശ്രമങ്ങള്‍ക്കും ഇടയില്‍ ജീവിക്കുമ്പോളാണ് രാഷ്ട്രപതിക്ക് ഇടയ്ക്കിടെ സഹിഷ്ണുതയെ കുറിച്ചും ബഹുസ്വരതയെ കുറിച്ചും എല്ലാം ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്. ഇത് പൊതുസമൂഹത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നുണ്ടോ എന്നത് മറ്റൊരു പ്രശ്‌നം.

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍