UPDATES

ബീഫ് രാഷ്ട്രീയം

കലാലയങ്ങള്‍ വീണ്ടുമുണരുകയാണ്; സംഘപരിവാറിന് ബീഫ് ഒരു കാരണം മാത്രം

അടിമകളെയല്ല സ്വതന്ത്ര ചിന്താഗതിയുള്ളവരെയാണ് വളരുന്ന ഇന്ത്യയ്ക്ക് ആവശ്യമെന്ന് ക്യാമ്പസുകളിലെ ഭീകരവാഴ്ചകള്‍ നമ്മോട് ആവശ്യപ്പെടുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വിപണന നിയന്ത്രണ വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ രാജ്യമൊട്ടുക്കും അതിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളും ബീഫ് ഫെസ്റ്റിവലുകളും ഇപ്പോഴും തുടരുകയാണ്. വിജ്ഞാപനം ബീഫ് നിരോധനമല്ലെന്ന് പറയുമ്പോഴും കശാപ്പിനായുള്ള കാലികളെ വില്‍ക്കുന്നത് നിരോധിക്കുന്ന വിജ്ഞാപനം ബീഫ് നിരോധനം തന്നെയാണ് മുന്നോട്ട് വയ്ക്കുന്നതെന്ന തിരിച്ചറിവിലാണ് ഈ പ്രതിഷേധങ്ങളെല്ലാം സംഘടിപ്പിക്കപ്പെടുന്നത്. ക്യാമ്പസുകളില്‍ നിന്നുയരുന്ന ഇത്തരം പ്രതിഷേധങ്ങളെയും എതിര്‍ ശബ്ദങ്ങളെയും എബിവിപിയെ മുന്‍നിര്‍ത്തി അടിച്ചമര്‍ത്താന്‍ സംഘപരിവാര്‍ ആരംഭിച്ചും കഴിഞ്ഞു.

ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആര്‍ സൂരജ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ സൂരജിന്റെ കാഴ്ചയ്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റത്. മദ്രാസ് ഐഐടിയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ക്യാമ്പസുകളില്‍ ആരംഭിച്ചിരിക്കുന്ന സംഘപരിവാര്‍ ഭീകരതയെക്കുറിച്ചാണ് അവര്‍ ആശങ്കപ്പെടുന്നത്. കേവലം ഒരു ഭക്ഷണ വിഷയത്തിലെ ആക്രമണങ്ങളായി ഇതിനെ കാണാനാകില്ല. കാരണം ബീഫ് എന്നതിനപ്പുറം സംഘപരിവാറിന്റെ ലക്ഷ്യം ക്യാമ്പസുകളിലെയും അതുവഴി വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യ ബോധത്തിന് മേലുള്ള ആധിപത്യമാണ്. ക്യാമ്പസുകളില്‍ നിന്നും ഇത്തരം ഫാസിസ്റ്റ് ശക്തികളെ ഒഴിവാക്കേണ്ട അനിവാര്യമായ ഘട്ടത്തിലാണ് നാം എത്തിനില്‍ക്കുന്നത്. വിവിധ ക്യാമ്പസുകളില്‍ സമീപകാലത്ത് രൂപം കൊണ്ട ഭീകരത നമ്മോട് ബോധ്യപ്പെടുത്തുന്നതും ഇതാണ് എന്നും അവര്‍ പറയുന്നു.

മെയ് 30ന് നടന്ന ആക്രണത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ എതിര്‍ക്കുന്നവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മദ്രാസ് ഐഐടിയില്‍ ആരംഭിച്ചിരുന്നു. പുറത്തുവന്ന ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് ക്യാമ്പസിലെ എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗോസംരക്ഷക പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെ ഭീഷണിയും മുഴക്കി. ആരെങ്കിലും ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്താല്‍ വെട്ടിനുറുക്കി കൊല്ലുമെന്നായിരുന്നു ഇവരുടെ ഭീഷണിയെന്ന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ ഭീഷണിയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഭീഷണിയുയര്‍ത്തിയവര്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

സൂരജ് ആക്രമിക്കപ്പെട്ട ശേഷവും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഐഐടി അധികൃതര്‍ തയ്യാറായിരുന്നില്ല. കേസെടുത്തെങ്കിലും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും സ്വീകരിച്ച് പോന്നത് എന്നാരോപണമുണ്ട്. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന സൂരജിനെതിരെയും പോലീസ് കേസെടുത്തതാണ് ഇതിലെ വിരോധാഭാസം. ആക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിന് കാരണം തമിഴ്‌നാട് സര്‍ക്കാരിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദമാണെന്ന് കെസി വേണുഗോപാല്‍ എംപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അതേസമയം ഈ ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ സാധിക്കില്ല. രാജ്യത്തെ ക്യാമ്പസുകളില്‍ വരേണ്യ ഹൈന്ദവ കാഴ്ചപ്പാടുകള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ ഏതൊന്നിനെയും അടിച്ചമര്‍ത്താനുള്ള സംഘടിതമായ ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജാതിയെക്കുറിച്ചും അതുമൂലം നേരിടേണ്ടി വരുന്ന അടിച്ചമര്‍ത്തലുകളെയും കുറിച്ച് സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സംഘപരിവാറിനാലോ പോലീസിനാലോ മുമ്പും ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ബനാറസ് ഹിന്ദു സര്‍വകലാശലയിലെയും അതിന് കീഴിലുള്ള ഐഐടിയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് ആക്രമണമാണ് ഇതിന് മുമ്പത്തെ ഒരു സംഭവം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍വകലാശാല സന്ദര്‍ശന വേളയില്‍ ഷഹരണ്‍പുരിലെ ദളിതര്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളാണ് ഇവിടെ ആക്രമിക്കപ്പെട്ടത്.

വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും അവരെ പോലീസ് വാനിലേക്ക് എടുത്തെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനിടെ ചില പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ ഒഴിച്ചും ഒരു ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ പ്രമുഖ കലാലയങ്ങള്‍ ഏത് വിധത്തിലാണ് കലാപശാലകളാകുന്നതെന്നും മൗലിക അവകാശങ്ങളുടെയും പ്രതിഷേധ സ്വരങ്ങളുടെയും അടിച്ചമര്‍ത്തല്‍ കേന്ദ്രങ്ങളാകുന്നതെന്നുമാണ്. ഇതൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല, പകരം രാജ്യത്തെ സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ സംവിധാനത്തിന്റെയും സ്വാഭാവിക പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നം കൂടിയാണ്.

ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ ആശയങ്ങള്‍ ഉരുത്തിരിയേണ്ട ഇടമാകേണ്ടതിന് പകരം നമ്മുടെ സര്‍വകലാശാലകള്‍ ഹൈന്ദവ വരേണ്യതയുടെയും ഫാസിസത്തിന്റെയും കൈകളിലെ ആയുധമാകുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുക. സംവാദങ്ങളില്ലാതെ, അതിക്രമങ്ങളിലൂടെ മാത്രം ഒരു വിഭാഗത്തിന്റെ ആശയങ്ങള്‍ മറ്റൊരു വിഭാഗത്തിന് മേല്‍ അടിച്ചമര്‍ത്തപ്പെടുകയാണ് ഇവിടെ. അനുഭാവികളെയല്ല ഇവര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത്, പകരം അനുസരിക്കുന്നവരെയാണ്. ഇത് വിദ്യാഭ്യാസ രംഗത്തെയും അതുവഴി രാജ്യത്തെ തന്നെയും അനാരോഗ്യകരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നത്.

ജനാധിപത്യത്തിന്റെ അന്തസത്തയോട് യാതൊരു കൂറുമില്ലാത്ത ഫാസിസത്തിന് ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ യാതൊരു വിധത്തിലുള്ള ഭരണഘടന ബാധ്യതകളുമില്ലെന്ന് ചരിത്രം തെളിയിച്ചതാണ്. സര്‍വകലാശാലകളില്‍ ഭീകരാവസ്ഥ സൃഷ്ടിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിലൂടെ ചിന്തിക്കുന്ന സമൂഹത്തെ ഇല്ലാതാക്കുകയാണ് വലതുപക്ഷ കക്ഷികളുടെ ലക്ഷ്യം. അതിനാലാണ് ഭക്ഷണത്തിന്റെ പേരിലും സദാചാര ജാഗ്രതയുടെ പേരിലും ക്യാമ്പസുകളില്‍ നടക്കുന്ന അക്രമങ്ങള്‍ അടിച്ചമര്‍ത്തേണ്ടത് വളരുന്ന ഇന്ത്യയുടെ ആവശ്യകതയാകുന്നത്. ആയുധങ്ങളെ ഭയന്ന് അടിമകളാകുന്ന ഒരു സമൂഹമാണ് ഇവര്‍ക്ക് കീഴില്‍ അണിനിരക്കേണ്ടി വരുന്നത്. അടിമകളെയല്ല സ്വതന്ത്ര ചിന്താഗതിയുള്ളവരെയാണ് വളരുന്ന ഇന്ത്യയ്ക്ക് ആവശ്യമെന്ന് ക്യാമ്പസുകളിലെ ഭീകരവാഴ്ചകള്‍ നമ്മോട് ആവശ്യപ്പെടുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍