UPDATES

ട്രെന്‍ഡിങ്ങ്

വര്‍ഷങ്ങള്‍ ജയിലുകളില്‍; കുറ്റവിമുക്തരാക്കപ്പെടുമ്പോള്‍ നഷ്ടപ്പെട്ട ജീവിതം ആരു തിരികെ നല്‍കും?

ഭീകരവാദ കേസുകളില്‍ അറസ്റ്റിലായി വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ശേഷം ഒടുവില്‍ കുറ്റവിമുക്തരാക്കപ്പെട്ട നിരവധി പേരാണ് ഇന്ത്യയിലുള്ളത്.

2005ലെ ദസറ ദിനത്തില്‍ ഹൈദ്രാബാദ് ഓള്‍ഡ് ടാസ്‌ക് ഫോഴ്‌സ് ഓഫീസിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് അറസ്റ്റിലായ പത്ത് പേരെ ഹൈദരാബാദിലെ നമ്പല്ലി കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരായി പ്രഖ്യാപിച്ചു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ചെയ്യാത്ത കുറ്റത്തിനാണ് ഇവര്‍ ജയിലില്‍ കഴിയുകയായിരുന്നു എന്നു സാരം. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി വിലയിരുത്തിയത്. നടപടി ക്രമങ്ങളുടെ കാലതാമസവും ജാഗ്രതയുടെ അഭാവവുമാണ് ഇവരെ ഇത്രയും കാലം ഇരുമ്പഴിക്കുള്ളില്‍ തളച്ചിട്ടിരുന്നത്. ഭീകരവാദ കേസുകളില്‍ അറസ്റ്റിലായി വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ശേഷം ഒടുവില്‍ കുറ്റവിമുക്തരാക്കപ്പെട്ട നിരവധി പേരാണ് ഇന്ത്യയിലുള്ളത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ നിന്നും ആ കണക്കുകള്‍ പരിശോധിക്കാം.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഹൈദരാബാദിലെ ട്രെയിനുകളില്‍ നടന്ന അഞ്ച് സ്‌ഫോടനങ്ങളുടെ പേരില്‍ 1994-ലാണ് നിസാറുദ്ദീന്‍ അഹമ്മദ് അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോള്‍ 19 വയസ്സ് മാത്രം പ്രായമുള്ള ഇയാള്‍ ഹൈദരാബാദില്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായിരുന്നു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ ഹൈദരാബാദ് പോലീസിന്റെ പിടിയിലായത്. നീണ്ട 24 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ 2016-ല്‍ സുപ്രീം കോടതി ഇയാളെ കുറ്റവിമുക്തനാക്കി.

നിസാറുദ്ദീന്റെ സഹോദരനാണ് സഹീറുദ്ദീന്‍ അഹമ്മദ്. നിസാറുദ്ദീനെതിരെയുള്ള അതേ കുറ്റങ്ങള്‍ തന്നെ ചുമത്തപ്പെട്ട ഇയാളും 1994-ല്‍ അറസ്റ്റിലാകുകയും 2016-ല്‍ കുറ്റമോചിതനാകുകയും ചെയ്തു. സിവില്‍ എഞ്ചിനിയര്‍ ആയിരുന്ന ഇദ്ദേഹത്തെ 1994 ഏപ്രിലില്‍ മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശ്വാസകോശ ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2008ല്‍ സുപ്രീം കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. പിന്നീട് നിസാറിനൊപ്പം കുറ്റവിമുക്തനുമാക്കി.

സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ 2001ലാണ് ഗുല്‍സാര്‍ അഹമ്മദ് ബാനി അറസ്റ്റിലായത്. 28-ാം വയസ്സില്‍ അറസ്റ്റിലായ ഇയാള്‍ നീണ്ട 16 വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ 2017-ല്‍ കുറ്റവിമുക്തനാക്കപ്പെട്ടു. തന്റെ മകന്‍ നിരപരാധിയാണെന്ന് തങ്ങള്‍ക്കറിയാമായിരുന്നെന്നും മാസങ്ങള്‍ക്കോ ഒരു വര്‍ഷത്തിനോ അകം ജയില്‍ മോചിതനാകുമെന്നുമാണ് കരുതിയിരുന്നതെന്നും ഗുല്‍സാര്‍ ബാനിയുടെ പിതാവ് പറയുന്നു. ജീവിതത്തിലെ സുപ്രധാനമായ വര്‍ഷങ്ങള്‍ ഒരു കുറ്റവും ചെയ്യാതെയാണ് അവന്‍ ജയിലില്‍ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഡല്‍ഹി, റോഹ്ത്തക്, സോനാപേത്ത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ 1996 ഡിസംബര്‍ 1997 ഒക്ടോബറിനും ഇടയിലുള്ള പത്ത് മാസക്കാലം നടന്ന 20 ചെറിയ സ്‌ഫോടനങ്ങളുടെ പേരിലാണ് മുഹമ്മദ് ആമിര്‍ ഖാന്‍ അറസ്റ്റിലായത്. 1998ല്‍ തന്റെ 20-ാം വയസ്സില്‍ അറസ്റ്റിലായ ഇയാള്‍ 14 വര്‍ഷത്തിന് ശേഷം 2012ല്‍ കുറ്റമോചിതനായി. ഡല്‍ഹി പോലീസ് സാദര്‍ ബസാര്‍ പ്രദേശത്തു നിന്നും അറസ്റ്റ് ചെയ്ത ഇയാളെ ഡല്‍ഹി ഹൈക്കോടതിയാണ് കുറ്റവിമുക്തനാക്കിയത്. ജയില്‍ മോചിതനായ ശേഷം ‘ഭീകരവാദിയെന്ന പേര്: നിരപരാധിത്വം തെളിയിക്കാനുള്ള എന്റെ 14 വര്‍ഷത്തെ പോരാട്ടം’ എന്ന പുസ്തകം രചിക്കുകയും ചെയ്തു.

2006 ജൂലൈ 11ന് നടന്ന മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി കുറ്റവിമുക്തനാക്കപ്പെട്ട ഏക വ്യക്തിയാണ് അബ്ദുല്‍ വാഹിദ് ഷെയ്ഖ്. 2006ല്‍ 27-ാം വയസ്സിലാണ് ഇയാള്‍ അറസ്റ്റിലായത്. ഈ കേസില്‍ അറസ്റ്റിലായ മറ്റ് 12 പേരും കുറ്റക്കാരാണെന്ന് മുംബൈ പ്രത്യേക കോടതി വിധിച്ചപ്പോള്‍ ഇയാള്‍ക്കെതിരെ തെളിവുകളില്ലെന്ന് വിലയിരുത്തി. ജയില്‍ മോചിതനായ ശേഷം ‘നിരപരാധിയായ കുറ്റവാളി’ എന്ന പുസ്തകം എഴുതി.

2005 മാര്‍ച്ചില്‍ പോലീസ് തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ അറസ്റ്റ് ചെയ്ത നാല് പേരാണ് ഹരൂണ്‍ റാഷിദ്, മുഹമ്മദ് ഇഫ്തിക്കര്‍, മസൂദ് അഹമ്മദ്, ദിലാവര്‍ ഖാന്‍ എന്നിവര്‍. ഡെറാഡൂണില്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് പോലീസ് ആരോപിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 2010ല്‍ ഇവരെല്ലാം കുറ്റവിമുക്തരായി.

2002ലെ ടിഫിന്‍ ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ വ്യക്തികളാണ് ഹബീബ് ഹവായും ഹനീഫ് പകിട്‌വാലയും. മറ്റ് രണ്ട് പേര്‍ക്കൊപ്പം അഹമ്മദാബാദിലെ ബസുകളില്‍ ഇവര്‍ അഞ്ച് ടിഫിന്‍ ബോക്‌സുകള്‍ വച്ചുവെന്നായിരുന്നു കേസ്. പോട്ട നിയമപ്രകാരം 2003ല്‍ അറസ്റ്റിലായ ഇവര്‍ 14 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം 2017ല്‍ കുറ്റവിമുക്തരായി. സുപ്രീം കോടതിയാണ് ഇവരെ വിട്ടയച്ചത്.

2005ല്‍ അല്‍ ബാദര്‍ എന്ന സംഘടനയില്‍ അംഗങ്ങളാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഇര്‍ഷാദ് അലി, മൗരിഫ് ഖാമര്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് എട്ട് വര്‍ഷത്തോളം ഈ മുന്‍ ഐബി ചാരന്മാര്‍ക്ക് അപ്പീലുമായി ജയിലില്‍ തന്നെ കഴിയേണ്ടി വന്നു. ഇവര്‍ക്കെതിരായ കേസ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി 2017ല്‍ കുറ്റവിമുക്തരാക്കി. ഇപ്പോഴും ഇവര്‍ അപ്പീല്‍ ഭീഷണി നേരിടുകയാണ്.

64കാരനായ ഖയൂം അന്‍സാരി 1993ലെ ബോംബെ സ്‌ഫോടന പരമ്പരയുടെ പേരിലാണ് അറസ്റ്റിലായത്. 10 വര്‍ഷവും 8 മാസവും നീണ്ട ജയില്‍ വാസത്തിനൊടുവില്‍ 2017 ജൂണ്‍ 17ന് പ്രത്യേക ടാഡ കോടതി വെറുതെ വിട്ടു.

ഹുജി ഭീകരരുമായുള്ള ബന്ധം ആരോപിച്ച് അഞ്ച് പേരെയാണ് 2007ല്‍ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. ഹുജി ബന്ധം ആരോപിച്ചുള്ള കേസുകളില്‍ നിന്നും 2015ല്‍ ഇവരെ കുറ്റമോചിതരാക്കിയ കോടതി 2016ല്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന കേസില്‍ നിന്നും കുറ്റവിമുക്തരാക്കി.

ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ആക്രമണത്തില്‍ അറസ്റ്റിലായ ഏഴ്‌പേരില്‍ ആരെയും ആക്രമണങ്ങളുമായി നേരിട്ട് ബന്ധമുള്ളതിന്റെ പേരില്‍ കോടതി ശിക്ഷിച്ചില്ല. എന്നാല്‍ 2005 ഡല്‍ഹി സ്‌ഫോടന കേസില്‍ ഇവരില്‍ മഹബൂബ് ഇബ്രാഹിം, ചോപ്കര്‍ എന്നിവരെയും മറ്റൊരാളെയും മാത്രമാണ് 2011ല്‍ കുറ്റവിമുക്തരാക്കിയത്. ഇവര്‍ക്കൊപ്പം കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി പിന്നീട് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലാകുകയും ഇപ്പോള്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയുമാണ്.

2005ലെ ഡല്‍ഹി ബോംബ് സ്‌ഫോടന പരമ്പരയില്‍ അറസ്റ്റിലായവരാണ് ഹുസൈന്‍ ഫാസില്‍, റഫീഖ് ഷാ എന്നിവര്‍. യഥാക്രമം 31ഉം 22ഉം വയസ്സുള്ളപ്പോഴാണ് 2005ല്‍ ഇരുവരും അറസ്റ്റിലായത്. ഫാസില്‍ അറസ്റ്റിലായപ്പോള്‍ ശ്രീനഗറിലെ ബച്ചാപൊരയില്‍ ഷാള്‍ നെയ്ത്തുകാരനായിരുന്നു. ശ്രീനഗറില്‍ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായിരുന്നു ഷാ. 2017ല്‍ ഇരുവരും കുറ്റവിമുക്തരായി.

മല്‍ഗാവ് സ്‌ഫോടനങ്ങളെ തുടര്‍ന്ന് മഹാരാഷ്ട്ര ആന്റി ടെറര്‍ സ്‌ക്വാഡ് 2006ല്‍ അറസ്റ്റ് ചെയ്ത ഒമ്പത് മുസ്ലിങ്ങളെ പിന്നീട് സെഷന്‍സ് കോടതി പത്ത് വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി. 2016ലാണ് ഇവര്‍ ജയില്‍ മോചിതനായത്.

ഹൈദരാബാദിലെ മെക്കാ മസ്ജിദില്‍ 2007ലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് അറസ്റ്റിലായവരാണ് ഷൊയെബ് ജഗ്രിദാര്‍, അബ്ദുല്‍ നയീം, മുഹമ്മദ് ഇമ്രാന്‍ ഖാന്‍, സയിദ് ഇമ്രാന്‍ എന്നിവര്‍. തെളിവുകളുടെ അഭാവത്തില്‍ നാല് പേരെയും സെഷന്‍സ് കോടതി 2014ല്‍ കുറ്റവിമുക്തരാക്കി.

ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്‌ഫോടന കേസിന് പ്രതികാരം തീര്‍ക്കാനായി ഒരു പോലീസുകാരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് റിയാസ് ഖാന്‍, അബ്ദുള്‍ സയിദ് എന്നിവരെ 2010ലാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം അറസ്റ്റിലായ എട്ട് പേരെ കുറ്റക്കാരെന്ന് വിധിച്ച കോടതി ഇവരെ 2017ല്‍ കുറ്റവിമുക്തരാക്കി. ഇതേ കേസില്‍ കുറ്റക്കാരെന്ന് കണ്ടിരുന്ന അഞ്ച് പേര്‍ തെലങ്കാന പോലീസിന്റെ ഏറ്റുമുട്ടലില്‍ 2015ല്‍ കൊല്ലപ്പെട്ടു.

അജ്മീര്‍ ദര്‍ഹ സ്‌ഫോടനക്കേസില്‍ 2010ല്‍ അറസ്റ്റിലായ 13 പേരില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെ ഏഴ് പേരെ ജയ്പൂര്‍ എന്‍ഐഎ കോടതി വെറുതെവിട്ടു. ചന്ദ്രശേഖര്‍ ലെവെ, ലോകേഷ് ഷര്‍മ്മ, ഹര്‍ഷദ് സോളങ്കി, മുകേഷ് വസാനി, ഭാരത് മോഹന്‍ലാല്‍, രതീഷ്വര്‍, മെഹുല്‍ എന്നവരാണ് അസീമാനന്ദയ്‌ക്കൊപ്പം 2017ല്‍ കുറ്റവിമുക്തരായത്.

സിമി അംഗങ്ങളെന്ന് ആരോപിച്ച് 2008ല്‍ അറസ്റ്റിലായ 17 പേര്‍ 2015ല്‍ കുറ്റവിമോചിതരായി. രാജ്യദ്രോഹം, രാജ്യത്തിനെതിരായ യുദ്ധം പ്രഖ്യാപിക്കല്‍, സ്‌ഫോടന വസ്തുക്കളുടെ നിര്‍മ്മാണവും കൈവശം സൂക്ഷിക്കലും എന്നീ കേസുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. കര്‍ണാടക സിഐഡി ആണ് കേസ് അന്വേഷിച്ചത്. 1624 പേജുകളുള്ള ചാര്‍ജ്ജ് ഷീറ്റാണ് ഇവര്‍ക്കെതിരെ കോടതിയില്‍ നല്‍കിയത്. ഏഴ് വര്‍ഷം കേസില്‍ വിചാരണ നടന്ന ശേഷം ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. കേസില്‍ 278 സാക്ഷികളുടെ മൊഴിയെടുത്തു.

ഭീകരവാദ കേസുകളില്‍ പേരില്‍ നടക്കുന്ന വിചാരണയ്ക്കായി ഒട്ടനവധി വര്‍ഷം ജയിലില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കണമെന്നത് സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും ഇപ്പോള്‍ ഇല്ല. ആരെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കാന്‍ കോടതിയ്ക്ക് വിധിക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അക്ഷര്‍ധാം ഭീകരാക്രമണക്കേസില്‍ കുറ്റവിമുക്തരാക്കിയ ആറ് പേര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അതൊരു അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞ് കോടതി തള്ളിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍