UPDATES

വിദേശം

ഹോങ്കോങ് പ്രക്ഷോഭം: ചൈനീസ് അംബാസഡറെ വിളിച്ചു വരുത്തി യുകെ; കോളനിഭരണ പ്രതാപത്തിന്റെ ഓര്‍മയില്‍ ഉപദേശിക്കാന്‍ വരേണ്ടെന്ന് ചൈന

കഴിഞ്ഞ ഒരു മാസമായി ഹോങ്കോങ്ങിൽ പതിറ്റാണ്ടിലെ ഏറ്റവും മോശമായ രാഷ്ട്രീയ പ്രശ്നങ്ങളാണ് അരങ്ങേറുന്നത്. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകാനുള്ള ബില്ലിനെതിരെയാണ് ജനകീയപ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നത്.

ഹോങ്കോങ് വിഷയത്തില്‍ അതൃപ്തി അറിയിക്കാന്‍ ചൈനീസ് അംബാസിഡറെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഹോങ്കോങ്ങിലെ പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന തരത്തിലുള്ള അപൂർവമായ പത്രസമ്മേളനം നടത്തിയ ശേഷമായിരുന്നു ഈ നടപടി. ഹോങ്കോങില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ ‘അടിച്ചമർത്തലിനുള്ള ഒരു കാരണം’ ആയി ഉപയോഗിക്കരുതെന്ന് ജെറമി ഹണ്ട് ബീജിംഗിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് യുകെയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു.

ഹണ്ടിന്‍റെ പരാമർശങ്ങൾ തീര്‍ത്തും അസ്വീകാര്യവും കൃത്യമല്ലാത്തതുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. അതോടെയാണ് അതൃപ്തി പ്രകടമാക്കി വിദേശകാര്യ കാര്യാലയത്തിലെ സ്ഥിരം അണ്ടർ സെക്രട്ടറിയായ സർ സൈമൺ മക്ഡൊണാൾഡ് ചൈനീസ് അംബാസിഡറെ വിളിച്ചു വരുത്തിയത്. ‘ഇപ്പോഴും കൊളോണിയലിസത്തിന്‍റെ മങ്ങിയ പ്രതാപങ്ങളില്‍ മുഴുകിയിരിക്കുന്നവരാണ് മറ്റുള്ളവരെ പഠിപ്പിക്കാന്‍ വരുന്നതെന്ന്’ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി ഹോങ്കോങ്ങിൽ പതിറ്റാണ്ടിലെ ഏറ്റവും മോശമായ രാഷ്ട്രീയ പ്രശ്നങ്ങളാണ് അരങ്ങേറുന്നത്. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകാനുള്ള ബില്ലിനെതിരെയാണ് ജനകീയപ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നത്. നിയമസഭയിലേക്ക് അതിക്രമിച്ചു കയറിയ ഒരു വിഭാഗം സമരക്കാര്‍ ലെജിസ്ലേറ്റീവ് കൗൺസിൽ കെട്ടിടത്തിന്‍റെ ചില്ലുവാതിലുകൾ അടിച്ചു തകർത്തിരുന്നു. പണ്ട് ബ്രിട്ടിഷ് കോളനിയായിരുന്നു ഹോങ്കോങ്. ഈ പ്രദേശം ചൈനയ്ക്ക് കൈമാറിയതിന്‍റെ വാർഷികത്തോടനുബന്ധിച്ച് നടന്ന വലിയ ജനാധിപത്യ അനുകൂല റാലിയാണ് പ്രക്ഷോഭങ്ങളില്‍ കലാശിച്ചത്. ‘ഇവിടെ ജറെമി ഹണ്ട് സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതില്‍ ഒരര്‍ത്ഥവുമില്ല. ഇത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല, ഹോങ്കോങ്ങിലെ നിയമങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ചുള്ള കാര്യമാണ്’- ചൈനീസ് എംബസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ലിയു പറഞ്ഞു.

ബ്രിട്ടീഷ് സർക്കാറിന്‍റെ ഇത്തരത്തിലുള്ള ‘ഇടപെടലുകള്‍’ ചൈനയുമായുള്ള ബ്രിട്ടന്റെ ബന്ധം തകരാറിലാകുമെന്ന് ലിയു മുന്നറിയിപ്പ് നൽകി. ബഹുജന പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറ്റവാളി കൈമാറ്റ ബില്‍ ഹോങ്കോങ് പാരലമെന്‍റ് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. അതല്ല വേണ്ടത് മറിച്ച്, പൂര്‍ണ്ണമായും ആ ബില്ല് ഉപേക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് ഹണ്ട് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍