UPDATES

ട്രെന്‍ഡിങ്ങ്

യുപി കത്തിക്കൊണ്ടേയിരിക്കുമോ – 2019 വരെ?

അടുത്ത വര്‍ഷം ഏപ്രില്‍-മേയില്‍ നടക്കേണ്ട ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഉത്തര്‍പ്രദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇതൊരു തിരഞ്ഞെടുപ്പിന്‍റെ സൂചനയാണോ എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ചോദിക്കുന്നത്.

യുപിയിലെ കാസ്ഗഞ്ചില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സംഘര്‍ഷം തുടരുന്നു. ബിജെപി – വിഎച്ച്പി പ്രവര്‍ത്തകര്‍ നടത്തിയ റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്തവര്‍ ചില പ്രത്യേക മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറും വെടിവയ്പുമുണ്ടായി. വെടിവയ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം സംസ്കരിച്ച ശേഷം സംഘര്‍ഷം രൂക്ഷമായി. മുസ്ലീംഭൂരിപക്ഷ പ്രദേശത്ത് ചെന്ന് മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എന്നാണ് റിപ്പോര്‍ട്ട്.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിയുടെ വന്‍ വിജയത്തിന് പിന്നില്‍ (71/80) ശക്തമായ വര്‍ഗീയ ധ്രുവീകരണമുണ്ടായിരുന്നു. ഇതിലേക്ക് നയിച്ചത് 2013ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപമാണ്. അടുത്ത വര്‍ഷം ഏപ്രില്‍-മേയില്‍ നടക്കേണ്ട ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഉത്തര്‍പ്രദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇതൊരു തിരഞ്ഞെടുപ്പിന്‍റെ സൂചനയാണോ എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ചോദിക്കുന്നത്. കാസ്ഗഞ്ച് കലാപത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ്‌ കോണ്‍ഗ്രസും എസ് പിയും ആരോപിക്കുന്നത്. പടിഞ്ഞാറന്‍ യുപി കേന്ദ്രീകരിച്ചാണ് ഈ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ ഏറ്റവും ശക്തമായി മുന്നോട്ട് പോകുന്നതെന്നും ശ്രദ്ധേയമാണ്. വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ യോഗി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് തുടര്‍ച്ചയായി വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും.

മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഇപ്പോള്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുകയാണ്. 42 മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 63 പേരുടെ കൊലപാതകത്തിനും 40,000 ത്തില്‍പരം ആളുകള്‍ വീട് വിട്ട് ഒഴിഞ്ഞുപോകുന്നതിനും ഇടയാക്കിയ 2013ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട ഒരു കേസ് പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ബുധാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഉമേഷ് മാലിക്കിനെതിരെ എടുത്തിട്ടുള്ള മറ്റ് എട്ട് കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. മാലിക്കിനെതിരായ കേസുകളില്‍ ബിജ്‌നോറില്‍ നിന്നുള്ള ബിജെപി എംപി ഭര്‍തേന്ദ്ര സിംഗ്, മുന്‍ കേന്ദ്രമന്ത്രിയും മുസഫര്‍നഗറില്‍ നിന്നും ബിജെപി എംപിയുമായ സഞ്ജീവ് ബല്യാന്‍, സ്വാധി പ്രാച്ചി എന്നിവരും പ്രതികളാണ്.

യോഗി പ്രതിയായ കേസ് അടക്കം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു.
1995ലെ കേസാണിത് – നിരോധന ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട്. കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല, ബിജെപി എംഎല്‍എ ശീതള്‍ പാണ്ഡെ തുടങ്ങിയവരടക്കം 10 പേരാണ് കേസിലെ പ്രതികള്‍. ഏത് സര്‍കാരിന്‍റെ കാലത്തും മോശമായി തന്നെ തുടരുന്ന യുപിയിലെ ക്രമസമാധാന നില യോഗി സര്‍ക്കാരിന്‍റെ കാലത്ത് അങ്ങേയറ്റം വഷളായിരിക്കുകയാണ്. യോഗി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ക്രമസമാധാന നില പരിതാപകരമായ അവസ്ഥയിലാണ്.

അഖിലേഷ് യാദവിന്‍റെ സമാജ് വാദി സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്ന പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന് തകര്‍ന്ന ക്രമസമാധാന നിലയായിരുന്നു. സമാജ് വാദി പാര്‍ട്ടിയാണ് പൊലീസ് സ്റ്റേഷന്‍ നടത്തുന്നത് എന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ ഈ വിമര്‍ശനം പ്രധാനമായും ഉന്നയിച്ച ബിജെപി ഭരിക്കുമ്പോള്‍ പഴയതിനേക്കാള്‍ എത്രയോ മോശമായ അവസ്ഥയിലാണ് സംസ്ഥാനത്തിന്‍റെ നില. പൊലീസ് മേധാവി ബിജെപിക്കാരനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടി തിരിച്ചടിക്കുന്നത്.

യോഗി സര്‍ക്കാരിന്‍റെ 11 മാസത്തെ ഭരണ കാലത്ത് 900ല്‍ പരം എന്‍കൌണ്ടറുകള്‍ നടത്തിയാണ് യുപി പൊലീസ് കുപ്രസിദ്ധി നേടിയത്. മുപ്പതില്‍ പരം ആളുകള്‍ ഇത്തരം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആറു മാസങ്ങള്‍ക്കിടയില്‍ 19 പൊലീസ് എന്‍കൗണ്ടറുകള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് 2017 നവംബര്‍ 22 ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നതാണ്. അതിനു ശേഷവും പൊലീസ് ഏറ്റുമുട്ടലുകള്‍ തുടരുകയായിരുന്നു.

യോഗി അധികാരമേറ്റശേഷം 10 മാസത്തിനുള്ളില്‍ യുപിയില്‍ നടന്നത് 921 എന്‍കൗണ്ടറുകള്‍, 33 പേര്‍ കൊല്ലപ്പെട്ടു

യോഗിയുടെ പോലീസിന് ഇനി എന്തും ചെയ്യാം; ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം ഞെട്ടിക്കുന്നത്

2022ഓടുകൂടി ഇന്ത്യ പൂര്‍ണ്ണമായും രാമരാജ്യമാകും: യോഗി ആദിത്യനാഥ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍