UPDATES

ട്രെന്‍ഡിങ്ങ്

ഉന്നാവോ: പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച സംഭവത്തിൽ ബിജെപി എംഎൽഎക്കെതിരെ എഫ്ഐആർ

സംഭവത്തിൽ സുപ്രീംകോടതി സ്വയമേവ ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഉന്നാവോ ബലാൽസംഗക്കേസിലെ ഇരയായ പെൺകുട്ടിയും കുടുംബവും വക്കീലും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട സംഭവത്തിൽ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ, അദ്ദേഹത്തിന്റെ സഹോദരൻ, മറ്റ് എട്ടുപേർ എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. റായ്ബറേലിയിൽ ഇന്നലെ നടന്ന അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചു. പെൺകുട്ടിയുടെ വക്കീലും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഒരു കാലി ട്രക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് അമിത വേഗത്തിലായിരുന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നമ്പര്‍ പ്ലെയ്റ്റില്‍ കറുത്ത പെയിന്റടിച്ച് നമ്പര്‍ മറച്ച നിലയിലായിരുന്നു. ട്രക്ക് ഡ്രൈവറേയും ഉടമയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രക്കും നമ്പര്‍ പ്ലേറ്റുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ സുപ്രീംകോടതി സ്വയമേവ ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി വിഷയത്തില്‍ ഇക്കാലമത്രയും തുടർന്ന നിസ്സംഗതയെ കോൺഗ്രസ് വിമർശിക്കുകയും ചെയ്തു. 2017ൽ പെൺകുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ തീക്കൊളുത്തി ആത്മഹത്യ ചെയ്യാൻ മുതിർന്നതോടെയാണ് സംഭവം ദേശീയ ശ്രദ്ധയിലെത്തിയത്. എംഎൽഎയും കൂട്ടരും ബലാൽസംഗം ചെയ്തതിന്മേൽ പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായിരുന്നില്ല. പരാതിയുമായി ചെന്ന പെൺകുട്ടിയുടെ പിതാവിന് മർദ്ദനമേറ്റു. ഇദ്ദേഹം പിന്നീട് മറ്റൊരു കേസിൽ കുടുങ്ങുകയും ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു.

കാറപകടത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തുണ്ട്. ഇവർ റായ് ബറേലി ജില്ലാ ജയിൽ സന്ദർ‌ശിക്കാൻ പോകുന്ന കാര്യം ഗ്രാമത്തിൽ എല്ലാവർക്കും അറിയാമായിരുന്നെന്നും, ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെയും പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായിട്ടുണ്ട്.

അതിനിടെ ഉന്നാവോ ബലാത്സംഗ ഇരയുടെ വാഹനത്തില്‍ ട്രക്കിടിച്ച സംഭവം സിബിഐ അന്വേഷിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ലക്‌നൗ എഡിജിപി അറിയിച്ചു.

ഉന്നാവോ സംഭവത്തിൽ ബാംഗര്‍മാവു എംഎല്‍എയായ കുല്‍ദീപ് സെന്‍ഗറിനേയും സഹോദരനേയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ ബലാത്സംഗവും ക്രിമിനല്‍ ഗൂഢാലോചനയും സെന്‍ഗറിന് മേല്‍ ചുമത്തിയിരുന്നു. കുല്‍ദീപ് സെന്‍ഗര്‍ ഒരു വര്‍ഷമായി ജയിലിലാണ്. സഹോദരന്‍ അതുല്‍ സെന്‍ഗറിനും (ജയ്ദീപ് സിംഗ്) മറ്റ് രണ്ട് പേര്‍ക്കുമെതിരെ കൊലക്കുറ്റവും ചുമത്തിയിരുന്നു. ജോലി വാഗ്ദാനം ചെയ്താണ് ശശി സിംഗ് എന്നയാള്‍ പെണ്‍കുട്ടിയെ എംഎല്‍എയ്ക്കടുത്ത് കൊണ്ടുപോയത്. ശശി സിംഗും കേസില്‍ പ്രതിയാണ്. ഇരയായ പെണ്‍കുട്ടിയെ 2017 ജൂണില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് കേസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍