UPDATES

മര്‍ദ്ദനമേറ്റ അച്ഛന്‍ ജയിലില്‍ മരിച്ചു, അമ്മാവന്‍ ജയിലില്‍, ഉന്നാവോ ബലാത്സംഗ ഇരയ്ക്കും കുടുംബത്തിനും നേരെ ബിജെപി എംഎല്‍എ തുടരുന്ന നിരന്തര പീഡനവും ഭീഷണികളും

കുടുംബത്തിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാനാണ് പൊലീസും സര്‍ക്കാരും ശ്രമിക്കുന്നത് എന്ന ആരോപണം ശരി വയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം മുതല്‍ കാര്യങ്ങള്‍.

ഉന്നാവോയില്‍ 2017ല്‍ 17 വയസുണ്ടായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായപ്പോള്‍ മുഖ്യപ്രതിയായ പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കാതിരുന്ന ബിജെപിക്കും യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനുമെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിന് പകരം പരാതി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാനാണ് പൊലീസും സര്‍ക്കാരും ശ്രമിക്കുന്നത് എന്ന ആരോപണം ശരി വയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം മുതല്‍ കാര്യങ്ങള്‍.

ആയുധ നിയമ പ്രകാരമുള്ള കേസില്‍ അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ അച്ഛന്‍ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പൊലീസിന് പുറമെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന്റെ സഹോദരന്‍ അടക്കമുള്ളവരും പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിച്ചതായി പരാതി വന്നിരുന്നു. സെന്‍ഗറിന്റെ സഹോദരനാണ് പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് എന്ന് കുടുംബം ആരോപിക്കുന്നു.

നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗിയുടെ വീട്ടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ പെണ്‍കുട്ടിയും അമ്മയും തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് എംഎല്‍എക്കെതിരെ കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. അലഹബാദ് ഹൈക്കോടതി ഇടപെട്ടതിന് ശേഷം 2018ലാണ് കുല്‍ദീപ് സെന്‍ഗര്‍ അറസ്റ്റ് നടന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ജയിലിലാണ്. എന്നാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെയുള്ള ഭീഷണികളും പ്രതികാര നടപടികളും നിര്‍ബാധം തുടര്‍ന്നു. എംഎല്‍എയുടെ സഹോദരനും അനുയായികളും കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് നിരന്തരം ഭീഷണി മുഴക്കിയിരുന്നതായി പെണ്‍കുട്ടിയും അമ്മയും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം റായ്ബറേലിയില്‍ നടന്ന റോഡ് അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചു. അഡ്വക്കേറ്റിന് പരിക്കേറ്റു. ജില്ലാ ജയിലിലുള്ള അമ്മാവനെ കാണാന്‍ പോകുമ്പോളായിരുന്നു ഇത്. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി ഏഴ് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ എപ്പോള്‍ പെണ്‍കുട്ടിയും വീട്ടുകാരും പുറത്തുപോയാലും കൂടെയുണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ ജയിലില്‍ അമ്മാവനെ കാണാന്‍ പോയപ്പോള്‍ ഇതുണ്ടായില്ല. കാറില്‍ സ്ഥലമില്ലാത്തത് കാരണം പെണ്‍കുട്ടി തന്നെ ആവശ്യപ്പെട്ടത് കാരണമാണ് പൊലീസുകാര്‍ കൂടെ വരാതിരുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ ഇത് കുടുംബം അംഗീകരിക്കുന്നില്ല. മാത്രമല്ല സുരക്ഷാചുമതലയുള്ള പൊലീസുകാര്‍ തന്നെയാണ് പെണ്‍കുട്ടിയുടെ യാത്രാവിവരം ജയിലിലുള്ള സെന്‍ഗറിനെ അറിയിച്ചത് എന്നും സെന്‍ഗറിന്റെ നിര്‍ദ്ദേശപ്രകാരമാണ് അപകടം ആസൂത്രണം ചെയ്തത് എന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ എട്ട് മാസത്തിലധികമായി പെണ്‍കുട്ടിയുടെ അമ്മാവന്‍ മഹേഷ് സിംഗ് ജയിലിലാണ്. ഡല്‍ഹിയില്‍ ജോലിയുണ്ടായിരുന്ന, പിതാവിന് പുറമെ കുടുംബം വരുമാനത്തിനായി ആശ്രയിച്ചിരുന്നയാളാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്. കള്ളക്കേസ് ആണെന്ന് കുടുംബം ആരോപിക്കുന്നു. ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ബിജെപി എംഎല്‍യുടെ ആളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലിട്ടതിനെ തുടര്‍ന്നാണ് പ്രതികാര നടപടിയുണ്ടായത് എന്ന് കഴിഞ്ഞ ഏപ്രിലില്‍ ദ വയറിനോട് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
റെയില്‍വേയുമായി ബന്ധപ്പെട്ട മോഷണം മുതല്‍ വധശ്രമം വരെയുള്ള 12 കേസുകളാണ് അമ്മാവനെതിരെ ചുമത്തിയത്. എന്നാല്‍ കേസ് നടപടികളുമായി മുന്നോട്ടുപോകാതിരിക്കാനായി ചുമത്തിയ കള്ളക്കേസുകളാണ് ഇവയെന്ന് കുടുംബം പറയുന്നു. പിതാവിനെ മര്‍ദ്ദിക്കുന്നത് കണ്ടതായി സാക്ഷി പറഞ്ഞ യൂനുസ് എന്നയാളും ദുരൂഹമായി കൊല്ലപ്പെടുകയായിരുന്നു.

കുടുംബത്തില്‍ വരുമാനമുണ്ടായിരുന്ന രണ്ട് പേരുടെ അസാന്നിദ്ധ്യം ഇവരുടെ ജീവിതം ദുരിതത്തിലാക്കിയിരുന്നു. ഇതിനിടെയാണ് ആസൂത്രിത അപകടമെന്ന് ആരോപിക്കപ്പെടുന്ന സംഭവമുണ്ടാകുന്നത്. ജൂലായ് 12ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും യുപി അധികൃതര്‍ക്കും കുല്‍ദീപ് സെന്‍ഗറില്‍ നിന്നുള്ള ഭീഷണി ചൂണ്ടിക്കാട്ടി പെണ്‍കുട്ടി കത്ത് നല്‍കിയതിന് ശേഷമാണ് അപകടം എന്നത് ശ്രദ്ധേയമാണ്. കത്തിന്റെ വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ചീഫ് ജസ്റ്റിസ് എന്തുകൊണ്ട് ഇക്കാര്യം മറച്ചുവച്ചു എന്നതിന് സെക്രട്ടറി ജനറലിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കുല്‍ദീപ് സെന്‍ഗര്‍ ഇപ്പോളും ബിജെപി എംഎല്‍എയായി തുടരുകയും സെന്‍ഗറിന്റെ ആളുകള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് നിര്‍ബാധം തുടരുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍