UPDATES

യുപിയില്‍ ഒരു സ്ത്രീ ബിജെപി നേതാവിനെതിരെ പരാതി നല്‍കിയാല്‍ രക്ഷയില്ല; സ്വാമി ചിന്മയാനന്ദിനെതിരായ ലൈംഗിക പീഡന പരാതി മറ്റൊരു ഉന്നാവോ: പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശില്‍ ഒരു സ്ത്രീ ബിജെപി നേതാവിനെതിരെ പരാതി നല്‍കിയാല്‍ അവര്‍ സുരക്ഷ ഉറപ്പാക്കില്ല. അവര്‍ക്ക് നീതി കിട്ടില്ല.

ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ഉയര്‍ന്നിരുന്ന ബലാത്സംഗ, തട്ടിക്കൊണ്ടുപോകല്‍ പരാതികളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയുടെ മറ്റൊരു ഉന്നാവോ ആണ് ഇതെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സര്‍ക്കാരിനേയും കടന്നാക്രമിച്ചുകൊണ്ടാണ് പ്രിയങ്കയുടെ ട്വീറ്റ്.

ഉത്തര്‍പ്രദേശില്‍ ഒരു സ്ത്രീ ബിജെപി നേതാവിനെതിരെ പരാതി നല്‍കിയാല്‍ അവര്‍ സുരക്ഷ ഉറപ്പാക്കില്ല. അവര്‍ക്ക് നീതി കിട്ടില്ല. ഉന്നാവോ കേസിന്റെ ആവര്‍ത്തനമാണ് യുപിയില്‍ നടക്കുന്നത്. ‘EnoughIsEnough’ എന്ന ഇംഗ്ലീഷ് ഹാഷ് ടാഗുമായി ഹിന്ദിയിലാണ് പ്രിയങ്കയുടെ ട്വീറ്റ്. നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചയാളാണ് ചിന്മയാനന്ദ് എന്നും യോഗിയും മോദിയും ഇടപെട്ട് സഹായിക്കണമെന്നും പെണ്‍കുട്ടി വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. ചിന്മയാനന്ദ് അടക്കം ആരുടേയും പേര് പറഞ്ഞിരുന്നില്ലെങ്കിലും ആരെക്കുറിച്ചാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകുന്ന തരത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്.

ഷാജഹാന്‍പൂരിലെ സുഖ്‌ദേവ് ആനന്ദ് കോളേജില്‍ പഠിക്കുന്ന 23കാരിയായ നിയമ വിദ്യാര്‍ത്ഥിനിയായാണ് നിരവധി പെണ്‍കുട്ടികളെ കോളേജ് മാനേജ്‌മെന്റ് പ്രസിഡന്റ് ആയ ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായിക്കണമെന്നും പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയെ കാണാതായി. ചിന്മയാനന്ദ് ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പിതാവ് പരാതി നല്‍കിയിട്ടുണ്ട്.

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ അടക്കമുള്ളവര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 2017ല്‍ 17കാരിയായ പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ കുല്‍ദീപ് സെന്‍ഗര്‍ നിലവില്‍ ജയിലിലാണ്. കഴിഞ്ഞ മാസം പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും അഡ്വക്കേറ്റിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍