UPDATES

ട്രെന്‍ഡിങ്ങ്

1973നു ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്; നോട്ട് നിരോധനത്തിന് ശേഷമുള്ള സര്‍വേ റിപ്പോര്‍ട്ട് പൂഴ്ത്തി മോദി സര്‍ക്കാര്‍

ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായും ഇതേ തുടര്‍ന്നാണ് നാഷണല്‍ സ്റ്റാസ്റ്റിസ്റ്റിക്കല്‍ കമ്മീഷന്‍ (എന്‍ എസ് സി) ചെയര്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും രാജി വച്ചത് എന്ന് ബിസിനിസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ (പി എല്‍ എഫ് എസ്) കണക്ക്. ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായും ഇതേ തുടര്‍ന്നാണ് നാഷണല്‍ സ്റ്റാസ്റ്റിസ്റ്റിക്കല്‍ കമ്മീഷന്‍ (എന്‍ എസ് സി) ചെയര്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും രാജി വച്ചത് എന്ന് ബിസിനിസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ പരസ്യപ്പെടുത്താത്ത റിപ്പോര്‍ട്ടില്‍ പറയുന്നത് 2017-18 വര്‍ഷം 1972-73 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2011-12ല്‍ 2.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2017-18ല്‍ 6.1 ശതമാനമായി ഉയര്‍ന്നതായി എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പറയുന്നു. 2016 നവംബറിലെ നോട്ട് നിരോധന നടപടിക്ക് ശേഷം ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന ഏറ്റവും സമഗ്രമായ തൊഴില്‍ സര്‍വേ ആണിത്. നഗരമേഖലയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍ – 7.8 ശതമാനം. ഗ്രാമീണ മേഖലയില്‍ 5.3 ശതമാനമാണിത്. തൊഴില്‍പങ്കാളിത്തവും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി ചുരുങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്നും ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്്ടിക്കും എന്നതടക്കം 2014 ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നുവെന്നുമുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനിടെയാണ് തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച് എന്‍എസ്എസ്ഒയുടെ സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. തൊഴിലില്ലായ്മ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളൊന്നായി വോട്ടര്‍മാര്‍ കാണുന്നു എന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍