UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

എംബിബിഎസ് അവസാന വര്‍ഷ പൊതുപരീക്ഷ നാഷണല്‍ എക്‌സിറ്റ് ടെക്സ്റ്റ് (NEXT) എന്ന് അറിയപ്പെടും. മെഡിക്കല്‍ പ്രാക്ടീസിനുള്ള ലൈസന്‍സും ഇതായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ സ്ഥാപിക്കുന്ന വിവാദ ബില്ലിന് (National Medical Commission Bill 2019) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം എന്‍എംസിയുടെ പരിശോധനയുടെ കീഴില്‍ വരും. 1956ലെ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് ഇതോടെ അപ്രസക്തമാകും. എംബിബിഎസ് അവസാന വര്‍ഷ പൊതുപരീക്ഷ നാഷണല്‍ എക്‌സിറ്റ് ടെക്സ്റ്റ് (NEXT) എന്ന് അറിയപ്പെടും. ഇതായിരിക്കും പിജി കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. മെഡിക്കല്‍ പ്രാക്ടീസിനുള്ള ലൈസന്‍സും ഇതായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടുന്നവരുടെ സ്ക്രീനിംഗ് ടെസ്റ്റും ഇതായിരിക്കും.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അടക്കമുള്ള എല്ലാ ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നീറ്റും നെക്സ്റ്റും കോമണ്‍ കൗണ്‍സിലിംഗും ബാധകമാകും. നിലവില്‍ നീറ്റും എയിംസ് എന്‍ട്രന്‍സുമാണ് ഉള്ളത്. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും 50 ശതമാനം സീറ്റുകളില്‍ ഫീസ് നിയന്ത്രിക്കുന്നത് കമ്മീഷനായിരിക്കും. സുതാര്യമായ പ്രവേശന നടപടികള്‍ ഉറപ്പാക്കുന്നതിനും ഫീസ് കുറയ്ക്കുന്നതിനും സഹായകമായ നടപടികളാണ് സ്വകരിച്ചിരിക്കുന്നത് എന്ന് പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു.

എന്‍എംസിക്ക് സ്വയംഭരണാവകാശമുള്ള നാല് ബോര്‍ഡുകളുണ്ടാകും. അണ്ടര്‍ ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ബോര്‍ഡ്, പോസ്റ്റ് ഗ്രാജുവേഷന്‍ മെഡിക്കല്‍ എജുക്കേഷന്‍ ബോര്‍ഡ്, മെഡിക്കല്‍ അസസ്‌മെന്റ് റേറ്റിംഗ് ബോര്‍ഡ്, എത്തിക്‌സ് ആന്‍ഡ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ബോര്‍ഡ് എന്നിവ. അതേസമയം മെഡിക്കല്‍ കൗണ്‍സിലിന് പകരം മെഡിക്കല്‍ കമ്മീഷനെ കൊണ്ടുവരുന്നത് പുതിയ തരം അഴിമതികള്‍ക്ക് കളമൊരുക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മുന്നറിയിപ്പ് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍