UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെലങ്കാന മുഖ്യമന്ത്രിയുടെ പട്ടി ചത്തു, മൃഗ ഡോക്ടര്‍ക്കെതിരെ കേസ്

വളര്‍ത്തുപട്ടികളുടെ കാര്യങ്ങള്‍ നോക്കുന്ന ആസിഫ് അലി ഖാന്‍ എന്ന സഹായിയുടെ പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പട്ടി ചത്തതില്‍ മെഡിക്കല്‍ നെഗ്ലിജിയന്‍സ് ആരോപിച്ച് മൃഗ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഡോക്ടര്‍ ഇന്‍ജെക്ഷന്‍ നല്‍കിയതിന് പിന്നാലെയാണ് 11 മാസം പ്രായമുള്ള ഹസ്‌കി എന്ന പട്ടി ചത്തത് എന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ വീട്ടില്‍ വളര്‍ത്തുപട്ടികളുടെ കാര്യങ്ങള്‍ നോക്കുന്ന ആസിഫ് അലി ഖാന്‍ എന്ന സഹായിയുടെ പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം ഡോക്ടര്‍ക്കെതിരെ കേസെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ നിഷ്‌ക്രിയതയും അലംഭാവവും മൂലം ഡെങ്കിപ്പനിയില്‍ മനുഷ്യന്മാര്‍ മരിക്കുമ്പോളാണ് ഇത് എന്ന് ബിജെപി വക്താവ് കൃഷ്ണസാഗര്‍ പറഞ്ഞു. പട്ടികളോടുള്ള സ്‌നേഹത്തിന്റെ പകുതിയെങ്കിലും മുഖ്യമന്ത്രി മനുഷ്യന്മാരോട് കാണിച്ചാല്‍ നന്നായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഇത്രയും കുട്ടികള്‍ ഡെങ്കിപ്പനി മൂലം മരിക്കുമായിരുന്നില്ല – കൃഷ്ണസാഗര്‍ പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടെ മൂവായിരത്തിലധികം ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിയാണ് മരണകാരണം എന്ന് ഹോസ്പിറ്റലുകള്‍ പറയുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി ഇക്കാര്യം സ്ഥിരീകരിച്ചാല്‍ മാത്രമേ അംഗീകരിക്കൂ എന്നാണ് ആരോഗ്യ മന്ത്രി എടേല രജീന്ദര്‍ പറഞ്ഞത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെല്ലാം തന്നെ പനി കേസുകളുമായി നിറഞ്ഞിരിക്കുകയാണ്. വൈറല്‍ ഫീവര്‍ അടക്കമുള്ള മറ്റ് പനികളും സംസ്ഥാനത്ത് വ്യാപകമാണ്. സംസ്ഥാനത്തെ അടിയന്തര സാഹചര്യം അംഗീകരിക്കാന്‍ തയ്യാറാകണം എന്ന് കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍