UPDATES

ട്രെന്‍ഡിങ്ങ്

ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടി: ടിഡിപി രാജ്യസഭ കക്ഷിയെ പാര്‍ട്ടി എംപിമാര്‍ ബിജെപിയില്‍ ലയിപ്പിച്ചു

ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ശക്തമായി എതിര്‍ക്കുകയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി സജീവമായി ശ്രമിക്കുകയും ചെയ്ത ചന്ദ്രബാബു നായിഡുവിന് വലിയ തിരിച്ചടിയാണ് എംപിമാരുടെ പോക്ക്.

തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടിഡിപി) രാജ്യസഭ എംപിമാര്‍ ബിജെപിയിലേക്ക്. ആകെയുള്ള ആറ് ടിഡിപി എംപിമാരില്‍ നാല് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ടിഡിപി രാജ്യസഭ നേതാവ് വൈഎസ് ചൗധരി, ഉപനേതാവ് സിഎം രമേഷ് എന്നിവര്‍ ഇത് സംബന്ധിച്ച് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി. ചൗധരിക്കും രമേഷിനും പുറമെ ഗരികപതി മോഹന്‍ റാവു, ടിജി വെങ്കടേഷ് എന്നിവരാണ് ടിഡിപി വിട്ട് ബിജെപിയിലേയ്ക്ക് പോയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവുറ്റ നേതൃത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും മുഴുവന്‍ രാജ്യത്തിനും ഗുണകരമാകുന്ന രീതിയില്‍ അദ്ദേഹം നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായുമാണ് ബിജെപിയില്‍ ടിഡിപിയുടെ രാജ്യസഭ കക്ഷിയെ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ കൈമാറിയ കത്തില്‍ പറയുന്നു.

ആന്ധ്രപ്രദേശിനുള്ള പ്രത്യേക പദവി അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്ന് പറഞ്ഞ് 2018 മാര്‍ച്ചില്‍ ടിഡിപി, എന്‍ഡിഎയും മോദി മന്ത്രിസഭയും വിടുമ്പോള്‍ ന്യൂഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ചര്‍ച്ചകളെല്ലാം നടന്നത് വൈഎസ് ചൗധരിയുടെ വീട്ടിലായിരുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന അശോക് ഗജപതി രാജുവും വൈഎസ് ചൗധരിയും രാജി വയ്ക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് അതിശക്തമായ കടന്നാക്രമണമാണ് പ്രധാനമന്ത്രി മോദിക്കെതിരെ നായിഡു നടത്തിയത്. മോദി ആന്ധ്രപ്രദേശിലെത്തിയപ്പോള്‍ ടിഡിപി പ്രവര്‍ത്തകര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളും കരിങ്കൊടികളും കറുത്ത വസ്ത്രങ്ങളുമായാണ് പ്രതിഷേധം അറിയിച്ചത്. ഡല്‍ഹിയിലും ചന്ദ്രബാബു നായിഡു കറുത്ത വസ്ത്രം ധരിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ധര്‍മ്മ പോരാട്ട എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ശക്തമായി എതിര്‍ക്കുകയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി സജീവമായി ശ്രമിക്കുകയും ചെയ്ത ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് വലിയ തിരിച്ചടിയാണ് എംപിമാരുടെ ബിജെപിയിലേക്കുള്ള പോക്ക്. ബിജെപി വിരുദ്ധ മുന്നണി രൂപീകരണ ചര്‍ച്ചകള്‍ക്ക് മമത ബാനര്‍ജിയെ പോലെ ഏറ്റവും സജീവമായ നേതൃത്വം നല്‍കിയത് ചന്ദ്രബാബു നായിഡുവായിരുന്നു.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന് വീണ്ടും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത്. ആകെയുള്ള 25 ലോക്സഭ സീറ്റുകളില്‍ 22-ലും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയാണ് വിജയിച്ചത്. നായിഡു മൂന്നു സീറ്റിലും വിജയിച്ചു. നിയമസഭയിലും കനത്ത ഭൂരിപക്ഷം നേടി ജഗന്‍ അധികാരത്തിലെത്തി.

ശതകോടീശ്വരനായ വ്യവസായിയായ വൈഎസ് ചൗധരി അടക്കമുള്ള ടിഡിപി നേതാക്കള്‍ റെയ്ഡ് ഭീഷണികള്‍ അടക്കം വലിയ സമ്മര്‍ദ്ദങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തടക്കം ആദായനികുതി വകുപ്പ് ടിഡിപി നേതാക്കളുടെ വ്യവസായ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍