UPDATES

വിദേശം

ആമസോണ്‍ വനനശീകരണത്തിന്റെ വേഗത വർധിക്കുന്നു; യൂറോപ്പുകാർ സ്വന്തം കാര്യം നോക്കിയാൽ മതിയെന്ന് ബ്രസീല്‍ പ്രസിഡണ്ട്

യൂറോപ്യൻ രാജ്യങ്ങൾ തല്‍ക്കാലം അവരുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും, ഇതിനകം തന്നെ സ്വന്തം പരിസ്ഥിതി നശിപ്പിച്ചിട്ടാണ് അവര്‍ നിന്ന് കവലപ്രസംഗം നടത്തുന്നതെന്നും പ്രസിഡണ്ട് തുറന്നടിച്ചിരുന്നു.

ബ്രസീലിന്റെ പുതിയ പ്രസിഡണ്ടായി തീവ്ര വലതുപക്ഷക്കാരനായ ജെയര്‍ ബോള്‍സൊനാരോ ചുമതലയേറ്റതിനുശേഷം ആമസോൺ മഴക്കാടുകളുടെ നാശത്തിന്റെ വേഗത വര്‍ധിക്കുന്നു. ആമസോണിനെ പരിരക്ഷിക്കുകയെന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ബ്രസീലിന്റെ പരിസ്ഥിതി നയത്തിന്റെ ഹൃദയഭാഗമായിരുന്നു. ഒരു ഘട്ടത്തിൽ, വനനശീകരണ നിരക്ക് കുറയ്ക്കുന്നതിൽ ബ്രസീല്‍ കൈവരിച്ച നേട്ടം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ എങ്ങിനെ പോരാടണമെന്നതിന്റെ ഉദാഹരണമായി അന്താരാഷ്ട്ര തലങ്ങളില്‍ എടുത്തുകാട്ടപ്പെട്ടിരുന്നു.

എന്നാല്‍ ബോള്‍സൊനാരോ അധികാരത്തിലേറിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളെ സംരക്ഷിക്കുന്നതിലൂടെ ആഗോളതാപനം മന്ദഗതിയിലാക്കാൻ ഒരിക്കൽ അവര്‍ നടത്തിയ ശ്രമങ്ങളിൽ നിന്ന് നാടകീയമായി പിന്മാറി. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ത്തന്നെ ആമസോണിനോടുള്ള തന്റെ നയം അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത്രയും വിശാലമായികിടക്കുന്ന സംരക്ഷിത ഭൂമിയാണ്‌ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമെന്നും, അധികാരത്തിലേറിയാല്‍ വാണിജ്യപരമായ കാര്യങ്ങള്‍ക്ക് അത് തുറന്നുകൊടുക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അതുതന്നെയാണ് അധികാരത്തിലേറി കേവലം ഏഴുമാസം മാത്രം പിന്നിടുമ്പോഴേക്കും കാണാന്‍ സാധിക്കുന്നതും.

ബോള്‍സൊനാരോ ജനുവരിയിൽ അധികാരമേറ്റതിനു ശേഷം ബ്രസീലിന്റെ ഭാഗമായ ആമസോണിന്റെ 1,330 ചതുരശ്ര മൈലിലധികം വനമേഖല നശിപ്പിക്കപ്പെട്ടു. വനനശീകരണം നിരീക്ഷിക്കുന്ന സർക്കാർ ഏജൻസിയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 39 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ മാത്രം കഴിഞ്ഞ വർഷത്തെ ജൂണിനേക്കാൾ 80 ശതമാനം കൂടുതൽ വനമേഖല നഷ്ടപ്പെട്ടു. വനനശീകരണം തടയുന്നതിന് ഇക്കാലമത്രയും സ്വീകരിച്ചു പോന്നിരുന്ന പിഴയീടാക്കല്‍, അനധികൃത ആയുധങ്ങള്‍ പിടിച്ചെടുക്കല്‍ തുടങ്ങിയ നടപടികളെല്ലാം സർക്കാർ പിൻവലിച്ചു.

‘വനനശീകരണത്തിന്റെ വർദ്ധന, നിയമവിരുദ്ധ പ്രവർത്തനങ്ങളെ നേരിടുന്നതില്‍ ഗവൺമെന്റ് കാണിക്കുന്ന വിമുഖത എന്നീ രണ്ട് പ്രവണതകളാണ് ബ്രസീലില്‍ ഇപ്പോള്‍ കണ്ടുവരുന്നത്’ എന്ന് ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും പറയുന്നു. ബോള്‍സൊണാരോ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നിന്റെ നാശം തുടരുമെന്നും അവര്‍ വിലയിരുത്തുന്നു. ‘നമ്മുടെ ആമസോണ്‍ വലിയ തോതിലുള്ള നശീകരണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്’ എന്നാണ് ബ്രസീലിലെ എട്ട് മുൻ പരിസ്ഥിതി മന്ത്രിമാർ സംയുക്തമായി പുറത്തിറക്കിയ കത്തില്‍ പറയുന്നത്.

എന്നാല്‍ ആമസോണ്‍ മഴക്കാടുകളില്‍ വന്‍തോതിലുള്ള വനനശീകരണമാണ് നടക്കുന്നതെന്ന പ്രചാരണം ശുദ്ധ നുണയാണെന്നാണ് ബോള്‍സൊനാരോ പറയുന്നത്. ആമസോൺ ബ്രസീലിന്റേതാണെന്നും, യൂറോപ്യൻ രാജ്യങ്ങൾ തല്‍ക്കാലം അവരുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും, ഇതിനകം തന്നെ സ്വന്തം പരിസ്ഥിതി നശിപ്പിച്ചിട്ടാണ് അവര്‍ നിന്ന് കവലപ്രസംഗം നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ‘എല്ലാവരെക്കാളും കൂടുതൽ മഴക്കാടുകൾ സംരക്ഷിക്കുന്നത് ഞങ്ങളാണ്. അതുകൊണ്ട് മറ്റൊരു രാജ്യത്തിനും ആമസോണിനെക്കുറിച്ച് സംസാരിക്കാനുള്ള ധാർമ്മിക അവകാശമില്ല’ എന്നതാണ് അദ്ദേഹത്തിന്‍റെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍