UPDATES

കേന്ദ്ര ബജറ്റ്: മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് ആദായ നികുതി ഇളവ്; കർഷകർക്ക് 75000 കോടിയുടെ കിസാൻ സമ്മാന്‍ നിധി

45 വര്‍ഷത്തെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണ് 2017-18 ലേത് എന്ന വിവരം പുറത്തു വന്നതിന്റെ ഞെട്ടലില്‍ കൂടിയാണ് സര്‍ക്കാര്‍

വൻ നികുതിയിളവും ജനപ്രിയ പദ്ധതികളും ഉൾക്കൊള്ളിച്ച കൊണ്ട് ഇടക്കാല ബജറ്റിന് പകരമായി സമ്പൂർണ ബജറ്റ് തന്നെയാണ് ധമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയുഷ് ഗോയൽ ഒന്നേ മുക്കാൽ മണിക്കൂർ നീണ്ടുന്നിന്ന പ്രസംഗത്തിൽ അവതരിപ്പിച്ചത്.

ബജറ്റ് അവതരണം ധനമന്ത്രി പീയുഷ് ഗോയൽ അവസാനിപ്പിച്ചു. ബജറ്റ് സഭയിൽ വച്ചു. ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.

ഭാവിയിലേക്ക് പത്ത് പരിപാടികൾ

രാജ്യത്തിന്റെ ഭാവിയെ തന്നെ മാറ്റുന്ന പത്ത് പദ്ധകളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പീയുഷ് ഗോയലിന്റെ ബജറ്റ് പ്രസംഗം.
മലിനീകരണമില്ലാത്ത രാജ്യം, ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ സമ്പദ്ഘടന സമ്പൂർണമാക്കൽ, ഇലക്ട്രിക് വാഹനങ്ങൾളുടെ പ്രചാരണം, തൊഴിലവസരങ്ങൾ വർധിപ്പിക്കൽ, നദികൾ ശുദ്ധീകരിക്കുക-(സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കൽ, തീരദേശ വികസനവും പരിപാലനവും പുരോഗതിയും, ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം, ഗഗൻയാൻ പദ്ധതിക്ക് ഊന്നൽ, ഭക്ഷ്യസ്വയംപര്യാപതതയും സമ്പൂർണ ഭക്ഷ്യസുരക്ഷയും, സമഗ്ര ആരോഗ്യപരിരക്ഷ, ആയുഷ്മാൻ പദ്ധതി എന്നിയ്ക്കാണ് മുൻഗണന

ഈ വർഷം ചെലവ്. 27,84,200 കോടി

കാർഷിക വരുമാനം ഉറപ്പാക്കൽ പദ്ധതി ധനക്കമ്മി വർധിപ്പിക്കും. ചെലവിൽ വർധനയാണ്. ഈ വർഷം 27,84,200 കോടിയാണു ചെലവ്. പ്രത്യക്ഷ നികുതി വരുമാനത്തിൽ 18 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ 35 ശതമാനം വർധന.

ആദായ നികുതിയിൽ വൻ ഇളവ്

രാജ്യത്തെ ആദായ നികുതിയിൽ വൻ ഇളവ്. നിലവിലുള്ള രണ്ടര ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപയാക്കിയാണ് പരിധി ഉയർത്തിയത്. . മാറ്റം വരുന്നതോടെ അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി കൊടുക്കേണ്ടി വരില്ല. എന്നാൽ ഈ വർഷം നിലവിലെ പരിധി തുടരുമെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി. 6.5 ലക്ഷം വരെ വാർഷിക വരുമാനമുള്ള വ്യക്തികളുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് നികുതി നൽകേണ്ടതില്ലെന്നും പ്രഖ്യപനം.

50,000 കോടിയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തു.

കള്ളപ്പണത്തിനെതിയി കേന്ദ്ര സര്‍‌ക്കാർ നടപാക്കിയ നടപടികൾ വിജയമെന്ന് പീയുഷ് ഗോയൽ. നടപടികളിലൂടെ 1.30 ലക്ഷം കോടി അധികനികുതി വരുമാനം. 50,000 കോടിയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തു. 6,900 കോടിയുടെ ബെനാമി സ്വത്തുക്കൾ കണ്ടുകെട്ടി. വിദേശത്തുള്ള 16,000 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു.

ജിഎസ്ടി വരുമാനം 97,100 കോടി

ജിഎസ്ടി വരുമാനം 97,100 കോടി രൂപയെന്ന് കണക്കുകൾ. ഈ വർഷത്തെ ആകെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ നടപ്പാക്കിയ ജിഎസ്ടി ഇളവുകൾ 35 ലക്ഷം ചെറുകിട വ്യാപാരികൾക്കു ഗുണമാകും. അഞ്ചു കോടിയിൽ താഴെ വിറ്റുവരവുള്ളവർ മൂന്നു മാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതിയെന്നും ധന മന്ത്രി.

നികുതി വരുമാനം കൂടി; 24 മണിക്കൂറിനുള്ളിൽ റിട്ടേണുകൾ തീർപ്പാക്കും

ആദായനികുതി വരുമാനം 12 ലക്ഷം കോടി രൂപയായി വർധിച്ചു. റിട്ടേണുകൾ 24 മണിക്കൂറിനകം തീർപ്പാക്കും. നികുതി റിട്ടേൺ പ്രക്രിയ മുഴുവൻ രണ്ടു വർഷത്തിനകം ഓൺലൈൻ ആക്കും.
രാജ്യത്ത് നികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണത്തിൽ 80 ശതമാനം വളർച്ചയുണ്ടായി. 3.79 കോടിയിൽ നിന്ന് 6.85 കോടിയായാണ് വർധന.

വടക്കു- കിഴക്കൻ സംസ്ഥാനങ്ങൾക്ക് 58166 കോടി

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ 21 ശതമാനം വർധന. 58166 കോടിയാണ് ഈ സംസ്ഥാനങ്ങൾക്കായി മാറ്റിവച്ചത്.

എട്ടു കോടി സൗജന്യ എൽപിജി കണക്ഷനുകൾ
പ്രധാൻമന്ത്രി ഉജ്വൽ യോജന പദ്ധതി വിപുലീകരിക്കും. ഇതിനൊപ്പം എട്ടു കോടി സൗജന്യ എൽപിജി കണക്ഷനുകൾ നൽകും. ഒരു ലക്ഷം ഗ്രാമങ്ങളെ അടുത്ത അഞ്ചുവർഷം കൊണ്ട് ഡിജിറ്റലാക്കും. മൊബൈൽ ഫോൺ കോമൺ സർവീസ് സെന്ററുകളായിരുക്കും ഇതിൽ കേന്ദ്ര ബിന്ദു. അഞ്ചു വർഷത്തിനിടെ മൊബൈൽ ഡേറ്റ ഉപയോഗം അൻപതിരട്ടിയാക്കി.

അളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കി; ദിനം പ്രതി 27 കിലോ മീറ്റർ ഹൈവേ നിർമിക്കുന്നു

റെയിൽ പാതകളിലെ ആളില്ലാ ലെവൽ ക്രോസുകൾ പുർണമായും ഒഴിവാക്കി. ബ്രോഡ്ഗേജ് ലൈനിൽ ആളില്ലാത്ത ഒരു ലെവൽക്രോസ് പോലുമില്ലെന്ന് പ്രഖ്യാപനം. ഒരു ദിവസം 27 കിലോ മീറ്റർ ഹൈവേ നിർമിക്കുന്ന തരത്തിലാണ് രാജ്യത്തെ റോഡ് വികസനം പുരോഗമിക്കുന്നത്. ഹൈവേ വികസനത്തിൽ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നിലെന്നു ധനമന്ത്രി.

പ്രകൃതി ദുരന്ത ഇരകളുടെ കാർഷിക വായ്പയിൽ ഇളവ് 

പ്രകൃതി ദുരന്തത്തിന് ഇരയായ കർഷകർക്ക് 2 ശതമാനം പലിശയിളവ് നൽകും

തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി.
ഇഎസ്ഐപരിധി 21,000 മാക്കി.
ഗ്രാറ്റിവിറ്റി പരിധി 30 ലക്ഷമാക്കി.
പ്രതിരോധ മന്ത്രാലയത്തിന് 3 ലക്ഷം കോടി

പ്രതിരോധ ബജറ്റ് 3 ലക്ഷം കോടി.  വൺ റാങ്ക് വൺ പെൻഷന്‍ പദ്ധതിക്ക് ഇതുവരെ 35,000 കോടി നൽകി. ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്നുലക്ഷം കോടി കവിയുന്നത്.

ആശ വര്‍ക്കർമാരുടെ ഓണറേറിയം 50 ശതമാനം വർധിപ്പിച്ചു

അങ്കൺവാടി ആശ വര്‍ക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു. 50 ശതമാനമാണ് വർധന. അസംഘടിത തൊഴിലാളികൾക്ക് പെൻഷന്‍ പദ്ധതി നടപ്പാക്കും. ലോകത്തെ ഏറ്റവും വലിയ പെൻഷൻ പദ്ധതി. 500 കോടി ഇതിനായി മാറ്റി വയ്ക്കും. പ്രതിമാസം 3000 രൂപ പങ്കാളിത്ത  പെൻഷൻ പരിപാടിയിലൂടെ നടപ്പാക്കാനാണ്  പദ്ധതിയിടുന്നത്. 60 വയസ്സിന് മുകളിലുള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകു. 100 രൂപ പ്രതിമാസം പദ്ധതിക്കായി പിരിക്കും. തൊഴിലാളികളുടെ ബോണസും വർധിപ്പിച്ചു.

രാജ്യത്ത് സമ്പൂർണ വൈദ്യുതീകരണം

രാജ്യത്ത് സമ്പൂർണ വൈദ്യുതീകരണം ഈ വർഷം നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. എല്ലാ വീടുകളും നവീകരിക്കും. ഒരു കോടി 53 ലക്ഷം പുതിയ വീടുകൾ നിർമിച്ചു നൽകി. ആയുഷ്മാൻ ഇൻഷുറൻസ് വഴി 50 കോടി ജനങ്ങൾക്ക് സഹായം ലഭ്യമായെന്നും പീയുഷ് ഗോയൽ. മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ്.

കാർഷിക രംഗത്തിന് വൻ പദ്ധതികൾ

രാജ്യത്തെ കാർഷിക രംഗത്തെ പരിപോഷിപ്പിക്കുക ലക്ഷ്യമിട്ട് വൻ പദ്ധതികൾ. കിസാൻ സമ്മാൻ പദ്ധതിക്കായി നീക്കിവയ്ക്കുന്നത് 75000 കേടി. രണ്ട് ഹെക്ടറിൽ താഴെ ഭുമിയുള്ളവർക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടുകളിൽ എത്തിക്കും. പണം നൽകുക മുന്ന് ഗഡുക്കളായി. 12 കോടി കർഷക കുടുംബങ്ങൾക്ക് സഹായം ലഭിക്കും.

ബാങ്കുകളുടെ ലയനം വഴി രാജ്യം മുഴുവന്‍ ബാങ്കിങ് സേവനം ലഭ്യമാക്കി.

വിദ്യാഭ്യാസം;  2 ലക്ഷം അധികസീറ്റുകൾ ഉറപ്പാക്കും.

രാജ്യത്തെ പാവപ്പെട്ട എല്ലാവർക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കുകയാണു സര്‍ക്കാര്‍ നയം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2 ലക്ഷം അധികസീറ്റുകൾ ഉറപ്പാക്കും.

സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 98 ശതമാനം ഗ്രാമങ്ങളും ശുചിത്വമുള്ളതാക്കി. മഹാത്മാഗാന്ധിക്കുള്ള ആദരമാണ് ഇത്. 5.45 ലക്ഷം ഗ്രാമങ്ങൾ പൊതു ഇട മല വിസർജന മുക്തമാക്കി.

ഏഴുവർഷം കൊണ്ട് ധനകമ്മി പകുതിയാക്കി കുറച്ചു. 2022ൽ രാജ്യം സമഗ്രപുരോഗതി കൈവരിക്കും

സമ്പദ്ഘടനയിൽ അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ നടപ്പാക്കാനും സുസ്ഥിര, അഴിമതിരഹിത ഭരണം മോദി സർക്കാരിന് കാഴ്ചവയ്ക്കാൻ സാധിച്ചെന്ന് പീയുഷ് ഗോയൽ. യുപിഎ സർക്കാരിന്റെ കാലത്തെ കിട്ടാക്കടം എൻഡിഎ സർക്കാർ കണ്ടെത്തി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റം പിടിച്ചു കെട്ടി. ഭരണത്തുടർച്ചയാണ് ലക്ഷ്യെമെന്നും പീയുഷ് ഗോയൽ.

പാർലമെന്റ് നടപടികൾക്ക് തുടക്കം, പീയുഷ് ഗോയൽ ബജറ്റ് അവതരിപ്പിക്കുന്നു.

മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവായ മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. ബജറ്റിലെ സുപ്രധാന തീരുമാനങ്ങളുടെ സൂചനകള്‍ മനീഷ് തിവാരി ട്വിറ്റിറിലൂടെ പുറത്തുവിട്ടു. ബജറ്റിലേതെന്ന് പറയുന്നു പതിനൊന്നോളം പോയിന്റുകളാണ് തിവാരി പുറത്തുവിട്ടത്. ആദായ നികുതിയുടെ പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാക്കാന്‍ സാധ്യതയുണ്ട്. കര്‍ഷകര്‍ രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ കൃത്യസമയത്ത് അടച്ചാല്‍ പലിശയില്‍ ഇളവ് നല്‍കും, എന്നതടക്കമുള്ള കാര്യങ്ങളാണ് തിവാരി ട്വീറ്റ് ചെയ്തത്.

സര്‍ക്കാര്‍ ഉറവിടങ്ങള്‍ വഴി ലഭിച്ച ഈ സൂചനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തുകകളും ബജറ്റിലും വരികയാണെങ്കില്‍ ബജറ്റ് ചോര്‍ന്നതായി കണക്കാക്കേണ്ടതല്ലേയെന്നും തിവാരി ചോദിച്ചു.


ബജറ്റ് അവതരണത്തിന് മുന്‍പ് തന്നെ പാർലമെന്റിന് പുറത്ത് പ്രതിഷേധം. ആന്ധപ്രദേശിന് പ്രത്യേക പദവി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടി എംപിമാരാണ് പ്രതിഷേധം നടക്കുന്നത്. കറുപ്പ് വസ്ത്രം അണിഞ്ഞാണ് ഇവർ പാർലമെന്റിലെത്തിയത്.


എന്‍ഡിഎ സർക്കാരിന്റെ അവസാന ബജറ്റിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബജറ്റിന് അംഗീകാരം നൽകിയത്.


മോദി സർക്കാറിന്റെ അവസാന ബജറ്റ് ജനപ്രിയമായേക്കുമെന്ന സൂചനകൾ പുറത്ത് വന്നതിന് പിറകെ രാജ്യത്തെ ഓഹരി വിപണിയിൽ ഉണർവ്. സെന്‍സെക്സ് 100 പോയിന്‍റ് ഉയര്‍ന്നു. നിഫ്റ്റിയില്‍ 10,850 ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏഷ്യന്‍ ഓഹരികള്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സെന്‍സെക്സിലെ 30 സ്റ്റോക്കുകളില്‍ ഹീറോ മോട്ടോകോര്‍പ്പ് നാല് ശതമാനം ഉയര്‍ന്നു. ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ ഉയര്‍ന്നു.


ബജറ്റ് അവതരണത്തിന് മുന്നോടിയായി നടക്കുന്ന മന്ത്രി സഭായോഗം പുരോഗമിക്കുകയാണ്. മന്ത്രിസഭയുടെ അനുമതി നേടിയ ശേഷമായിരിക്കും ബജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുക.

രാവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി തേടിയ ശേഷമായിരുന്നു ധമന്ത്രിയുടെ ചുമതല വഹിക്കുന്ന മന്ത്രി പീയുഷ് ഗോയൽ മന്ത്രിസഭാ യോഗത്തിനെത്തിയത്.


തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അവതിരിപ്പിക്കുന്ന ബജറ്റ് ജനപ്രിയമായേക്കുമെന്ന് സൂചനകൾ പുറത്തുവരുമ്പോൾ ഇടക്കാല ബജറ്റിൽ ആദായ നികുതി ഒഴിവിന്റെ പരിധി ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്. നിലവിലുള്ള രണ്ടര ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷം രൂപയായി ഉയർത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. അഞ്ചു ലക്ഷം രൂപയായി ഉയർത്തണമെന്നാണ് പലരുടെയും താത്പര്യം. മാറ്റം വരുന്നതോടെ മൂന്നു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി കൊടുക്കേണ്ടി വരില്ല.

മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ബജറ്റിൽ ഇളവുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സർക്കാർ പാർലമെന്‍റിൽ വയ്ക്കാത്തത് വിവാദത്തിന് ഇടയാക്കി. ഇടക്കാല ബജറ്റിന് അപ്പുറം സാധാരണ ബജറ്റിന്‍റെ സ്വഭാവമായിരിക്കും ഇത്തവണയെന്ന പിയൂഷ് ഗോയൽ സര്‍വ്വകക്ഷി യോഗത്തിൽ സൂചന നൽകിയിരുന്നു.

എന്നൽ വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നതോടെ പാർ‌ലമെന്റിൽ ബഹളത്തിന് ഇടയാക്കിയേക്കും. ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തിൽ സര്‍ക്കാരിൽ നിന്ന് വിശദീകരണം തേടാനാണ് പ്രതിപക്ഷ തീരുമാനം.


ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ രാവിലെ 11 മണിക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെയുള്ള കാര്യങ്ങള്‍ക്കായി തുക വകയിരുത്തുക അടക്കമുള്ള കാര്യങ്ങളാണ് ഇടക്കാല ബജറ്റ് ചെയ്യുന്നത്. നയപരമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ സാധാരണയായി ഇടക്കാല ബജറ്റില്‍ ഉണ്ടാകാറില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയടക്കം പ്രഖ്യാപിച്ച് 2014ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഈ കീഴ് വഴക്കം തെറ്റിച്ചിരുന്നു. ഇത്തവണയും രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് മോദി സര്‍ക്കാര്‍ ഇത്തരത്തില്‍ ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും എന്ന സൂചനകളുണ്ട്.

നികുതി വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം. ഒരു ലക്ഷം കോടിയുടെ കര്‍ഷക ആശ്വാസ പാക്കേജ് വന്നേക്കാം. വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സില്‍ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുണ്ടാകാം. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഫണ്ട് വകയിരുത്താന്‍ ഇടയുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കുള്ള 30 ശതമാനം നികുതിയിളവ് തല്‍ക്കാലം പ്രഖ്യാപിക്കാതെ മാറ്റിവച്ചേക്കാം. മധ്യവര്‍ഗത്തിനും ചെറുകിട വ്യവസാങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ജി എസ് ടി ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഗ്രാമീണ മേഖലകളിലെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ പണം വകയിരുത്തിയേക്കാം എന്നൊക്കെയാണ് നിലവിലെ സൂചനകള്‍.

സര്‍ക്കാര്‍ അതിന്റെ അവസാന ദിനങ്ങളിലേക്ക് കടക്കുന്നതിനിടെയാണ്, 45 വര്‍ഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് 2017-18ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന വിവരം പുറത്തുവന്നത്. അത് മോദി സര്‍ക്കാരിന് വലിയ ക്ഷീണമായിരിക്കുകയാണ്. തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌നങ്ങളുമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപി സഖ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ അഭിസംബോധന ചെയ്യുന്ന എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോ എന്ന കാര്യം പ്രസക്തമാണ്. ബജറ്റ് കര്‍ഷകര്‍ക്കുള്ള മോദി സര്‍ക്കാരിന്റെ സമ്മാനമായിരിക്കുമെന്നാണ് കൃഷി മന്ത്രി രാധാമോഹന്‍ സിംഗ് പറഞ്ഞത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാം ദരിദ്രര്‍ക്കും മിനിമ വരുമാനം ഉറപ്പുവരുത്തും എന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനെ നേരിടാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ട്. യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം എന്ന ആവശ്യം നടപ്പാക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. മോദി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ രണ്ട് വര്‍ഷം മുമ്പ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു.

അതേസമയം സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ മിനിമം വരുമാനം എന്ന ആശയം സംബന്ധിച്ച് ഭിന്നതകളുണ്ട്. പലരും ഇത്തരമൊരു ആശയത്തെ സ്വാഗതം ചെയ്യുമ്പോളും ഇത് വെറും തിരഞ്ഞെടുപ്പ് വാചകമടി മാത്രമാണ് എന്നാണ് കെയര്‍ റേറ്റിംഗ്്‌സ് ചീഫ് എക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് ഫിനാന്‍ഷ്യല്‍ ഏക്‌സ്പ്രസിനോട് പറഞ്ഞത്. ഈ പദ്ധതി സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും മദന്‍ സബ്‌നാവിസ് അഭിപ്രായപ്പെടുന്നു. അതേസമയം യുബിഐ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് വാദിക്കുന്നവരുമുണ്ട്. കോര്‍പ്പറേറ്റ് ടാക്‌സ് അടക്കം വര്‍ദ്ധിപ്പിച്ച് ധനികരില്‍ നിന്ന് പരമാവധി നികുതി പിരിച്ച് ഇത് സാധ്യമാക്കണം എന്ന ആവശ്യമടക്കം ഉയരുന്നു. എന്നാല്‍ സബ്‌സിഡികള്‍ വെട്ടിക്കുറച്ച്, ക്ഷേമ പദ്ധതികള്‍ ഒഴിവാക്കി പൊതുമിനിമം വരുമാനം നടപ്പാക്കണമെന്ന ആവശ്യത്തിനെതിരെ എതിര്‍പ്പുയര്‍ന്നു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍