UPDATES

വരാണസിയിലെ വിജയം ചോദ്യം ചെയ്ത് മുന്‍ ജവാന്‍ തേജ് ബഹദൂര്‍ യാദവ്, മോദിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്

മണ്ഡലത്തില്‍ മോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മുന്നോട്ടുവന്നെങ്കിലും നാമനിര്‍ദ്ദേശ പത്രിക തള്ളപ്പെട്ടതിനെ തുടര്‍ന്ന് തേജ് ബഹദൂര്‍ യാദവിന് മത്സരിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.

വാരണാസി ലോക്‌സഭ മണ്ഡലത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബിഎസ്എഫ് മുന്‍ ജവാന്‍ തേജ് ബഹദൂര്‍ യാദവ് നല്‍കിയ ഹര്‍ജിയില്‍ മോദിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്. ഓഗസ്റ്റ് 21നാണ് കേസില്‍ അടുത്ത ഹിയറിംഗ്. ആവശ്യമെങ്കില്‍ മോദി നേരിട്ട് കോടതിയിലെത്തി വിശദീകരണം നല്‍കണം എന്ന് കോടതിക്ക് ആവശ്യപ്പെടാം. മുതിര്‍ന്ന അഭിഭാഷകരായ ശൈലേന്ദ്രയും ധര്‍മ്മേന്ദ്ര സിംഗുമായണ് തേജ് ബഹദൂര്‍ യാദവിന് വേണ്ടി ഹാജരാകുന്നത്.

മണ്ഡലത്തില്‍ മോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മുന്നോട്ടുവന്നെങ്കിലും നാമനിര്‍ദ്ദേശ പത്രിക തള്ളപ്പെട്ടതിനെ തുടര്‍ന്ന് തേജ് ബഹദൂര്‍ യാദവിന് മത്സരിക്കാന്‍ കഴിയാതെ പോവുകയായിരുന്നു. ബി എസ് എഫില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം നാമനിര്‍ദ്ദേശ പത്രികയില്‍ നിന്ന് മറച്ചുവച്ചു എന്ന് പറഞ്ഞാണ് റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയത്. ബിഎസ്എഫില്‍ നിന്ന് പുറത്താക്കിയത് അഴിമതിയോ കൂറില്ലായ്മയോ മൂലമല്ല എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് തേജ് ബഹദൂര്‍ ഹാജരാക്കിയില്ല എന്നാണ് പത്രിക തള്ളാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. അതേസമയം അച്ചടക്ക ലംഘനം ആരോപിച്ചാണ് തേജ് ബഹദൂര്‍ യാദവിനെ ബി എസ് എഫില്‍ നിന്ന് പുറത്താക്കിയത് എന്ന് ഡിസ്മിസ് ഓഡറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് മറ്റെന്തെങ്കിലും രേഖകള്‍ ഹാജരാക്കേണ്ട കാര്യമില്ല എന്ന് തേജ് ബഹദൂര്‍ പറയുന്നു. തന്റെ പത്രിക തള്ളിയതിനെതിരെ തേജ് ബഹദൂര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും മേയ് 9ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് ഈ ഹര്‍ജി തള്ളുകയായിരുന്നു.

നാമനിര്‍ദ്ദേശ പത്രിക തള്ളിയത് വലിയ വിവാദമായിരുന്നു. സേനയില്‍ ജവാന്മാര്‍ക്ക് മോശം ഭക്ഷണമാണ് എന്ന് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത യാദവിനെ പുറത്താക്കിയ നടപടിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. 2017ല്‍ ബിഎസ്എഫിലെ ജവാന്മാരുടെ മോശം സാഹചര്യങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത തേജ് ബഹദൂര്‍ യാദവിനെ കാണാനില്ല എന്ന പരാതിയും ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഭാര്യ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് അതേവര്‍ഷം ഏപ്രിലിലാണ് തേജ് ബഹദൂര്‍ യാദവിനെ ബി എസ് എഫില്‍ നിന്ന് പിരിച്ചുവിട്ടത്. മോദിയെ വിജയം എളുപ്പമാക്കാനാണ് തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത് എന്നാണ് തേജ് ബഹദൂറിന്റെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍