UPDATES

വിപണി/സാമ്പത്തികം

വ്യാപാര മുൻഗണന ട്രംപ് ഭരണകൂടം പിൻവലിച്ചത് നിർഭാഗ്യകരമെന്ന് ഇന്ത്യ

രണ്ടാം മോദി സർക്കാരിനോടുള്ള നയത്തിലും മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യക്ക് നൽകിവരുന്ന വ്യാപാര മുൻഗണന പിൻവലിക്കാനുള്ള യുഎസ്സിന്റെ തീരുമാനത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യ നിരവധി നിർദ്ദേശങ്ങള്‍ മുമ്പോട്ടു വെച്ചിട്ടും അവ യുഎസ്സിന് സ്വീകാര്യമായില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതൊരു താൽക്കാലിക പ്രശ്നം മാത്രമാണെന്നും സമയാസമയങ്ങളിൽ പരിഹരിച്ചു പോകാവുന്നതേയുള്ളൂവെന്നുമുള്ള പ്രതീക്ഷയും ഇന്ത്യ പങ്കുവെച്ചു.

ജൂലൈ അഞ്ചാം തിയ്യതിയോടെ ഇന്ത്യക്ക് നൽകിവരുന്ന വ്യാപാര മുൻഗണന അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ നിരവധി ഉല്‍പന്നങ്ങൾ നികുതിയിളവോടെ യുഎസ്സിലേക്ക് കയറ്റിയയയ്ക്കാൻ ലഭിച്ചിരുന്ന അവസരത്തിന് അവസാനമാകും. രണ്ടായിരത്തിലധികം ഉൽപന്നങ്ങൾക്കാണ് നികുതിയിളവ് ലഭിച്ചു വന്നിരുന്നത്. ഇതിനെതിരെ യുഎസ് കോൺഗ്രസ്സിലെ ഒരു വിഭാഗം സമ്മർദ്ദം ചെലുത്തി വന്നിരുന്നു. ട്രംപും വ്യക്തിപരമായി ഈ മുൻഗണനയോട് എതിർപ്പ് പുലർത്തി വരികയായിരുന്നു.

അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ‌ സമാനമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ട്രംപിന്റെ പരാതി. ഈ പ്രശ്നം കഴിഞ്ഞ മാർച്ച് മാസത്തിലാണ് ട്രംപ് ശക്തമായി ഉന്നയിച്ചു തുടങ്ങിയത്. വ്യാപാര മുൻഗണന അവസാനിപ്പിക്കുമെന്ന് യുഎസ് അന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വികസ്വര രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് യുഎസ് മുൻഗണനാ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 1970കള്‍ മുതൽ ഈ പട്ടിക നിലവിലുണ്ട്. പകരമായി യുഎസ്സിന്റെ ഉൽപന്നങ്ങള്‍ വിൽക്കാൻ ഈ രാജ്യങ്ങൾ വിപണി തുറന്നു കൊടുത്താൽ മതിയെന്നായിരുന്നു നിബന്ധന.

അതെസമയം ഇന്ത്യയുമായുള്ള സൗഹൃദം ശക്തമായി തുടരുമെന്ന് ട്രംപ് അറിയിച്ചു. സൗഹൃദവും കച്ചവടവും രണ്ടും രണ്ടാണ്. ഇയെ തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതുല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2017ൽ മാത്രം യുഎസ്സിലേക്ക് 5.6 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. എന്നാൽ ഇന്ത്യയിൽ പല യുഎസ് ഉല്‍പന്നങ്ങൾക്കും 20 ശതമാനമാണ് നികുതി. ഈ നടപടി ഇനിയും തുടരാനാകില്ലെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യയാണ് വ്യാപാന മുൻഗണനാ പട്ടികയിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന രാജ്യം.

രണ്ടാം മോദി സർക്കാരിനോടുള്ള നയത്തിലും മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍