UPDATES

അവിടെ മുദ്രാവാക്യങ്ങളോ കല്ലേറോ ഉണ്ടായില്ല; കാശ്മീര്‍ ഇന്നെന്താണെന്നതിന് ഇതിലും വലിയ സൂചനയില്ല

പാരിയുടെ ജീവിതവും മരണവും അന്തിമ ചടങ്ങുകളും ഉള്‍പ്പെടുന്ന കഥ ഇന്ത്യയുടെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയത്തിന്റെ കഥ കൂടിയാണ്

മുമ്പെങ്ങും ഉണ്ടാകാത്ത വിധം കാശ്മീര്‍ കൃത്യമായ ചില തീര്‍പ്പുകളില്‍ എത്തിയിരിക്കുന്നു എന്നതിന്റെ സൂചനകളാണ് പല വിധത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതാകട്ടെ, പ്രശ്നപരിഹാരത്തിന് ഏറെ വൈകിയിരിക്കുന്നു എന്നും കൃത്യമായ ലക്ഷ്യബോധവും ആത്മാര്‍ത്ഥതയും നിറഞ്ഞ രാഷ്ട്രീയ ഇടപെടലുകളും ചര്‍ച്ചകളും വഴി മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂ എന്നും അതിനു മുന്‍കൈ എടുക്കേണ്ടത് ഡല്‍ഹിയിലെ ഭരണകൂടമാണ് എന്നുമുള്ള ഞങ്ങളുടെ വാദത്തെ കൂടുതല്‍ ഉറപ്പിക്കുന്നതുമാണ്.

ജനങ്ങളുടെ കല്ലേറില്‍ നിന്ന് രക്ഷ നേടാന്‍ എന്ന ന്യായം മുന്‍നിര്‍ത്തി ഫാറൂഖ് അഹമദ് ധര്‍ എന്ന യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിവച്ചതിന്റെ ഉത്തരവാദിത്തമുള്ള സൈനികോദ്യോഗസ്ഥന്‍ മേജര്‍ നിതിന്‍ ഗോഗോയിക്ക് സൈന്യം ക്ലീന്‍ചീട്ട് നല്‍കിയെന്നു മാത്രമല്ല, ആ ഉദ്യോഗസ്ഥന്റെ നടപടിയെ സൈന്യം പ്രകീര്‍ത്തിക്കുകയും ചെയ്തു എന്ന വാര്‍ത്ത‍ പുറത്തു വന്നത് ഇന്നാണ്. മറ്റൊന്ന് കഴിഞ്ഞയാഴ്ച ഭീകരരുടെ വെടിയേറ്റ്‌ മരിച്ച യുവ സൈനികന്റെ അന്തിമോപചാര ചടങ്ങുകള്‍ സംബന്ധിച്ച കാര്യങ്ങള്‍, ഇതു രണ്ടും ഇപ്പോഴത്തെ കാര്യങ്ങള്‍ കൃത്യമായി പറയുന്നുണ്ട്.

കഴിഞ്ഞയാഴ്ച വെടിയുണ്ടകളേറ്റ് മരിച്ച ആ യുവ സൈനികന്റെ മൃതദേഹം കുല്‍ഗാമിലെ തന്റെ ഗ്രാമമായ സുര്‍സാനവില്‍ എത്തിക്കുമ്പോള്‍ പതിവിന് വിപരീതമായ ഒരു അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അധികമാരുമുണ്ടായിരുന്നില്ലെന്ന് പറയുമ്പോള്‍ അവിടുത്തെ സാഹചര്യത്തെക്കുറിച്ച് ഒരു ധാരണ ലഭിക്കും.

പറയുന്നത് വിവാഹ വീട്ടില്‍ നിന്നും ഭീകരര്‍ പിടിച്ചുകൊണ്ട് പോയി വെടിവച്ച് കൊന്ന ഇന്ത്യന്‍ സൈനികന്‍ ലഫ്റ്റനന്റ് ഉമ്മര്‍ ഫയാസ് പാരിയെക്കുറിച്ചാണ്. വന്‍തോതിലുള്ള സൈനിക വിന്യാസത്തിന്റെ സാന്നിധ്യത്തില്‍ ഏതാനും പേര്‍ ഇദ്ദേഹത്തിന് യാത്രാമൊഴിയുമായി ഈ ഗ്രാമത്തിലെത്തിയിരുന്നു. രാഷ്ട്രം അദ്ദേഹത്തിന് ഔദ്യോഗികമായി തന്നെ അന്ത്യയാത്രയും നല്‍കി. എന്നാല്‍ കാശ്മീര്‍ താഴ്‌വര ഇതില്‍ നിന്നെല്ലാം വിട്ടുനിന്നു.

പാരിയുടെ ജീവിതവും മരണവും അന്തിമ ചടങ്ങുകളും ഉള്‍പ്പെടുന്ന കഥ ഇന്ത്യയുടെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയത്തിന്റെ കഥ കൂടിയാണ് പറഞ്ഞു തരുന്നത്. 1980-കളുടെ അവസാനം രാജീവ് ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ്, കാശ്മീരിലെ പ്രശ്‌നങ്ങളെ ഊതിക്കത്തിച്ചത് മുതല്‍ ഇപ്പോള്‍ നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാശ്മീരിലെ പ്രശ്‌നങ്ങളെ ഇത്രമാത്രം വഷളാക്കിയതിലേക്ക് അത് എത്തി നില്‍ക്കുന്നു അത്. ഈ രണ്ട് കാലഘട്ടങ്ങളുടെയിടയില്‍ സൈനികരും സിവിലിയന്മാരും ചാരന്മാരും ഭീകരരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.

സുര്‍സാനു ഗ്രാമത്തില്‍ നിന്ന് ഒരേയൊരു തീവ്രവാദിയേ ഉണ്ടായിട്ടുള്ളൂ. ഇപ്പോള്‍ കൊല്ലപ്പെട്ട സൈനികന്‍ പാരിയുടെ അമ്മാവന്‍ മൊഹമ്മദ് അയൂബ് പാരിയായിരുന്നു അത്. 90കളുടെ തുടക്കത്തില്‍ നിയന്ത്രണ രേഖ കടക്കുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. അതേസമയം ഉമര്‍ പാരിയാകട്ടെ ഷോപ്പിയാനിലെ ഒരു വിവാഹ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോകപ്പെടുകയും ക്രൂരമായി കൊലചെയ്യപ്പെടുകയുമായിരുന്നു.

ഈ മേഖലയില്‍ നിന്നുള്ള അപൂര്‍വം സൈനികരിലൊരാളായിരുന്നു ഉമര്‍. പക്ഷെ ഈ മേഖലയിലെ പുതിയ തലമുറ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങളുടെ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ്. ആ യുദ്ധം ഇന്ത്യന്‍ സൈന്യവും കാശ്മീര്‍ ജനങ്ങളും തമ്മില്‍ മാത്രമല്ല, പകരം കാശ്മീരികള്‍ തമ്മില്‍ തന്നെയും കൂടിയാണ്. ഇന്ത്യയ്ക്ക് വേണ്ടി സേവനം ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥരും പോലീസുകാരും രാഷ്ട്രീയക്കാരുമെല്ലാം ഇവരുടെ ശത്രുക്കളാണ്. ഇവര്‍ ആര്‍ക്ക് വേണ്ടിയും കരയാന്‍ ആഗ്രഹിക്കുന്നില്ല, അല്ലെങ്കില്‍ ഇവരോടുള്ള സഹാനുഭൂതിയില്‍ അത്രയധികം തത്പരരല്ല.

തങ്ങള്‍ ഏതു പോരാട്ടമാണ് നടത്തേണ്ടത് എന്ന് തിരഞ്ഞെടുക്കുന്നത് ഇന്ന് കാശ്മീരികളാണ്, ആരാണ് തങ്ങള്‍ക്കു വേണ്ടി കരയുന്നതെന്നും ആര്‍ക്കു വേണ്ടിയാണ് തങ്ങള്‍ കരയുന്നതെന്നും അവര്‍ക്കറിയാം.

ദശകങ്ങളായി വെടിയൊച്ചകളാണ് കാശ്മീരിനെ ഉറക്കുന്നത്, അതുകൊണ്ടു തന്നെ ഓരോ കരച്ചിലും ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ്. എന്നാല്‍ കാശ്മീരിന്റെ സാമൂഹിക ഘടനയില്‍ ഇപ്പോഴുണ്ടായിട്ടുള്ളതു പോലെ വ്യക്തമായ ഒരു വിഭജനരേഖ മുമ്പ് അത്ര ദൃശ്യമായിരുന്നില്ല.

കഴിഞ്ഞ ബുധനാഴ്ച ലെഫ്. ഉമ്മര്‍ ഫയാസ് പാരിയുടെ അന്തിമോപചാര ചടങ്ങുകള്‍ നടക്കുമ്പോഴും അദ്ദേഹത്തെ കുഴിയിലേക്ക് വയ്ക്കുമ്പോഴും കുടുംബക്കാരും അടുത്ത ബന്ധുക്കളും മാത്രമേ ഇവിടെ സന്നിഹിതരായിരുന്നുള്ളൂ. 22 വയസുള്ള ഒരു സൈനികോദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല അവിടെ മരിച്ചത്, ഒരു മകന്‍, സഹോദരന്‍, സുഹൃത്ത് ഒക്കെയായിരുന്നു. പക്ഷെ, കാശ്മീരികള്‍ക്കിടയില്‍ അത്തരം വൈകാരികതകള്‍ക്ക് ഇപ്പോള്‍ ഇടമില്ല.

പാരിയുടെ സംസ്കാരം നടക്കുമ്പോള്‍ കല്ലേറുണ്ടായില്ല, ഏതാനും പേര്‍ കണ്ണീര്‍ പൊഴിച്ചു. പക്ഷേ ചിലതെല്ലാം അവിടെ ദൃശ്യമായിരുന്നു. ഒരു തരത്തിലുള്ള മുദ്രാവാക്യങ്ങളും അവിടെ ഉയര്‍ന്നില്ല. അല്ലെങ്കില്‍, ചെയ്ത ജോലി തന്നെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായ ഒരു യുവാവിന്റെ മരണത്തില്‍ തങ്ങളെന്ത് മുദ്രാവാക്യമാണ് വിളിക്കുക എന്നവര്‍ക്ക് അറിയില്ലായിരിക്കാം.

ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളുമായി തെരുവുകളില്‍ നിറയുന്ന യുവാക്കളെ പോലെ, അല്ലെങ്കില്‍ തോക്കുകളുമേന്തി വനമേഖലകളില്‍ ഉള്ള തീവ്രവാദികളെ പോലെ, റഷ്യന്‍ നിര്‍മിത കലാനിഷ്കോവുകള്‍ കാശ്മീരിന്റെ രാഷ്ട്രീയം മാറ്റി മറിച്ച 80-കള്‍ക്കൊടുവില്‍ കശ്മീര്‍ സായുധ കലാപത്തിലേക്ക് വഴിമാറുമ്പോള്‍ ഉമ്മറും ജനിച്ചിട്ടില്ല.

ന്യൂഡല്‍ഹിക്ക് ഇതൊരു വീണ്ടുവിചാരതിനുള്ള സമയമാണ്, ഒപ്പം സാഹചര്യങ്ങള്‍ എന്താണ് എന്നു മനസിലാക്കാനുള്ള ഒരു വഴിയും, എന്നാല്‍ അതെന്തെങ്കിലും അവര്‍ മനസിലാക്കുന്നുണ്ടോ എന്നത് സംശയമാണ്, അതാണ് കണ്ടുകൊണ്ടിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍