UPDATES

ട്രെന്‍ഡിങ്ങ്

അഴിമതിക്ക് മോദി സര്‍ക്കാരിന്റെ പച്ചക്കൊടി; വിജിലന്‍സ് കമ്മീഷന് ലഭിക്കുന്ന പരാതികള്‍ കുത്തനെ കുറഞ്ഞു

റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആറ് അന്വേഷണങ്ങള്‍ നടത്തി നല്‍കിയ ശുപാര്‍ശകള്‍ പാലിക്കാന്‍ റെയില്‍വേ മന്ത്രാലയം വിസമ്മതിച്ചു. വ്യോമയാന മന്ത്രാലയവും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കേന്ദ്ര വിജിലന്‍സ് കമ്മീഷന് ലഭിച്ച പരാതികളില്‍ നാടകീയമായ കുറവ്. അഴിമതി തടയാനാവശ്യമായ നടപടികള്‍ എടുക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തയ്യാറാവാത്തതാണ് പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്. 2016ല്‍ 50,000 പരാതികള്‍ ലഭിച്ചിരുന്നു. എന്നാലിത് 2017ല്‍ എത്തിയപ്പോള്‍ 23,609 ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഒരേ വിഷയവുമായി ബന്ധപ്പെട്ട ഇരട്ട പരാതികള്‍ കുറഞ്ഞതും, കമ്മീഷന്റെ മികച്ച ഇടപെടലുകളുമാണ് പരാതികള്‍ കുറയാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നിരുന്നാലും, വിജിലന്‍സ് കമ്മീഷന്റെ കാര്യപ്രാപ്തിയിലും അന്വേഷണത്തിന്റെ നിലവാരത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതിനെ കുറിച്ച് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്ന് വിസില്‍ ബ്ലോവേഴ്‌സും പൊതുപ്രവര്‍ത്തകരും പറയുന്നു. 2011ലെ യഥാര്‍ത്ഥ വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ആക്ട് നടപ്പിലാക്കുകയും, ലോക്പാലിനെ നിയമിക്കുകയും, അഴിമതിവിരുദ്ധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റ് നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും അവര്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു.

2017-ല്‍ 26,052 പരാതികളാണ് ഏജന്‍സി കൈകാര്യം ചെയ്തതെന്നും, ഇതില്‍ 2,443 കേസുകള്‍ 2016-ലേതാണെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 22,386 പരാതികളാണ് തീര്‍പ്പാക്കപ്പെട്ടത്. 2017 അവസാനത്തോടെ 3,666 പരാതികള്‍ നിലവിലുണ്ട്. ഇതില്‍ 22,386 പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും 3,666 പരാതികളില്‍ നടപടികളെടുക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമില്ലാത്തതിന്റെ കാരണത്തെകുറിച്ചും സിവിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു പരാതി ലഭിച്ചു കഴിഞ്ഞാല്‍, ആദ്യം ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടും. നടപടിക്രമമനുസരിച്ച് മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷനിലേക്ക് അയയ്ക്കണം. എന്നിരുന്നാലും ഭൂരിപക്ഷം കേസുകളിലും റിപ്പോര്‍ട്ടുകള്‍ അന്തിമമായി സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘അന്വേഷണത്തിന്റെ ഗുണനിലവാരം കുറഞ്ഞു വരുന്നത് നമ്മള്‍ സ്ഥിരമായി കാണുന്നതാണ്. പ്രാഥമിക അന്വേഷണവും റെയ്ഡുകളുമെല്ലാം കൊട്ടിഘോഷിച്ച് നടത്തും. എന്നാല്‍, ചാര്‍ജ് ഷീറ്റും തുടര്‍ നടപടിക്രമങ്ങളുമെല്ലാം ദുര്‍ബലമായിരിക്കും. ടു ജി സ്‌പെക്ട്രം അഴിമതിയില്‍ നമ്മള്‍ കാണുന്നതിതാണെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില വകുപ്പുകള്‍ സിവിസിയുടെ നിര്‍ദേശങ്ങള്‍ കാര്യമായി പരിഗണിച്ചില്ലെന്നും വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആറ് അന്വേഷണങ്ങള്‍ നടത്തി നല്‍കിയ ശുപാര്‍ശകള്‍ പാലിക്കാന്‍ റെയില്‍വേ മന്ത്രാലയം വിസമ്മതിച്ചു. വ്യോമയാന മന്ത്രാലയവും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മകനെ ട്രെയിനി പൈലറ്റ് ആയി നിയമിച്ച എയര്‍ ഇന്ത്യയുടെ മുന്‍ ചെയര്‍മാനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും നടപടി സ്വീകരിക്കാതെ 2016ല്‍ അദ്ദേഹത്തെ വിരമിക്കാന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍