UPDATES

ചിദംബരത്തിനും മകന്‍ കാര്‍ത്തിയ്ക്കും എയര്‍സെല്‍ – മാക്‌സിസ് കേസില്‍ ജാമ്യം

ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് ഇരുവരേയും വിട്ടത്.

എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണിത്. ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് ഇരുവരേയും വിട്ടത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കസ്റ്റഡിയ്ക്കും ജാമ്യമില്ലാ വാറണ്ടിനുമെതിരെ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ജാമ്യാപേക്ഷ പി ചിദംബരം പിന്‍വലിച്ചിരുന്നു. ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ് എന്ന എന്‍ഫോഴ്‌സ്‌മെന്റ് വാദത്തെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യം പ്രത്യേകമായി പരിഗണിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഐഎന്‍എക്‌സ് മീഡിയ കേസില്‍ നേരത്തെ ജയിലിലടയ്ക്കപ്പെട്ട കാര്‍ത്തി പിന്നീട് ജാമ്യം നേടിയിരുന്നു.

ചിദംബരം ധനമന്ത്രിയായിരിക്കെ 2006ല്‍ 800 മില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം (ഏതാണ്ട് 57,50,20,00,000 ഇന്ത്യന്‍ രൂപ) അനധികൃതമായി സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാണ് എയര്‍സെല്‍ മാക്‌സിസ് കേസില്‍ ആരോപണം. പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടിയിരുന്നത് എന്നും എന്നാല്‍ ഇതിന് പകരം അനധികൃതമായി ധന മന്ത്രാലയമാണ് അനുമതി നല്‍കിയത് എന്നും സിബിഐ പറയുന്നു.

2006ല്‍ എയര്‍സെല്ലില്‍ 74 ശതമാനം ഓഹരികള്‍ മാക്‌സിസ് ഏറ്റെടുത്തിരുന്നു. 2011ല്‍ എയര്‍സെല്‍ ഉടമ ശിവശങ്കരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് വന്നത്. തന്റെ ഓഹരി മാക്‌സിസിന് വില്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ടായി എന്നാണ് എയര്‍സെല്‍ പറയുന്നത്. മുന്‍ കേന്ദ്ര മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന്‍ എന്നിവര്‍ സണ്‍ ടിവിയില്‍, മാക്‌സിസ് ഗ്രൂപ്പിന്റെ ഓഹരിയുടെ രൂപത്തില്‍ കൈക്കൂലി വാങ്ങിയതായും ശിവശങ്കര്‍ ആരോപിക്കുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത പണത്തട്ടിപ്പ് കേസുമുണ്ട്. മാരന്‍ സഹോദരന്മാര്‍ നിയമവിരുദ്ധമായി 550 കോടി രൂപ നഷ്ടപരിഹാരമെന്ന് പറഞ്ഞ് വാങ്ങിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍