UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷിനെ കൊന്നത് അഞ്ച് സംസ്ഥാനങ്ങളിൽ വേരുള്ള ഹിന്ദുത്വ സംഘടന; കൊലയാളി പരശുറാം തന്നെ

എഴുത്തുകാരൻ കെഎസ് ഭഗവാനെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണം അതിന്റെ അവസാന ഘട്ടങ്ങളിലെത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

വിവിധ സംഘപരിവാർ സംഘടനകളിൽ നിന്നുള്ള അംഗങ്ങൾ ചേർന്ന് രൂപീകരിച്ച പേരില്ലാത്ത ഒരു സംഘടനയാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനു പിന്നിലെ ഗൂഢാലോചകരെന്ന് പൊലീസ് വെളിപ്പെടുത്തി. അറുപത് അംഗങ്ങളാണ് ഈ സംഘടനയിലുള്ളത്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ സംഘടനയിലുള്ളത്.

മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സംഘടനയിലെ അംഗങ്ങൾ. ഉത്തർപ്രദേശുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ കൊലയാളി പരശുറാം വാഘ്മാരെ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഗോവിന്ദ് പന്‍സാരെ, എംഎം കാൽബുർഗി എന്നിവരെ കൊല്ലാനുപയോഗിച്ച അതേ തോക്ക് തന്നെയാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്നും പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ തോക്ക് പക്ഷെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മൂന്നുപേർ‌ കൂടി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പങ്കാളികളാണെന്ന് പൊലീസ് സംശയിക്കുന്നു. എങ്കിലും വെടി വെച്ചത് ഇപ്പോൾ പിടിയിലുള്ള പരശുറാം തന്നെയാണ്.

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തുന്നതിന് ആറു മാസം മുതൽ ഒരു വർഷം വരെ സമയമെടുത്തുള്ള വലിയ ആസൂത്രണം നടന്നിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. എഴുത്തുകാരൻ കെഎസ് ഭഗവാനെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണം അതിന്റെ അവസാന ഘട്ടങ്ങളിലെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് കൂട്ടത്തിലുള്ള നാലുപേർ അറസ്റ്റിലായത്. ഗിരീഷ് കർണാഡ്, ബിടി ലളിതാ നായിക്ക്, സിഎസ് ദ്വാരകാനാഥ്, വീരഭദ്ര ചന്നമല സ്വാമി എന്നിവരും ഇവരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു. പിടിയിലായവരിൽ നിന്നും ലഭിച്ച ഡയറിയിലാണ് ഈ വിവരങ്ങൾ ഉണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍