UPDATES

ട്രെന്‍ഡിങ്ങ്

യോഗി ആദിത്യനാഥ് ഇപ്പോള്‍ യുപി മുഖ്യമന്ത്രിയാണ്; ഹിന്ദു യുവവാഹിനി നേതാവല്ലെന്നോര്‍മിക്കണം

ഒരു ഭരണഘടന പദവിക്ക് വ്യക്തമായ ചില ഉത്തരവാദിത്വങ്ങളുണ്ട്

ഈ യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഹിന്ദു യുവവാഹിനിയുടെ സ്ഥാപകനായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംഘടനയുടെ ശക്തികേന്ദ്രമായ ഗോരഖ്പൂരിന് പുറത്ത് അതിന്റെ അംഗത്വത്തിലും പ്രവര്‍ത്തനങ്ങളിലും വേഗത കൈവരിച്ചിട്ടുണ്ട്. ഇത് ഹിന്ദുത്വ ‘സാംസ്‌കാരിക സംഘടനകള്‍’ തമ്മിലുള്ള സംഘഷര്‍ഷത്തിനും ആക്കം കൂട്ടിയിട്ടുമുണ്ട്.

ബിജെപിക്കും ആര്‍എസ്എസിനും സമാന്തരമായി ഹിന്ദു യുവവാഹിനി പ്രവര്‍ത്തിക്കുന്നതിനോടുള്ള അതൃപ്തി ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇതിനകം തന്നെ പരസ്യമായി പ്രകടിപ്പിച്ച് കഴിഞ്ഞു. പക്ഷെ, ഹിന്ദു യുവവാഹിനിക്കാരായ തന്റെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അപ്പുറമുള്ള നടപടികള്‍ സ്വീകരിക്കാന്‍ യുപി മുഖ്യമന്ത്രി തയ്യാറാവേണ്ടിയിരിക്കുന്നു.

ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യയുള്ളതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തന സ്വഭാവത്തെയും നിയമവാഴ്ചയെയും കുറിച്ച് അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം ഹിന്ദു യുവവാഹിനി, പുരോഹിതന്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് മഹാരാജ്ഗഞ്ചിലെ ഒരു പള്ളിയില്‍ നടന്ന പ്രാര്‍ത്ഥന തടസപ്പെടുത്തുകയും മീററ്റില്‍ മുസ്ലീം ദമ്പതികളെ ആക്രമിക്കുകയും ആഗ്രയിലും ഫത്തേപൂര്‍ സിക്രിയിലും പോലീസിന് നേരെ കല്ലെറിയും ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ഒരു ഹിന്ദു-മുസ്ലീം ദമ്പതിമാരെ ഒളിച്ചോടാന്‍ സഹായിച്ചു എന്ന് ആരോപിച്ച് ബുലന്ദ്ഷഹറില്‍ ഗുലാം മുഹമ്മദ് എന്ന 60 വയസുള്ള വൃദ്ധനെ വധിച്ചതില്‍ ഹിന്ദു യുവവാഹിനിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഹിന്ദു യുവ വാഹിനിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായി കേസുകള്‍ എടുക്കുന്ന യുപി പോലീസ് സംഘടന പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താനോ അന്വേഷണം നടത്താനോ മടി കാണിക്കുന്നതിനുള്ള നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ‘മാന്യമായി പെരുമാറണമെന്നും’ അല്ലെങ്കില്‍ അത് ‘ബിജെപിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും’ കഴിഞ്ഞ മാസം നടന്ന ഒരു യോഗത്തില്‍ മുഖ്യമന്ത്രി ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിച്ഛായയെക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചറിയേണ്ടിയിരിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയായതിന്റെ ചിലവിലാണ് ഹിന്ദു യുവവാഹിനി ശിക്ഷാഭയമില്ലാതെ നിയമലംഘനം നടത്തുന്നതെന്ന ആരോപണം ഉയരുമെന്ന വസ്തുതയെങ്കിലും ആദിത്യനാഥിനെ ആശങ്കപ്പെടുത്തേണ്ടിയിരിക്കുന്നു.

യുപിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പദവിയിലേക്കുള്ള ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ഹിന്ദു യുവ വാഹിനിയുടെ രക്ഷാധികാരി എന്ന നിലയില്‍ അദ്ദേഹം നടത്തിയ വിഭാഗീയ പ്രസ്താവനകളായിരുന്നു പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെട്ടത്. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെപ്പോലും രംഗത്തിറക്കാന്‍ തയ്യാറാകാതിരുന്ന ബിജെപി, ഇത്തരം സാമൂഹിക വിരുദ്ധ കാവല്‍ സംഘങ്ങള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും അപമാനിക്കാനും നടത്തുന്ന ശ്രമങ്ങളെ അവഗണിക്കുമെന്ന ഭീതി അന്നേ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെയാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ നടപടികള്‍ സ്വീകരിക്കാനും സ്വീകരിക്കപ്പെടുന്നു എന്നുറപ്പാക്കാനും കൃത്യമായും മുഖ്യമന്ത്രി തയ്യാറാവേണ്ടത്.

ഒരു ഭരണഘടന പദവിക്ക് വ്യക്തമായ ചില ഉത്തരവാദിത്വങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ അക്രമങ്ങള്‍ക്കെതിരായ കുത്തക സര്‍ക്കാരിനാണെന്നും അല്ലാതെ എതെങ്കിലും സര്‍ക്കാരിതര പ്രവര്‍ത്തകര്‍ക്കോ നിരീക്ഷണ സംഘങ്ങള്‍ക്കോ അല്ലെന്നും ഉറപ്പാക്കേണ്ട ചുമതല ആദിത്യനാഥിനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍