UPDATES

ട്രെന്‍ഡിങ്ങ്

യുപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ശരിക്കും ആരാണ് ജയിച്ചത്? എന്തായാലും അത് ബിജെപിയല്ലെന്ന് കണക്കുകള്‍ പറയുന്നു

മൊത്തം 652 സീറ്റുകളില്‍ 184 സീറ്റാണ് ബിജെപിക്ക് കിട്ടിയത്. അതേസമയം സ്വതന്ത്രര്‍ 225 സീറ്റുകളില്‍ ജയിച്ചു.

യുപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ വിജയമെന്നാണ് ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 16 നഗരസഭകളില്‍ അല്ലെങ്കില്‍ നഗര്‍ നിഗമുകളില്‍ (മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) 14ഉം ബിജെപി ജയിച്ചെന്ന് പറഞ്ഞാണ് ഇത്. എന്നാല്‍ വസ്തുത അതെല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 16 കോര്‍പ്പേറേഷനുകളില്‍ 14ലും ബിജെപിയും ബാക്കി രണ്ടെണ്ണം ബിഎസ്പിയുമാണ് നേടിയത് എന്നത് വസ്തുതയാണ്. എന്നാല്‍ നഗര്‍ പരിഷദ്, നഗര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ഫലത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളൊന്നും മിണ്ടുന്നില്ല. മൊത്തം 652 സീറ്റുകളില്‍ 184 സീറ്റാണ് ബിജെപിക്ക് കിട്ടിയത്. അതേസമയം സ്വതന്ത്രര്‍ 225 സീറ്റുകളില്‍ ജയിച്ചു. 128 സീറ്റുമായി സമാജ്‌വാദി പാര്‍ട്ടി മൂന്നാം സ്ഥാനത്തും 76 സീറ്റുമായി ബിഎസ്പി നാലാം സ്ഥാനത്തുമാണ്. ബിഎസ്പിയ്ക്ക് നഷ്ടമായിരുന്ന അവരുടെ ദളിത് വോട്ടുകള്‍ കുറെ നേടാനായിട്ടുണ്ട്.

ഇനി വോട്ടിംഗ് പാറ്റേണ്‍ നോക്കാം. 22 കോടി ജനസംഖ്യയില്‍ എട്ട് കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 52.4 ശതമാനം പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. കഷ്ടിച്ച് നാല് കോടിക്ക് മുകളില്‍ പേര്‍ വോട്ട് ചെയ്തിരിക്കുന്നു. 16 കോര്‍പ്പറേഷനുകളില്‍ 35 ലക്ഷം വോട്ടാണുള്ളത്. ഇതിന്റെ 87 ശതമാനം എ്ന്ന് പറയുമ്പോള്‍ 30 ലക്ഷത്തിനടുത്ത് വോട്ടുകള്‍. നഗര്‍ പാലിക പരിഷദുകളില്‍ ഒരു കോടി വോട്ടുകളുണ്ട്. 70 സീറ്റുകളും 35.5 ശതമാനം വോട്ടുകളുമാണ് ബിജെപിക്ക് കിട്ടിയിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിക്ക് 22.5 ശതമാനം വോട്ടുകളും സ്വതന്ത്രര്‍ക്ക് 21.72 ശതമാനം വോട്ടുകളും ബിഎസ്പിക്ക് 14.65 വോട്ടുകളുമാണുള്ളത്. കോണ്‍ഗ്രസ് 4.5 ശതമാനം വോട്ട് നേടി.

നഗര്‍ പഞ്ചായത്തുകളില്‍ 2.65 കോടി വോട്ടുകളാണുള്ളത്. 438 സീറ്റുകളില്‍ 100 എണ്ണമാണ് ബിജെപിക്ക് കിട്ടിയത്. 22 ശതമാനം വോട്ടും. സ്വതന്ത്രര്‍ക്ക് 41.55 ശതമാനം വോട്ട് കിട്ടി. എസ്പിക്ക് 18.95 ശതമാനം വോട്ട്. ബിഎസ്പിക്ക് 10.27 ശതമാനം. കോണ്‍ഗ്രസിന് 3.88 ശതമാനം. ഏതാണ്ട് 58 ലക്ഷത്തിനടുത്ത് വോട്ടുകളാണ് ബിജെപിക്ക കിട്ടിയിരിക്കുന്നത്. സ്വതന്ത്രര്‍ക്ക് 1.7 കോടി വോട്ട്. മൊത്തം വോട്ടുകളെടുത്താല്‍ നാല് കോടി വോട്ടുകളില്‍ 1,23,00,000 വോട്ടുകള്‍. ബിജെപിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2017 മാര്‍ച്ചിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്.

ജാതി സമവാക്യങ്ങള്‍ ബിജെപിക്കെതിരായ പ്രവര്‍ത്തിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. ബിജെപിയുടെ പരമ്പരാഗത വോട്ട്ബാങ്കായ ബ്രാഹ്മണരും മുസ്ലീങ്ങള്‍, യാദവര്‍, ദളിതുകള്‍ തുടങ്ങിയ എല്ലാം വിഭാഗങ്ങളും അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ബസ്തി, ഗോണ്ട, ചിത്രകൂട്, അലഹബാദ്, മിര്‍സാപൂര്‍, ബാരാബങ്കി, അസംഗഢ്, ജോന്‍പൂര്‍, കൗശാംബി, ഫത്തേപൂര്‍, ഫറൂഖാബാദ്, ഫിറോസാബാദ്, അമേഥി തുടങ്ങിയവ എല്ലാം ബിജെപിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സ്വതന്ത്രര്‍ നേടിയിരിക്കുന്ന വന്‍ വിജയം പുതിയ പാര്‍ട്ടികളുടെ കടന്നുവരവിനാണ് വഴി തുറക്കുന്നതെന്നാണ് വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍