UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ സുപ്രീം കോടതി മുന്‍ ജീവനക്കാരിക്കെതിരായ വഞ്ചനാ കേസ് നടപടികള്‍ അവസാനിപ്പിച്ചു

ഡല്‍ഹി പൊലീസിന്റെ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ സുപ്രീം കോടതി മുന്‍ ജീവനക്കാരിക്കെതിരായ വഞ്ചനാ കേസ് നടപടികള്‍ ഡല്‍ഹി കോടതി അവസാനിപ്പിച്ചു. ഡല്‍ഹി പൊലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ നടപടികളില്‍ താല്‍പര്യമില്ലെന്ന് പരാതിക്കാരനായ നവീന്‍ കുമാര്‍ അറിയിച്ചിതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഡല്‍ഹി പൊലീസിന്റെ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ഏപ്രിലിലാണ് ചീഫ് ജസ്റ്റിസിനെതിരെ വനിതാ ജീവനക്കാരി പരാതി നല്‍കിയത്. അതേസമയം സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റി മേയില്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കി. ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയില്‍ യാതൊരു കഴമ്പുമില്ല എന്നായിരുന്നു ഇന്‍ഹൗസ് കമ്മിറ്റിയുടെ കണ്ടെത്തല്‍.

സെപ്റ്റംബര്‍ 16ന് പരാതിക്കാരനായ നവീന്‍ കുമാര്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു. പൊലീസ് അന്വേഷണത്തില്‍ തൃപ്തനാണ് എന്ന് നവീന്‍ കുമാര്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് 50,000 രൂപ കൈക്കൂലി വാങ്ങി വഞ്ചിച്ചു എന്നായിരുന്നു പരാതി. ജീവനക്കാരിയെ സുപ്രീം കോടതിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ തനിക്കും കുടുംബത്തിനുമെതിരെ പ്രതികാര നടപടിയുണ്ടാകുന്നു എന്ന് ജീവനക്കാരി ആരോപിച്ചിരുന്നു.

കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ഏതെങ്കിലും സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി അല്ല എന്ന് നവീന്‍ കുമാര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇതെന്റെ വ്യക്തിപരമായ തീരുമാനമാണ്. ആരും ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നും നവീന്‍ കുമാര്‍ പറഞ്ഞു.

പരാതിക്കാരിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ക്ലോഷര്‍ റിപ്പോര്‍ട്ടിനെപ്പറ്റി അറിയില്ലെന്നാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് പ്രതികരിച്ചത്. ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ കോടതി തള്ളിയത് മാത്രമറിയാമെന്ന് പരാതിക്കാരുടെ ഭര്‍ത്താവ് പറഞ്ഞു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പരാതിക്കാരിയ്‌ക്കെതിരായ എഫ്‌ഐആറിലുണ്ടായിരുന്നത്. ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നവീന്‍ കുമാറിന്റെ പരാതി പ്രകാരം മാര്‍ച്ച് മൂന്നിനാണ് എഫ്‌ഐആര്‍ ഇട്ടത്.

മാര്‍ച്ച് 10ന് പരാതിക്കാരിയെ ജയിലിലാക്കിയിരുന്നു. മാര്‍ച്ച് 12ന് ജാമ്യം ലഭിച്ചു. മാര്‍ച്ച് 14ന് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സുപ്രീം കോടതി ജീവനക്കാരിയും അവരുമായി ബന്ധപ്പെട്ടവരും തന്നെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് നവീന്‍ കുമാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍