UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡിടിവി ഉടമകള്‍ പ്രണോയ് റോയിയ്ക്കും രാധിക റോയിക്കുമെതിരെ സിബിഐ കേസ്; വിദേശ നിക്ഷേപ ചട്ടം ലംഘിച്ചെന്ന് ആരോപണം

എന്‍ഡിടിവി മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

നേരിട്ടുള്ള വിദേശനിക്ഷേപം (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്) സ്വീകരിക്കുന്നത് സംബന്ധിച്ച് ചട്ട ലംഘനം നടത്തിയതായി ആരോപിച്ച് എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയിയ്ക്കും രാധിക റോയിയ്ക്കുമെതിരെ സിബിഐ കേസെടുത്തു. കഴിഞ്ഞയാഴ്ച ഇരുവരേയും എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ മുംബയ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവയ്ക്കുകയും വിദേശയാത്ര തടയുകയും ചെയ്തിരുന്നു. എന്‍ഡിടിവി മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

നികുതി വെട്ടിപ്പ് നടത്തുകയും അനധികൃതമായി വിദേശ ഫണ്ട് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുകയും ചെയ്തു എന്നാണ് കേസ്. ജൂണില്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) രണ്ട് വര്‍ഷത്തേയ്ക്ക് പ്രണോയിയും രാധികയും കമ്പനിയുടെ (ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്) ഓഹരികള്‍ വഹിക്കുന്നതിനും ബോര്‍ഡിലോ മാനേജ്‌മെന്റ് തലത്തിലോ സ്ഥാനം വഹിക്കുന്നതും വിലക്കിയിരുന്നു. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് കേസ് വന്നത്. ഐസിഐസിഐയില്‍ നിന്നും വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നുമായി കമ്പനി ലോണെടുത്തിരുന്നു.

യാതൊരു തെളിവുമില്ലാതെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലുള്ളതാണ് കേസ് എന്ന് എന്‍ഡിടിവി ആരോപിച്ചു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും പ്രണോയിയും രാധികയും സഹകരിച്ചിട്ടുണ്ട് എന്ന് എന്‍ഡിടിവി പ്രസ്താവനയില്‍ പറയുന്നു. 150 മില്യണ്‍ ഡോളര്‍ (1071 കോടിയിലധികം ഇന്ത്യന്‍ രൂപ) നിക്ഷേപം, ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ എന്‍ബിസിയു നടത്തിയതുമായി ബന്ധപ്പെട്ടതാണ് പുതിയ സിബിഐ കേസ്. ഇത് എല്ലാ നിയമ നടപടിക്രമങ്ങളും പാലിച്ചുള്ള നിക്ഷേപമാണ് എന്ന് എന്‍ഡിടിവി വാദിക്കുന്നു.

ഇന്ത്യയിലെ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട് എന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തോടുള്ള പ്രതിബദ്ധതയില്‍ നിന്ന് പിന്നോട്ടില്ലെന്നും എന്‍ഡിടിവി പറയുന്നു. ഇത് എന്‍ഡിടിവിക്ക് മാത്രം എതിരെയുള്ള ആക്രമണമല്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ് എന്നും എന്‍ഡിടി പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രണോയ് റോയിയുടേയും രാധിക റോയിയുടേയും വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയത് വലിയ വിവാദമായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന് ആരോപിച്ച് മാധ്യമ മേഖലയില്‍ നിന്ന് പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍