UPDATES

കലാപങ്ങളില്‍ മുമ്പന്‍ കേരളമല്ല, ബിജെപി ഭരിക്കുന്ന യുപിയാണ്; ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് നോക്കൂ

ഇത്തരം കണക്കുകളൊക്കെ പുറത്തുവരുമ്പോഴാണ് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുന്നു എന്ന വാദവുമായി ബിജെപി രംഗത്തുള്ളത്

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നു എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരും സംഘപരിവാറും പ്രചാരണം കനപ്പിക്കുന്നതിനിടയില്‍ കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയത്തിന്റേതായി തന്നെ പുറത്തുവരുന്ന മറ്റൊരു കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം ബിജെപി ഭരിക്കുന്ന യുപിയില്‍ ഈ വര്‍ഷം മാത്രം ഇതുവരെ 296 സാമുദായിക കലാപങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം 44 മരണങ്ങളും.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അതായത് രാജ്യത്തെ മുഴുവന്‍ കണക്കിലെടുക്കുമ്പോള്‍ 2016-ല്‍ 703ഉം 2015ല്‍ 751ഉം സാമുദായിക കലാപങ്ങളാണ് ഉണ്ടായിട്ടുള്ളത്. യഥാക്രമം 86-ഉം 97-ഉം മരണങ്ങളാണ് ഇത് മൂലം സംഭവിച്ചിട്ടുള്ളത്. ഇതില്‍ 60 സാമുദായിക കലാപങ്ങള്‍ നടന്ന ഉത്തര്‍പ്രദേശായിരുന്നു ഏറ്റവും മുന്നില്‍. പിന്നാലെ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളും.

ഉത്തര്‍പ്രദേശില്‍ 2015ല്‍ നടന്ന സാമുദായിക കലാപങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ 162 അക്രമസംഭവങ്ങളിലായി 29 പേരാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് ബംഗാളില്‍ സാമുദായിക കലാപം നടന്ന ബഷീര്‍ഘട്ടില്‍ 26 ആക്രമണസംഭവങ്ങളിലായി മൂന്ന് പേരാണ് മരിച്ചത്. 2016ല്‍ മൊത്തം കണക്കുകള്‍ എടുത്താല്‍ 32 സാമുദായിക സംഘര്‍ഷങ്ങളില്‍ നാല് പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.

സാമുദായിക സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതും അന്വേഷിക്കുന്നതും കുറ്റകൃത്യങ്ങളില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതും അതാത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കണക്കുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. അറസ്റ്റ് ചെയ്ത ആളുകളുടെയോ ശിക്ഷിക്കപ്പെട്ടവരുടെയോ ധനസഹായം കിട്ടിയ ഇരകളുടെയോ കണക്കുകള്‍ കേന്ദ്രം സൂക്ഷിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും റിജ്ജു പറയുന്നു.

ഇത്തരം കണക്കുകളൊക്കെ പുറത്തുവരുമ്പോഴാണ് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുന്നു എന്ന വാദവുമായി ബിജെപി ഘടകം രംഗത്തെത്തുന്നതും അതിന് പിന്തുണയുമായി ഉത്തരവാദിത്വപ്പെട്ട കേന്ദ്രമന്ത്രിമാരും സംസ്ഥാന ഗവര്‍ണര്‍ തന്നെ നടപടികള്‍ സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍